തണല്‍മരങ്ങളുടെ തണലില്‍: വാക്കിനപ്പുറമുള്ള അച്ഛന്‍ സ്‌നേഹം...

JUNE 19, 2026, 9:42 PM

ഒരു കുടുംബത്തിന്റെ നട്ടെല്ലാണ് അച്ഛന്‍ എന്ന് പറയാറുണ്ട്. എന്നാല്‍ അതിനുമപ്പുറം, പുറത്തുപറയാത്ത ആകുലതകളുടെയും ഒടുങ്ങാത്ത അധ്വാനത്തിന്റെയും മറ്റൊരു പേരാണ് 'അച്ഛന്‍'. അമ്മയുടെ സ്‌നേഹം നമ്മള്‍ എപ്പോഴും തൊട്ടറിയുമ്പോള്‍, അച്ഛന്റെ സ്‌നേഹം പലപ്പോഴും ഒരു കാവല്‍ക്കാരനെപ്പോലെ നമുക്ക് ചുറ്റും നിശബ്ദമായി നിലകൊള്ളുന്നു. മറ്റൊരു ഫാദേഴ്സ് ഡേ കൂടി കടന്നുവരുമ്പോള്‍, ആ തണല്‍മരങ്ങളെക്കുറിച്ചുള്ള ചില ചിന്തകള്‍.

കരുത്തിന്റെ മുഖം, ഉള്ളില്‍ ഈര്‍പ്പം

നമ്മുടെ സമൂഹത്തില്‍ അച്ഛന്‍ എപ്പോഴും കരുത്തിന്റെ പ്രതീകമാണ്. വികാരങ്ങള്‍ അധികം പ്രകടിപ്പിക്കാത്ത, വീഴ്ചകളില്‍ പതറാത്ത ഒരാള്‍. എന്നാല്‍ ഈ കാഠിന്യത്തിന് പിന്നില്‍ മക്കളെക്കുറിച്ചുള്ള വലിയ ആശങ്കകളുണ്ടെന്ന് പലരും തിരിച്ചറിയാറില്ല. സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെച്ച്, മക്കളുടെ പഠനത്തിനും അവരുടെ ഭാവിക്കും വേണ്ടി ഓടുന്ന അച്ഛന്‍മാര്‍. പുതിയ വസ്ത്രങ്ങളോ ആഡംബരങ്ങളോ അവര്‍ പലപ്പോഴും സ്വന്തം ലിസ്റ്റില്‍ ഉള്‍പ്പെടുത്താറില്ല.

'അമ്മയോട് ചോദിക്ക്' എന്ന് പറയുന്ന അച്ഛന്റെ വാക്കിന് പിന്നില്‍, മക്കളുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനുള്ള തത്രപ്പാടുകളുണ്ടാകും.

കാലം മാറുന്നു, അച്ഛന്‍മാരും!

പഴയ തലമുറയിലെ അച്ഛന്‍മാരില്‍ നിന്നും ഇന്നത്തെ തലമുറയിലേക്ക് എത്തുമ്പോള്‍ വലിയ മാറ്റങ്ങളാണ് കാണാന്‍ കഴിയുന്നത്. ഒരുകാലത്ത് പേടിയോടെ മാത്രം നോക്കിക്കണ്ടിരുന്ന അച്ഛന്‍ എന്ന സ്ഥാനം ഇന്ന് കൂടുതല്‍ സൗഹൃദപൂര്‍വ്വമായി മാറിയിരിക്കുന്നു. ഇന്ന് കുഞ്ഞുങ്ങളെ താരാട്ടുപാടാനും ഉറക്കാനും, അവരുടെ ഓണ്‍ലൈന്‍ ക്ലാസുകളിലും കളികളിലും പങ്കാളികളാകാനും അച്ഛന്‍മാര്‍ മുന്നിലുണ്ട്. 'ഫാദര്‍ഹുഡ്' ഇന്ന് കൂടുതല്‍ മനോഹരമായ ഒരു അനുഭവമായി മാറിയിരിക്കുന്നു.

