തെരഞ്ഞെടുപ്പ് കാലത്ത് പോലീസിന് അധിക വിഷം

APRIL 1, 2026, 2:05 PM

വിവേകവും മര്യാദയും നിയമത്തോടുള്ള പ്രതിബദ്ധതയും തെരഞ്ഞെടുപ്പ് കാലത്തെങ്കിലും പാലിക്കാനുള്ള ബാധ്യത കേരളാ പോലീസിനില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖ ഭാഗങ്ങൾ രാജ്യത്ത് പ്രക്ഷേപണം ചെയ്യുന്നതിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കു പിന്നിലെ കേരളാ പോലീസിന്റെ ഇടപെടൽ സാധാരണ ജനങ്ങളെ അങ്ങേയറ്റം അമ്പരപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് അഭിമുഖം ഫെയ്‌സ്ബുക്കിൽ പുനഃസ്ഥാപിച്ചതോടെ വിഷയത്തിൽ പോലീസ് അപഹാസ്യമായെങ്കിലും വോട്ടിനായുള്ള പരക്കംപാച്ചിലിൽ ഭരണ നേതൃത്വം അതൊന്നും കണ്ട മട്ടില്ല. പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യാൻ മാത്രം എന്ത് അതിരുവിട്ട ഉള്ളടക്കമാണ് അതിലുള്ളതെന്ന് വിശദീകരിക്കാൻ പോലീസ് തയാറായില്ല. പോലീസ് നൽകിയ ശിപാർശ കണ്ണുമടച്ച് പൊടുന്നനെ അനുസരിക്കുകയും അനന്തര നടപടിയെടുക്കുകയും ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധോദയമുണ്ടായത്.

നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ സ്വീകരിക്കുന്ന ഒരുകൂട്ടം ക്രമരഹിത സംഭവങ്ങളുടെ പരമ്പരയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, പ്രത്യേകിച്ചും കേരളത്തിലുണ്ടായിട്ടുള്ളത്. ഇത് ഒറ്റപ്പെട്ടതോ ആകസ്മികമായതോ ആയ സംഭവമാണെന്ന് കരുതുക വയ്യ. നിഷ്പക്ഷവും അങ്ങേയറ്റം നീതിപൂർവകവുമായാണ് എക്‌സിക്യൂട്ടീവ്, വിശിഷ്യ തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറേണ്ടതെന്ന കാര്യം ചർച്ചകളിൽ എല്ലാവരും സമ്മതിക്കും. കടുകു മണിയോളംപോലും പക്ഷപാതപരമായ ഇടപെടൽ നടത്തുന്നത് ജനാധിപത്യത്തെ, ജനഹിതത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. എന്നാൽ, അത്തരം അപകടകരമായ ദുഷ്‌ചെയ്തികൾ തുടരാൻ പോലീസിനു മടിയില്ല.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവിന്റെ അഭിമുഖത്തിനുമുമ്പ്, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഒക്കെ അഭിമുഖങ്ങൾ പല ചാനലുകളും യൂട്യൂബ് ചാനലുകളും സംപ്രേഷണം ചെയ്തിരുന്നു. അതൊക്കെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അതിലൊന്നും കാണാത്ത എന്ത് അപരാധമാണ്, നിയമവിരുദ്ധതയാണ്, ഗൂഢാലോചനയാണ് പ്രതിപക്ഷ നേതാവിന്റെ അഭിമുഖത്തിൽ പോലീസ് കണ്ടെത്തിക്കളഞ്ഞതെന്ന കാര്യം ഇപ്പോഴും രഹസ്യം.

