ഈയിടെ അന്തരിച്ച മധുവയ്പ്പന ഫിലിം ജേർണലിസം ഒട്ടും പ്രൊഫഷണലാതിരുന്ന കാലത്ത് ഈ രംഗത്തേക്ക് കടന്നു വരികയും മലയാളത്തിലെ സിനിമ പ്രസിദ്ധീകരണങ്ങൾക്ക് വഴികാട്ടിയായി മാറുകയും ചെയ്ത അപൂർവ്വ വ്യക്തിയായിരുന്നു.
മധു വയ്പ്പന ഒരു പത്രാധിപർക്ക് വേണ്ടതിലേറെ ചങ്കൂറ്റം എപ്പോഴും പ്രകടിപ്പിച്ചിരുന്നു. അർഹരായവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുവാനും അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാനും തെല്ലും മടിയുണ്ടായിരുന്നില്ല. സിനിമാക്കാരുമായി അനാവശ്യ ചങ്ങാത്തത്തിന് നിൽക്കാതെ ആ മേഖലയിലെ ദുഷ് ചെയ്തുകളയും പുഴുക്കുത്തുകളെയും നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഒരുതരത്തിലുമുള്ള ഭീഷണികളെ മരിക്കുന്നതുവരെ വകവച്ചു കൊടുത്തിട്ടുമില്ല.
പാലായിലെ വയ്പന കുടുംബത്തിൽ ജനിച്ചു. നിയമപഠനത്തിനു ശേഷം കുടുംബ ബിസിനസ്സിന്റെ ഭാഗമായി കൽക്കത്തയിലേക്കു പോയി. അവിടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരള ശബ്ദം വാരികയിൽ ബംഗാൾ രാഷ്ടീയവും കാമ്പിശേരിയുടെ 'സിനിരമ'യിൽ ഫിലിം റിപ്പോർട്ടുകളും ഹോളിവുഡ് സിനിമാ നിരൂപണവും എഴുതി. കുങ്കുമത്തിൽ സാഹിത്യസംബന്ധിയായ രചനകളും നടത്തിയിരുന്നു.
കൽക്കത്തയിൽ
നിന്നും പ്രസിദ്ധീകരിച്ചിരുന്ന രാജധാനി എന്ന മലയാള പ്രസിദ്ധീകരണത്തിന്റെ
മുഖ്യ പത്രാധിപരാവുകയും ചെയ്തിരുന്നു. ആയിടെയാണ് കേരളശബ്ദം, കുങ്കുമം
മുതലായ പ്രസിദ്ധീകരണങ്ങളുടെ ഉടമയായ കൃഷ്ണസ്വാമി റെഡ്ഡ്യാർ, കേരളശബ്ദം
പത്രാധിപർ കെ.വി.എസ് ഇളയതുമായി മദ്രാസിലേത്തുന്നത്. അവിടെവച്ച് മധു
വയ്പനയുമായുള്ള സംസാരത്തിനിടയിൽ ഒരു സിനിമ വാരിക തുടങ്ങാൻ റെഡ്യാർ
തീരുമാനിക്കുന്നു. അതാണ് 'നാന' സിനിമ വാരിക.
തുടർന്ന് നാനാ സിനിമാ വാരികയുടെ മദ്രാസ് പ്രതിനിധിയി.
പിന്നീട് അതിന്റെ പത്രാധിപരാവുകയും ചെയ്തു. അതുവരെ താരങ്ങളിൽ നിന്നും മാസശബളം വാങ്ങി, അവരെയൊക്കെ പുകഴ്ത്തിയെഴുതുന്നതായിരുന്നു സിനിമാ പ്രസിദ്ധീകരണങ്ങളുടെ രീതി. മധു വയ്പ്പന ആ രീതി മാറ്റിമറിച്ചു.വയ്പ്പന നാനയുടെ എഡിറ്ററായി പോയപ്പോൾ, മദ്രാസ് ലേഖകനായി ഒരു യുവാവെത്തി. അയാളാണ് ബാലചന്ദ്രമേനോൻ..!
മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ വയ്പന നാനവിട്ടു. തുടർന്ന് ''രംഗം''എന്ന സിനിമദൈ്വവാരിക ആരംഭിച്ചു. ഇലസ്ട്രേഡ് വീക്കിലിയുടെ വലുപ്പത്തിൽ ആദ്യമായും, അവസാനമായും പുറത്തുവന്നത് രംഗമാണ്. രണ്ടുവർഷം വർണ്ണപ്പകിട്ടോടെ മുന്നേറി രംഗം. ഒട്ടേറെ പണം മുടക്കിയെങ്കിലും ഏജന്റുമാരിൽ നിന്നും പണം പിരിച്ചെടുക്കാനാകാതെ ആ പ്രസിദ്ധീകരണത്തിന്റെ അച്ചടി നിർത്തേണ്ടി വന്നു. രംഗം സിനിമാപ്രസിദ്ധീകരണ രംഗത്ത് ഒരത്ഭുതമായിരുന്നു. പിന്നീട് മധുവയ്പന കേരള സാഹിത്യ അക്കാഡമിയുടെ രണ്ട് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി.
1979 ജൂണിൽ 'ഛായ' എന്ന
സിനിമാ ദൈ്വവാരികയുടെ പത്രാധിപരായി. അതും വ്യത്യസ്തമായൊരു പ്രസിദ്ധീകരണം
ആയിരുന്നെങ്കിലും ആയുസ് കുറവായിരുന്നു. പിന്നീട് സൂം എന്നൊരു സിനിമാ
വാരികയും ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ തുടങ്ങിയിരുന്നു. യവനിക എന്ന
സിനിമയുടെ നിർമ്മാതാവായിരുന്ന ഹെൻട്രി ആയിരുന്നു അതിന്റെ ഉടമ. നാളുകൾക്കു
ശേഷം അതും പൂട്ടി.
അങ്ങിനെ ജോലിയില്ലാതിരുന്ന നേരത്താണ് 'ഉത്രം'
എന്നൊരു കുടുംബ ദൈ്വവാരിക തിരുവനന്തപുരത്തു നിന്നും വി. ജയകൃഷ്ണൻ
ആരംഭിക്കുന്നത്. അതിൽ മധു വയ്പ്പന ചേർന്നെങ്കിലും പേര് എവിടേയും
വച്ചിരുന്നില്ല.
അങ്ങിനെയിരിക്കെയാണ് ദേശബന്ധു പബ്ലിക്കേഷൻസിന്റെ ഉടമകളായ മോഹൻദാസ് ചിത്രബന്ധു എന്ന പേരിൽ സിനിമാ വാരിക തുടങ്ങുന്നതും അതിന്റെ മുഖ്യപത്രാധിപരായി മധുവിനെ ക്ഷണിക്കുന്നതും. രണ്ടു രൂപ വിലയിൽ മനോഹരമായ അച്ചടി. 44 പേജിൽ വാരിക പുറത്തിറങ്ങി. 16 പേജുള്ള സിനിമാ പോസ്റ്റർ. അതിന്റെ മറുപുറത്തൊരു സപ്ലിമെന്റും. മലയാളത്തിൽ അതൊരു പുതുമയായിരുന്നു.
വിഷ്ണു എന്ന പേരിൽ ഒട്ടേറെ ആക്ഷൻ ത്രില്ലർ നോവലുകളെഴുതിയ ഉദയലാലായിരുന്നു അസി. എഡിറ്റർ. ഗംഭീരമായ മുന്നേറ്റമുണ്ടാക്കിയെങ്കിലും അതും ഏറെക്കാലം നിലനിന്നില്ല. അതിനു ശേഷം കേരള പത്രിക രാഷ്ട്രീയ ദൈ്വവാരികയിൽ ചേർന്നു. ഇതേ പേരിൽ പണ്ടൊരു ദിനപത്രം ഇറങ്ങിയിരുന്നു. ആ ടൈറ്റിൽ കെ. കരുണാകരന്റെ അടുത്ത ആളായ ജി. ദേവാനന്ദ് വാങ്ങുകയായിരുന്നു. ദേവാനന്ദ് എക്സിക്യൂട്ടീവ് എഡിറ്ററും മധു എഡിറ്ററുമായാണ് ദൈ്വവാരിക 1995ൽ തുടങ്ങിയത്.
സാമാന്യം ഭേദപ്പെട്ട രീതിയിൽ പ്രസിദ്ധീകരണം മുന്നോട്ടു പോയെങ്കിലും സർക്കുലേഷൻ വിഭാഗത്തിന്റെ പിടിപ്പുകേടുകൊണ്ട് അവതാളത്തിലാകാൻ തുടങ്ങി. ലീഡർ കരുണാകരന്റെ താല്പര്യപ്രകാരം അത്യാവശ്യം സർക്കാർ പരസ്യങ്ങൾ കിട്ടിയിരുന്നത് കോൺഗ്രസിലെ രാഷ്ട്രീയ വടംവലി മൂലം കിട്ടാതായി. എങ്കിലും കേരള പത്രിക ഒരുകണക്കിന് മുന്നോട്ടു കൊണ്ടുപോയി മധു വയ്പന. ഈ അവസരത്തിലാണ് അദ്ദേഹത്തിന് മറ്റൊരു ഓഫർ വരുന്നത്.
1996ലെ
ഒരു രാത്രി. അക്കാലത്ത് തൃശ്ശൂരിലെ പ്രധാന പത്ര ഏജന്റായ ആന്റണി
നെല്ലിക്കുന്നന്റെ ഫോൺ കോൾ. മംഗളം ഗ്രൂപ്പിൽ നിന്ന് ഒരു സിനിമ
പ്രസിദ്ധീകരണം തുടങ്ങാൻ ആലോചിക്കുന്നു അതിന്റെ പത്രാധിപരായിരിക്കാൻ പറ്റുമോ
എന്നറിയാനാണ് ആന്റണി വിളിച്ചത്.
ആ ക്ഷണം അദ്ദേഹം സ്വീകരിച്ചു. അങ്ങനെ
1997 മാർച്ച് 15ന് വൈപ്പന മംഗളം ഗ്രൂപ്പിൽ ചേർന്നു. ജൂൺ ആദ്യം വാരികയ്ക്ക്
പേര് അനുവദിച്ചു കിട്ടി, സിനിമ മംഗളം ആദ്യ ലക്കം തന്നെ 25000 കോപ്പി
അടിച്ചു. ആദ്യത്തെ കവർ സ്റ്റോറി 'അതിനായക ജയഹേ' ഈ ലേഖകനെ കൊണ്ടാണ്
മധുവയപ്പന് എഴുതിപ്പിച്ചത്. മധുവയ്പ്പനയുമായി എനിക്ക് ഉത്രം എന്ന
പ്രസിദ്ധീകരണം ആരംഭിച്ച നാൾ മുതൽ തുടങ്ങിയ അടുപ്പമാണ്.
എന്റെ പത്രപ്രവർത്തന ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് മധുവയപ്പന. സിനിമാ മംഗളം മുതലാണ് ഞങ്ങളുടെ അടുപ്പം വർദ്ധിച്ചത്. അതിൽ അവതാരം എന്നൊരു കാരിക്കേച്ചർ അടങ്ങിയ പക്തിയും ഞാൻ ചെയ്തുകൊണ്ടിരുന്നു. അക്കാലത്ത് സിനിമ പ്രസിദ്ധീകരണങ്ങളിൽ മുന്നിട്ടുനിന്നിരുന്നത് കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന നാനാ വരികയായിരുന്നു. ആ കാലയളവിൽ അദ്ദേഹം എന്നെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ മംഗളം ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. മംഗളം വാരികയിൽ നിന്നും എം.ജെ ഡാരിസിനെക്കൂടി സിനിമാമംഗളത്തിലേക്ക് എടുത്തു.