ഓര്‍മ്മകളുടെ തണല്‍ മരം; വിശ്രമ ജീവിതത്തിലെ അച്ഛന്‍ വഴികള്‍

ജീവിതത്തിന്റെ തിരക്കുപിടിച്ച വഴികളില്‍ നിന്നും ഔദ്യോഗിക പദവികളില്‍ നിന്നും പടിയിറങ്ങി, വിശ്രമ ജീവിതത്തിന്റെ സുഖമുള്ള തണലില്‍ ഇരിക്കുന്ന അച്ഛന്‍മാരെ ഓര്‍ക്കാന്‍ ഈ ഫാദേഴ്‌സ് ഡേയില്‍ ഒരു പ്രത്യേക കാരണമുണ്ട്. ഒരു കാലത്ത് കുടുംബത്തിന്റെ ഭാരമത്രയും ചുമലിലേറ്റി, ഉത്തരവാദിത്തങ്ങളുടെ ഓട്ടപ്പന്തയത്തിലായിരുന്ന അവര്‍ ഇന്ന് ശാന്തമായ ഒരു തീരത്താണ്. സര്‍വീസില്‍ നിന്നും വിരമിച്ച പിതാക്കന്‍മാരുടെ മക്കളോടൊപ്പമുള്ള പുതിയ ജീവിതവും അവരുടെ ചെറിയ ആസ്വാദനങ്ങളും ഇന്നത്തെ ദിവസത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.

പദവികളില്‍ നിന്ന് പടിയിറങ്ങുമ്പോള്‍; അച്ഛന്റെ രണ്ടാം ഇന്നിംഗ്‌സ്

ഓഫീസ് ഫയലുകള്‍ക്കും ടൈംടേബിളുകള്‍ക്കും കച്ചവടത്തിരക്കുകള്‍ക്കും നടുവില്‍ നിന്നും പെട്ടെന്നൊരു ദിവസം വീട്ടിലെ സ്വീകരണ മുറിയിലെ ഈസിചെയറിലേക്ക് ചുരുങ്ങുമ്പോള്‍ ഏതൊരു അച്ഛനും ആദ്യമൊന്ന് പതറും. എന്നാല്‍ ആ വിരമിക്കല്‍ കാലത്തെ തങ്ങളുടെ 'രണ്ടാം ഇന്നിംഗ്‌സ്' ആക്കി മാറ്റിയവരാണ് ഇന്നത്തെ ഭൂരിഭാഗം പിതാക്കന്‍മാരും. രാവിലെ ചായക്കൊപ്പം പത്രം അരിച്ചുപെറുക്കി വായിക്കുന്നതിലും, സമകാലിക രാഷ്ട്രീയ-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിലുമാണ് പലരും സന്തോഷം കണ്ടെത്തുന്നത്.

ഔദ്യോഗിക ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാതെ പോയ കൃഷിയിലേക്കും പൂന്തോട്ട നിര്‍മ്മാണത്തിലേക്കും തിരിഞ്ഞവര്‍ ഏറെയാണ്. ടെറസിലെ പച്ചക്കറിത്തോട്ടവും മുറ്റത്തെ പൂച്ചെടികളും ഇന്ന് അവരുടെ പുതിയ കൂട്ടുകാരാണ്. സ്‌കൂള്‍-കോളജ് കാലത്തെ കൂട്ടുകാരെ കണ്ടെത്തി വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കാനും വിരമിച്ച സഹപ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍ സജീവമാകാനും അവര്‍ സമയം കണ്ടെത്തുന്നു.

പേരക്കുട്ടികളുടെ 'ബെസ്റ്റ് ഫ്രണ്ട്'