അഭിമുഖത്തിനു സംഭവിച്ച അപ്രഖ്യാപിത സെൻസർഷിപ്പിനെക്കുറിച്ച് നിശ്ചയമായും ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. വോട്ടർമാർക്ക് അത് അറിയാനുള്ള അവകാശമുണ്ട്. നിയമവിരുദ്ധമായ, മതസ്പർധയുണ്ടാക്കുന്ന, കലാപാഹ്വാനം നടത്തുന്ന വല്ല പരാമർശവും ആ അഭിമുഖത്തിൽ കണ്ടെത്താനുള്ള ജനങ്ങളുടെ അധ്വാനവും വെറുതെയായി. ഇതൊക്കെ വിലയിരുത്തുന്ന ഉത്തരവാദപ്പെട്ടവരുടെ പൊട്ടത്തരം ഓർത്ത് മനസിൽ പരിഹസിക്കുന്നു വിവേകമുള്ള കേരളം. തന്റെ ഇന്റർവ്യൂ വീഡിയോ നീക്കം ചെയ്യാൻ പോലീസിന് എന്ത് അവകാശമാണുള്ളതെന്ന് വി.ഡി സതീശൻ ചോദിച്ചു. അഞ്ചു ദിവസത്തിനു ശേമാണ് അഭിമുഖം ഫെയ്‌സ്ബുക്കിൽ പുനഃസ്ഥാപിച്ചത്.

മലയാള മനോരമയുടെ എഫ്ബി പേജിൽ നിന്നാണ് വീഡിയോ മെറ്റ ഒഴിവാക്കിയിരുന്നത്. 
ഫേസ്ബുക്കിന്റെ മാർഗനിർദേശങ്ങളുടെ ലംഘനം, ഐ.ടി നിയമം ഉൾപ്പെടെയുള്ള നിയമങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള ലംഘനം എന്നിവ ആരോപിക്കാവുന്ന ഒരു ഉള്ളടക്കമെങ്കിലും പ്രതിപക്ഷ നേതാവിന്റെ അഭിമുഖത്തിലുണ്ടായിരുന്നോ എന്ന് പോലിസ് വ്യക്തമാക്കിയില്ല. കാരണം, തങ്ങളുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഉൾപ്പെട്ടതിനാലല്ല അഭിമുഖം നീക്കിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോൾ ആരുടെ ഇടപെടലിലാണ് പോലീസ് ഇത്തരമൊരു നീക്കം നടത്തിയതെന്ന കാര്യം വ്യക്തം. അത് നിഷ്പക്ഷതയ്ക്കും സുതാര്യതയ്ക്കും എതിരായ നടപടിയാണെന്നത് കാണുന്നില്ല. കടുത്ത ദുരുദ്ദേശ്യം മാത്രമല്ല, അധികാര ദുർവിനിയോഗവും ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നു.

vachakam
vachakam
vachakam

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും പ്രതികരണങ്ങളും കലാപത്തിന് ഇടയാക്കുമെന്ന ആധിയാണത്രേ ഇത്തരമൊരു നടപടിക്കുള്ള ചേതോവികാരമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പേരിൽ ആദ്യം പുറത്തുവന്ന വിശദീകരണം. അഭിമുഖം നീക്കിയത് ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകൾ നീക്കം ചെയ്യാൻ മാത്രമാണ് പോലിസ് ആവശ്യപ്പെട്ടതെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞത്. കമന്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ വിഡിയോ തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് വിശദീകരണം. അതേസമയം, കമന്റുകൾ നീക്കം

ചെയ്യണമെന്ന് പോലിസ് ഫേസ്ബുക്കിനോട് നിർദേശിച്ചുവെന്നത് കമ്മീഷനും സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്ന വിശദീകരണംപോലും പോലിസിന്റെ വീഴ്ചയെ ന്യായീകരിക്കത്തക്കതല്ല. കാരണം, കേരള പോലീസിന്റെ സമീപകാല നീക്കങ്ങളിൽ ദുരൂഹതനിറഞ്ഞ ബാഹ്യ ഇടപെടലുകൾ ധാരാളമാണെന്നത് ജനങ്ങൾ കാണുന്നു.
പ്രതിപക്ഷ നേതാവിന്റെ അഭിമുഖത്തിന് വിലക്ക് പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂർ മുമ്പാണ്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കത്തിൽ ബി.ജെ.പിയുടെ സീൽ പതിച്ച സംഭവം കണ്ട് രാജ്യം ഞെട്ടിയത്. കമ്മീഷന്റെ കത്തിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സീൽ എങ്ങനെ വന്നുവെന്ന് കണ്ടെത്തുംമുമ്പ്, കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച എം.പിമാരുൾപ്പെടെയുള്ളവർക്കെതിരേ നോട്ടിസ് നൽകാനുള്ള തിടുക്കമാണ് കേരള പോലിസിൽ നിന്നുണ്ടായത്.