അവരോടൊപ്പം ഞാനും മംഗളത്തിൽ സ്റ്റാഫ് ആയി. സിനിമ മംഗളം വാരികെ 'നാന'യുടെ മുന്നിൽ എത്തിക്കണം എന്ന് ഞങ്ങൾ ഏറെ ആഗ്രഹിച്ചു. അതിനുള്ള ഏജൻസി നെറ്റ് വർക്ക് മംഗളത്തിനു ഉണ്ടായിരുന്നു. എന്നാൽ നാനയുടെ പ്രിന്റിംഗ് ഏറെ മികച്ചതാണ്. അതിന്റെ പ്രിന്റിംഗ് ശിവകാശിയിലായിരുന്നു. മംഗളത്തിന്റെ പ്രസ്സിൽ അച്ചടിച്ചാൽ നമുക്ക് അടുത്തകാലത്തെങ്ങും നാനാ വരികയെ മറികടക്കാൻ ആകില്ല. 52 പേജ് ആണ് സിനിമ മംഗളത്തിന്. നാലു രൂപ വിലനിശ്ചയിച്ചു. സ്വന്തം പ്രസ്സുള്ളപ്പോൾ മറ്റൊരു പ്രസ്സിൽ അച്ചടിക്കാൻ മാനേജ്മെന്റ് സമ്മതിക്കില്ല എന്ന് മധുവയ്പ്പന പറഞ്ഞു. 16 പേജ് എങ്കിലും ശിവകാശിയിൽ അച്ചടിപ്പിച്ചാൽ സംഗതി ശരിയാകും. കവർ ആർട്ട് പേപ്പറിൽ തന്നെയായിരിക്കണം. നല്ലൊരു ഗെറ്റപ്പ് ഉണ്ടെങ്കിലേ മുന്നേറാൻ കഴിയൂ എന്ന് എന്നെക്കാൾ നന്നായി അദ്ദേഹത്തിന് അറിയാം. ഇപ്പോൾ പിടിച്ചാൽ നടക്കും സാർ ഒന്ന് ശ്രമിച്ചു നോക്കൂ ഞാൻ പറഞ്ഞു.
എന്തോ
ആ പ്രശ്നം വിചാരിച്ചതിലും എളുപ്പത്തിൽ എം.സി വർഗീസ് എന്ന ഉടമ സമ്മതിച്ചു
എന്ന് ഏറെ സന്തോഷത്തോടെ മധു വയ്പ്പന പറഞ്ഞു. 'സ്റ്റാർ ഡെസ്റ്റ്' എന്ന
ഇംഗ്ലീഷ് ഫിലിം മാസികയുടെ രൂപത്തിലാണ് സിനിമ മംഗളം എന്ന് എഴുതിയത്.
ടിറ്റ്
ബിറ്റ്സ്, സ്ക്കാല, പീപ്പിൾ എന്നീ വിദേശ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾക്ക് ഏറെ
തുണയായി. ശക്തമായൊരു പത്രാധിക്കുറിപ്പ് എല്ലാ ലക്കത്തിലും അദ്ദേഹം
എഴുതിയിരുന്നു. ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, ചെന്നൈയിൽ നിന്നും സി.എൻ. കൃഷ്ണൻ
കുട്ടി, രവി പർണ്ണശാല, ശാന്തിവിള ദിനേശ്... ഇങ്ങനെ കുറെയേറെ എഴുത്തുകാരും
ഉണ്ടായിരുന്നു. റോയി ശ്രീകണ്ഠമംഗലമായിരുന്നു ലേഔട്ട് ആർട്ടിസ്റ്റ്.
ആറാം ലക്കത്തോടെ കോപ്പി അര ലക്ഷത്തിന് മീതെയായി. അതിനുശേഷം മധുവയ്പയുടെ സിനിമ മേഖലയിലെ അനുഭവങ്ങൾ ഫ്ളാഷ് ബാക്ക് എന്ന പേരിൽ എഴുതിത്തുടങ്ങിയപ്പോഴേക്കും മാർക്കറ്റിൽ സിനിമ മംഗളത്തിന് ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരുന്നു. മദ്രാസിൽ മധുവയ്പ്പന നാനയുടെ പ്രതിനിധി ആയിരിക്കുമ്പോൾ അനുഭവപ്പെട്ട സംഭ്രമജനകമായ കാര്യങ്ങൾ പച്ചയായി എഴുതുകയായിരുന്നു. നിർമ്മാതാവ് ഹരി പോത്തനോടും പ്രേംനസീറിനോടും ഒക്കെ മല്ലടി വിശേഷങ്ങൾ ഫോട്ടോ സഹിതമാണ് പ്രസിദ്ധീകരിച്ചത്.