അച്ഛന്‍ എന്ന പദവിയില്‍ നിന്നും 'മുത്തശ്ശന്‍' എന്ന സ്ഥാനത്തേക്ക് മാറുമ്പോഴാണ് പല പുരുഷന്‍മാരും കൂടുതല്‍ സൗമ്യരും ആര്‍ദ്രരുമാകുന്നത്. സ്വന്തം മക്കളെ വളര്‍ത്തുന്ന തിരക്കില്‍ ആസ്വദിക്കാന്‍ വിട്ടുപോയ പലതും അവര്‍ ഇന്ന് പേരക്കുട്ടികളിലൂടെ തിരിച്ചുപിടിക്കുന്നു. മക്കളെ വളര്‍ത്തുമ്പോള്‍ എപ്പോഴും അച്ചടക്കവും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായിരിക്കും മനസില്‍. എന്നാല്‍ പേരക്കുട്ടികളിലേക്ക് എത്തുമ്പോള്‍ ആ ഭാരമില്ല. അവരോടൊപ്പം കളിക്കാനും കഥകള്‍ പറഞ്ഞുകൊടുക്കാനും നടക്കാന്‍ പോകാനും കിട്ടുന്ന സമയം തരുന്ന സന്തോഷം മറ്റൊന്നിനുമില്ല എന്നതാണ് സത്യം.

മാറിയ കാലത്തെ സാങ്കേതികവിദ്യകള്‍ അതായത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍, യൂട്യൂബ് ചാനലുകള്‍ പേരക്കുട്ടികളില്‍ നിന്നും ചോദിച്ച് മനസ്സിലാക്കി പഠിക്കുന്ന 'ന്യൂ ജനറേഷന്‍' അച്ഛന്‍മാരെയും ഇന്ന് നമുക്ക് ചുറ്റും കാണാം.

മക്കള്‍ തിരിച്ചറിയേണ്ടത്...

വിരമിച്ച ശേഷമുള്ള ജീവിതത്തില്‍ അച്ഛന്‍മാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിധ്യവും അല്പം പരിഗണനയുമാണ്. ഒരേ മേല്‍ക്കൂരയ്ക്ക് കീഴിലാണെങ്കില്‍ പോലും പലപ്പോഴും മൊബൈല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്ന മക്കള്‍ അച്ഛനോട് വിശേഷങ്ങള്‍ ചോദിക്കാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കുടുംബത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഇപ്പോഴും അച്ഛന്റെ അനുഭവ സമ്പത്തിനെ കൂട്ടുപിടിക്കുക. അത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആരോഗ്യം അനുവദിക്കുന്നതിന് അനുസരിച്ച് അവരെ ചെറിയ യാത്രകള്‍ക്ക് കൊണ്ടുപോകാം. അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലോ സുഹൃത്തുക്കളുടെ വീടുകളിലോ എത്തിക്കാം.

പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെക്കാള്‍ അവരെ അലട്ടുന്നത് ഒറ്റപ്പെടലാകാം. ഒരു ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ കൂടെ ചെല്ലുന്ന മകനോ മകളോ ആണ് അവരുടെ ഏറ്റവും വലിയ ബലം. വാര്‍ധക്യത്തിലെ തണല്‍ മക്കള്‍ നല്‍കേണ്ടതാണ്. മക്കള്‍ വളര്‍ന്ന് വലിയ നിലകളില്‍ എത്തുമ്പോള്‍ പലപ്പോഴും ആ പഴയ തണല്‍മരങ്ങള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. ചെറുപ്പത്തില്‍ വിരല്‍ത്തുമ്പില്‍ പിടിച്ച് ലോകം കാണിച്ചുതന്ന ആ കൈകള്‍ക്ക്, അവരുടെ വാര്‍ധക്യത്തില്‍ ഒരു താങ്ങാകാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കൂടിയാണിത്.

തന്റെ യൗവനവും അധ്വാനവും മുഴുവന്‍ മക്കളുടെ നല്ല ഭാവിക്കായി ഹോമിച്ചവരാണ് ഓരോ അച്ഛനും. ഉത്തരവാദിത്തങ്ങളുടെ ഔദ്യോഗിക കുപ്പായങ്ങള്‍ അഴിച്ചുവെച്ച്, ജീവിതത്തിന്റെ സായന്തനത്തില്‍ നില്‍ക്കുന്ന അച്ഛന്‍മാര്‍ക്ക് സ്‌നേഹവും സുരക്ഷിതത്വവും നിറഞ്ഞ ഒരു അന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്നതാണ് ഈ ഫാദേഴ്‌സ് ഡേയില്‍ മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

എല്ലാ പിതാക്കന്‍മാര്‍ക്കും ലോക പിതൃദിനാശംസകള്‍! 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam