ചങ്ങനാശ്ശേരി: ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അയൽവാസിയായ ഡോക്ടർ ശ്രീകുമാറിനാണ് മർദനമേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശ്രീനിലയം വീട്ടിൽ ഡോ.ബി.ശ്രീകുമാറാണ് (67) കൃഷ്ണപ്രസാദും സഹോദരൻ കൃഷ്ണകുമാറും ചേർന്നു തന്നെ മർദിച്ചെന്നു ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്.
കുട ഉപയോഗിച്ചുൾപ്പെടെ മർദിച്ചെന്നാണ് ഡോക്ടർ പറയുന്നത്. ദീർഘനാളായി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. സ്ഥലത്തുകൂടിയുള്ള വെള്ളമൊഴുക്ക് തടഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങളിൽ നേരത്തേ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. ഈ സ്ഥലത്ത് ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഡോക്ടർ സ്ഥലത്തെത്തിയത്. അപ്പോൾ കല്ലിട്ട സ്ഥലത്ത് വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