ഇത് സിനിമാ മേഖലയിലെ ചില പ്രമാണിമാർക്ക് അത്ര രസിക്കുന്നുണ്ടായിരുന്നില്ല. അവർ വ്യക്തിപരമായും നിലവിലുള്ള സിനിമ സംഘടനകളുടെ പഴയ കഥകളൊന്നും അറിയാത്ത ഭാരവാഹികളെ കയ്യിലെടുത്തു. അവർ സംഘടനാബലം ഉയർത്തിക്കാട്ടുകയും ഈ പരമ്പര എങ്ങനെയും അവസാനിപ്പിക്കാൻ കച്ചകെട്ടിറങ്ങുകയും ചെയ്തു. എന്നാൽ അതിനേക്കാൾ ശക്തമായിരുന്നു വായനക്കാരുടെ പിന്തുണയും അഭിനന്ദനങ്ങളും. വനത്തിന് തീ പിടിക്കുമ്പോൾ കാറിക്കരഞ്ഞ് അത് അറിയിക്കുന്ന കാട്ടുകിളിയുടെ രൂപത്തിൽ മധുവയ്പ്പന പലതും വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു.
ഇത് സംബന്ധിച്ച് പിന്നീട് 418 പേജുകളിലായി ഗന്ധർവ്വ ലോകം, ബ്ലാക്ക് & വൈറ്റ് എന്നിങ്ങനെ രണ്ട് പുസ്തകം ഇറക്കുകയും ചെയ്തു. സിനിമ മംഗളം പുറത്തിറങ്ങി മൂന്നുവർഷം കഴിഞ്ഞു. അതിനിടെ സബ് എഡിറ്ററായി സ്വപ്ന വന്നു. എഡിറ്റോറിയൽ കാര്യങ്ങളിൽ മധു വയ്പനയുടെ വിശ്വസ്ഥയായിരുന്നു അവർ. ഇനി ഒരു രാഷ്ട്രീയ വാരിക കൂടി അവിടെ നിന്ന് പുറത്തിറക്കാൻ മധുവയ്പ്പന് പദ്ധതിയിട്ടു. അക്കാലത്ത് കേരള ശബ്ദത്തിന് നല്ല പ്രചാരം ഉണ്ടായിരുന്നു. അതിനെ കവച്ചു വയ്ക്കുന്ന രീതിയിൽ ഒരു പ്രസിദ്ധീകരണം. അതായിരുന്നു വാർത്താമംഗളം. 2000 മാണ്ടിൽ വാർത്ത മംഗളത്തിന്റെ പൈലറ്റ് ലക്കം പുറത്തിറങ്ങി. കേരള ശബ്ദത്തെ അനുകരിക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും തികച്ചും വ്യത്യസ്തമായ രീതിയിൽ ഒന്ന് രൂപകല്പന ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.
ആദ്യ കവർ സ്റ്റോറി
എന്തായിരിക്കണം എന്ന് ഞങ്ങൾ ഏറെ ആലോചിച്ചു. ഒടുവിൽ രാഷ്ട്രീയ രംഗത്തെ എല്ലാ
വൃത്തന്മാരും ഇനി വിശ്രമിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു ഫീച്ചർ ആകാമെന്ന
തീരുമാനത്തിലെത്തി. അതെഴുതിയതും ഞാൻ തന്നെയായിരുന്നു. അവസാന പേജ് പ്രസിദ്ധ
സാഹിത്യകാരൻ കാക്കനാടൻ എഴുതാം എന്ന് സമ്മതിച്ചു. 'തികച്ചും വ്യക്തിപരം'
എന്ന പേരിൽ അതും ശക്തമായ ഭാഷയിൽ കുറിക്ക് കൊള്ളുന്ന തരത്തിൽ കാക്കനാടൻ
കൈകാര്യം ചെയ്തു.