യഥാർത്ഥത്തിൽ പോലീസിനുള്ളിൽ നിക്ഷിപ്തനിഗൂഢ താൽപര്യമുള്ളവരുടെ അതിസമർത്ഥമായ അജൻഡകളാണ് ഈ വിധത്തിൽ പുറത്തുവരുന്നതെന്ന ആരോപണം ശക്തിപ്പെടുകയാണ് ഇത്തരം സംഭവങ്ങളിലൂടെ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബംഗാളിൽ കമ്മീഷൻ നേരിട്ടാണ് ഇടപെടുന്നതെങ്കിൽ കേരളത്തിൽ പോലിസിനെ ഉപയോഗിച്ചുള്ള നിഴൽയുദ്ധമാണ് നടത്തുന്നതെന്ന് വേണം കരുതാൻ. അതിനു പിന്നിലെ ധാരണകളും അവിശുദ്ധ ബന്ധങ്ങളും എന്നെങ്കിലും പുറത്തുവരുമായിരിക്കാം.

vachakam
vachakam
vachakam

ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ചതിപ്രയോഗങ്ങളിലൂടെയും വ്യാജ ആഖ്യാനങ്ങളിലൂടെയും ജനവിധി അട്ടിമറിക്കാനുള്ള കുത്സിത നീക്കമല്ല, ഉത്തരവാദപ്പെട്ടവർ ആരായിരുന്നാലും ചെയ്യേണ്ടത്. നേരെ ചൊവ്വേ പറയാനുള്ള കാര്യങ്ങളും ചെയ്തതും ചെയ്യാനിരിക്കുന്നവയും നിലവിലെ സാമൂഹിക  ജീവിതാവസ്ഥയിൽ ഉണ്ടാക്കാൻ പോകുന്ന ഗുണപരമായ മാറ്റങ്ങളും പറഞ്ഞുവേണം വോട്ടുതേടാൻ. അല്ലാതെ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ മടുപ്പിക്കുന്നതരത്തിലുള്ള അധിക്ഷേപവും പരിഹാസവുമല്ല മുദ്രാവാക്യമാക്കേണ്ടത്.

അതോടൊപ്പം, നിയമം അനുശാസിക്കുന്ന രീതിയിലുള്ള നിഷ്പക്ഷ നടപടികളാണ് തെരഞ്ഞെടുപ്പ് നടത്താൻ നിയോഗിക്കപ്പെട്ടവർ ചെയ്യേണ്ടത്. രാഷ്ട്രീയലക്ഷ്യമോ, മതസമുദായവ്യക്തി താൽപര്യങ്ങളോ സർവോപരി നിയമവിരുദ്ധമായ ഒരു നീക്കവും തെരഞ്ഞൈടുപ്പിലെ സുതാര്യത കാത്തുസൂക്ഷിക്കാൻ നിയമംമൂലം ബാധ്യതപ്പെട്ടവരിൽ നിന്നുണ്ടാവരുത്. പ്രത്യേകിച്ച് പോലിസിൽ നിന്ന്.


ഗോപാലകൃഷ്ണ വികൃതി

ഇതിനിടെ, ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്‌ളക്‌സ് ഉയർത്തി ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. ജാതി പറഞ്ഞ് വോട്ട് ചോദിച്ച വിവാദത്തിൽ കുടുങ്ങിയത് പിന്നാലെയാണ് വിവാദ ഫ്‌ളക്‌സ്. 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എം.എൽ.എമാരുടെ പേരുകൾ നിരത്തിയാണ് ഗോപാലകൃഷ്ണൻ മാറ്റം ആവശ്യപ്പെടുന്നത്. ഫ്‌ളക്‌സ് ഉയർന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനം ഉയർന്നു. ഇതു വരെ ഗുരുവായൂരിലെ എം.എൽ.എമാരെല്ലാം ഒരേ മതവിഭാഗത്തിൽ നിന്നായിരുന്നെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടിയ നടപടിക്കു ന്യായീകരണമില്ലെന്ന് പലരും വാദിക്കുന്നു.