കൂടാതെ പ്രോതിമ ബേട്ടിയുടെ ജീവിതകഥ ഒരു മോഡലിന്റെ
ഡയറി. (സുരേഷ് രാമപുരമാണതെഴുതിയത്) എം.എ. ജോണിന്റെ അഭിമുഖം എന്നിവയും
ഉണ്ടായിരുന്നു. കരുണാകരന്റെ 'ഡിഐസി'യിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന തോമസ്
ചാണ്ടി (കുവൈറ്റ് ചാണ്ടി) യുടെ ഫോട്ടോ ആദ്യമായി മലയാളത്തിൽ അച്ചടിച്ചത്
വാർത്താ മംഗളത്തിൽ ആയിരുന്നു.
ജി. കാർത്തികേനുമായുള്ള അഭിമുഖം,
രാജേഷ് ജയരാമന്റെ നോവൽ, ചെറിയാൻ ഫിലിപ്പിന്റെ ലേഖനം ഫാ. ജിയോ
കപ്പലുമാക്കലിന്റെ 'ബാധകൾ ഒഴിയാബാധകൾ' എന്ന മനശാസ്ത്ര പരമ്പര,
കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വാക്കും വരെയും, സുകുമാർ അഴീക്കോടിന്റെ ലേഖനം
അവതാരം എന്ന പേരിൽ കാരിക്കേച്ചർ സഹിതം ഒരു കോളം ഞാനും കൈകാര്യം
ചെയ്തിരുന്നു.
ഒരർത്ഥത്തിൽ മധു വയ്പനയുടെ മധുരപ്രതികാരം കൂടിയായിരുന്നു
വാർത്താ മംഗളം. പണ്ട് നാനാ വരികയിൽ മധുവയ്പ്പന എഡിറ്ററായി ചേരുമ്പോൾ
അതിന്റെ ചീഫ് എഡിറ്റർ ആയിരുന്നു കെ.വി.എസ് ഇളയത്. അദ്ദേഹത്തിന് അന്ന്
കേരളദേശം പത്രത്തിന്റെ ചുമതല കൂടിയുണ്ടായിരുന്നു. മധു വയ്പ്പനയുടെ നാന
വാരികയ്ക്ക് പ്രചാരം ഏറിയേറി വന്നു.
ഒന്നരവർഷം
തികയും മുമ്പ് കെ.വി.എസ് ഇളയത് പത്രാധിപരായി ഇറങ്ങിക്കൊണ്ടിരുന്ന കേരളദേശം
പത്രം പുട്ടിപ്പോയി. അദ്ദേഹം നാനയിലേക്കുതന്നെ തിരിച്ചുവരാൻ ആഗ്രഹിച്ചു.
പ്രശ്നം രൂക്ഷമായി സഹപത്രാധിപർ രാമകൃഷ്ണനും കെ.വി.എസിന്റെ പക്ഷത്ത്
നിലയുറപ്പിച്ചു. അതോടെ മധു വയ്പ്പനയെ കേരള ശബ്ദത്തിലേക്ക് മാറ്റാമെന്ന്
കൃഷ്ണ സ്വാമി റെഡ്യർ അറിയിച്ചെങ്കിലും അത് നടന്നില്ല. കാരണം കേരള
ശബ്ദത്തിന്റെ എഡിറ്റർ കെ.എസ്. ചന്ദ്രൻ വിയോജിച്ചു.
അതോടെ റെഡ്യാർ
ഗ്രൂപ്പിൽ ഇനി തുടരേണ്ടെന്ന് മധു വയ്പ്പന തീരുമാനിച്ചു. കേരള ശബ്ദത്തിന്റെ
എഡിറ്റർ ആകാൻ കഴിയാത്തതിന്റെ മധുരപ്രതികാരമായിരുന്നു വാർത്ത മംഗളം. സിനിമാ
മംഗളം ആകട്ടെ നാനാ വരികയുടെ മുന്നിലെത്തി.
ഈ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും പെട്ടെന്നുള്ള വളർച്ചയിൽ ചിലർക്കൊക്കെ അസൂയ ഉണ്ടായി. അവർ മംഗളത്തിന്റെ ഉടമ എം.സി. വർഗീസിനെ കണ്ടു വാർത്താ മംഗളത്തിൽ പ്രോ തിമ ബേഡി മെറീന ബീച്ചിൽ സ്ട്രീക്കിംഗ് നടത്തിയതിന്റെ ചിത്രം അച്ചടിച്ചു എന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ അച്ചടിച്ചതും മംഗളം ഗ്രൂപ്പിന് വലിയ നാണക്കേട് ഉണ്ടാക്കിയെന്നാണ് എം.സി വർഗീസിന്റെ പരാതി.
പ്രോതിമയുടെ ആ ചിത്രം അന്ന് ഇലസ്ട്രേറ്റഡ് വീക്കിലി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു വന്നതാണ്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ എല്ലാവർഷവും വിശ്വസുന്ദരികളുടെ അർദ്ധ നഗ്നചിത്രങ്ങൾ അച്ചടിക്കാറുണ്ടെന്നും ഞങ്ങൾ ഉടമകളെ അറിയിച്ചു. എതിരാളികൾ സർക്കുലേഷൻ മാനേജർ വഴിയാണ് എതിർപ്പുകൾ ഉയർത്തിക്കൊണ്ടുവന്നത്. കെ. മുരളീധരനെയും കരുണാകരനെയും കുറിച്ച് ഞാൻ എഴുതിയ ലേഖനം ഐ.ജി. വി.എൻ. രാജൻ പോലീസ് മേധാവിയായിരുന്നപ്പോൾ (അടിയന്തരാവസ്ഥ നാളുകളിൽ) മുരളി പോലീസ് കുതിരയുടെ പുറത്ത് സവാരി നടത്തുന്നതും ഒക്കെ ഫോട്ടോ സഹിതം അച്ചടിച്ചുവന്നു. വലിയ വലിയ വ്യക്തികളെ ഇങ്ങനെ വിമർശിക്കാൻ പാടില്ലെന്ന് എനിക്ക് മാനേജ്മെന്റ് താക്കീതും നൽകി. അതൊന്നും അത്ര കാര്യമാക്കേണ്ടെന്ന് മധു വയ്പ്പന എന്നെ വിളിച്ചു പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും പത്രപ്രവർത്തനത്തിൽ ഞാൻ വല്ലാത്തൊരു ത്രീൽ അനുഭവിച്ചത് അവിടെ പ്രവർത്തിക്കുമ്പോഴായിരുന്നു. അദ്ദേഹം എല്ലാ കാര്യത്തിലും വേണ്ടത്ര സ്വാതന്ത്ര്യം തന്നിരുന്നു.
എന്നാൽ അത്
ഏറെക്കാലം നീണ്ടില്ല. വാർത്ത മംഗളത്തിന്റെ 14-ാമ ലക്കം ഞങ്ങൾ പൂർത്തിയാക്കി
അച്ചടി ശാലയിലേക്ക് വിട്ടു. അപ്പോൾ മാനേജ്മെന്റിന്റെ ഒരറിയിപ്പ് വന്നു.
അടുത്ത ലക്കം മുതൽ മംഗളം പത്രത്തിന്റെ ന്യൂസ് എഡിറ്റർ ഗോപികൃഷ്ണൻ വാർത്താ
മംഗളത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുക്കണം. മധുവയ്പ്പന സിനിമ മംഗളത്തിൽ
പൂർണ്ണമായി ശ്രദ്ധിക്കണം. അങ്ങിനെ എന്തുകൊണ്ടും നിലവാരമുള്ള ഒരു വാർത്ത
വാരിക..! അത് ഏറെനാൾ നടത്താനായില്ല ഞങ്ങൾക്ക്. എന്നാൽ ഗോപികൃഷ്ണന് അത്
അധികകാലം കൊണ്ടുനടക്കാനുമായില്ല. ഒടുവിൽ 6000 കോപ്പിയിലെത്തിയ വാർത്ത മംഗളം
അച്ചടി അവസാനിപ്പിച്ചു.
പണ്ടുമുതലേ വിനോദ മാസികളോട് എന്തെന്നില്ലാത്ത ഒരു അടുപ്പം എനിക്കുണ്ടായിരുന്നു.
കൊച്ചിയിൽ നിന്ന് ക്ലാപ്പ് എന്ന സിനിമ വിനോദമാസികയിൽ തുടങ്ങിയ ആ തല്പര്യം അവസാനിച്ചിരുന്നില്ല. കേരളടൈംസ് പത്രത്തിലുള്ളപ്പോഴും ഞാൻ മറ്റു പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചുകൊണ്ടിരുന്നു. പാര വിനോദമാസിക ആരംഭിച്ചപ്പോൾ അതിന്റെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരിക്കാൻ എനിക്ക് കഴിഞ്ഞു. സി.ആർ ഓമനക്കുട്ടൻ ആയിരുന്നു പത്രാധിപർ. ആ ധൈര്യത്തിൽ ആയിരിക്കാം മധുവയ്പ്പന വീണ്ടും എന്നെ മറ്റൊരു ചുമതല കൂടി ഏൽപ്പിച്ചു. മംഗളം ഗ്രൂപ്പിൽ നിന്ന് ഒരു വിനോദ ദൈ്വവാരിക ടിക് ടിക് അങ്ങനെ ആരംഭിച്ചു. അതിന്റെ സംവിധായകൻ (എഡിറ്റർ) എന്ന ചുമതല മധുവയ്പ്പനെ എനിക്കാണ് നൽകിയത്.
എന്തായാലും 2010ൽ 13 വർഷം സിനിമാമംഗളത്തെ നയിച്ച മധു വയ്പനയോട് ഇനി ആ തസ്തികയിൽ ഇരിക്കേണ്ടതില്ലെന്ന് മാനേജ്മന്റ് അറിയിച്ചു. അപ്പോൾ തന്നെ ആ കത്തുമായെത്തിയ ആളുടെ കൈയിൽ മേശയുടെ താക്കോലും മൊബൈൽ ഫോണും എൽപ്പിച്ച് യാതൊരാനുകൂല്യവും പറ്റാതെ മംഗളത്തിന്റെ പടിയിറങ്ങി അദ്ദേഹം. അതൊരു ഗൂഢാലോചനയുടെ ഫലമായിരുന്നു. അതിനു പിന്നിൽ അദ്ദേഹം തന്നെ കൈപിടിച്ചുയർത്തിക്കൊണ്ടുവന്ന മറ്റൊരു പത്രപ്രവർത്തകനും കൂട്ടരുമായിരുന്നു. ആ ചതി അദ്ദേഹം ഒരിക്കലും കതരുതിയിരുന്നതല്ല.
നെഹ്റു കുടുംബത്തിന്റെ നാഷ്ണൽ ഹെറാൾഡിൽ 30 സംവത്സരക്കാലം പത്രാധിപരായിരുന്ന ചലപതി റാവു അവിടെനിന്നും വെറുംകൈയോടെ പുറത്തുപോയി. പിന്നീടദ്ദേഹം ഒരുചായക്കടിൽ കിടന്നു മരിക്കുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രാധിപർ ഫ്രാങ്ക് മൊറൈസ് ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പടിയിറങ്ങിയപ്പോൾ ഒരുയാത്രയയപ്പുപോലും ഉണ്ടായില്ല. അതിലും വലുതല്ലല്ലോ മധു വയ്പ്പന എന്ന് അദ്ദേഹം സ്വയം ആശ്വസിച്ചിരിക്കണം.
എനിക്കു ഗുരുതുല്യനായ ആ മഹാനുഭാവന് പ്രണാമം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്