ഗുരുവായൂർ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത് ഗ്യാസാണ് ചോദിക്കുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗോപാലകൃഷ്ണന് മറുപടി നൽകി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും വ്യക്തമാക്കി. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്റേത് എന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. അക്ബർ കുറ്റപ്പെടുത്തി.

ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടി സ്വീകരിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വർഗീയ പരാമർശം അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തുവെന്നല്ലാതെ ഗോപാലകൃഷ്ണനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം നാടിനുണ്ടാക്കിയ ആഘാതം എത്ര വലുതാണെന്ന് കമ്മീഷന് അറിയാമോയെന്ന് ചോദിച്ച കോടതി, നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടാണ്. ആ നിമിഷം മുതൽ അദ്ദേഹം തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, ഇതര വോട്ടർമാരുടെയും എല്ലാ വിഭാഗം മതക്കാരുടെയും പ്രതിനിധിയാണ്. അവിടെ ഹിന്ദു എം.എൽ.എ എന്നോ മുസ്ലിം എം.എൽ.എ എന്നോ ക്രിസ്ത്യൻ എം.എൽ.എ എന്നോ വേർതിരിവില്ല. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ മതവികാരങ്ങളെ കൂട്ടുപിടിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയാണ്. നിയമം കർശനമായി വിലക്കിയിട്ടും പലർക്കും ഇത്തരം വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്താൻ ധൈര്യം ലഭിക്കുന്നത്, അതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന അനാസ്ഥയെ തുടർന്നാണ്.

രാഷ്ട്രീയ പ്രസംഗങ്ങളിൽ മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കരുത്. മതവും വിശ്വാസവും രാഷ്ട്രീയത്തിന്റെ അളവുകോലാകരുത്. ഹിന്ദു എം.എൽ.എ എന്നോ മറ്റേതെങ്കിലും മതത്തിന്റെ എം.എൽ.എ എന്നോ വേർതിരിവുകളില്ലാത്ത, ഇന്ത്യൻ പൗരന്മാരുടെ പ്രതിനിധികൾ വാഴുന്ന ജനാധിപത്യ അന്തരീക്ഷമാണ് നാടിനും ജനങ്ങൾക്കും വേണ്ടത്. വികസനവും സമത്വവും നീതിയും അടിത്തറയായുള്ള, മാനവികതയുടെ വെളിച്ചം വിതറുന്ന രാഷ്ട്രീയ സംസ്‌കാരമാണ് വളർന്നു വരേണ്ടത്. വിഭജനത്തിലൂടെയല്ല, ഐക്യത്തിലൂടെയാണ് ജനാധിപത്യം ശക്തമാകുന്നത്. തിരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യും.

അധികാര കസേരകൾ മാറിമറിയും.  എന്നാൽ രാഷ്ട്രീയ ലാഭത്തിനായി വിതക്കുന്ന വർഗീയതയുടെ വിത്തുകൾ വരുംതലമുറയുടെ സ്വസ്ഥത കെടുത്തുന്ന വിഷവൃക്ഷങ്ങളായി വളർന്നു കൊണ്ടിരിക്കും. മതേതരത്വത്തിന്റെ സംരക്ഷണം കേവലം ന്യൂനപക്ഷങ്ങളുടെ ആവശ്യമല്ല, ഭൂരിപക്ഷത്തിന്റെയും രാജ്യത്തിന്റെയും കൂടി ആവശ്യമാണ്. ഒരു വിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തി രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല.

ലോകസമൂഹത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തി നിന്നത് സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും കരുത്തിലാണ്. അതിനു ക്ഷതമേൽക്കാതിരിക്കണമെങ്കിൽ വർഗീയ ധ്രുവീകരണ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കേവലം നോട്ടീസ് അയക്കുന്നതിൽ ഒതുങ്ങരുത് കമ്മീഷൻ നടപടി.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam