തൃശൂർ: ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഭാര്യയെ ദേഹോപദ്രവം ചെയ്ത കേസിൽ പ്രതിയായ ഭർത്താവിന് 11 മാസം തടവും പിഴയും ശിക്ഷ.
തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിക്രമത്തിന് ഇരയായ ഭാര്യക്ക് നൽകാനും വിധിയിൽ പറഞ്ഞിട്ടുണ്ട്. 2019 ജൂൺ 16ന് ചെവ്വൂരിലെ ബ്യൂട്ടിപാർലറിൽ ഉച്ച സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുടുംബപ്രശ്നം മൂലം വേർപിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം നിമിത്തം ബ്യൂട്ടിപാർലറിലേക്ക് അതിക്രമിച്ചു കയറി കൈ കൊണ്ടും, കീ ചെയിൻ കൊണ്ടും, സ്റ്റീൽ വള കൊണ്ടും, മുഖത്തും, തലയിലും അടിച്ച് ദേഹോപദ്രവം ചെയ്ത കേസിലാണ് പ്രതിയായ ചെവ്വൂർ ഐനിക്കൽ പടിക്കല ജോഷിയെ വിവിധ വകുപ്പുകളിലായി 11 മാസം തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
2003 മേയ് 18 നായിരുന്നു ജോഷിയുടെ വിവാഹം. 2006 മുതൽ മദ്യപിച്ചു വരുന്ന പ്രതി ശാരീരികവും, മാനസികവുമായി പീഡിപ്പിച്ചിതിനെ തുടർന്ന് ഭാര്യ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പരാതി സത്യമാണെന്ന് അറിഞ്ഞതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. പിന്നീട് പ്രസ്തുത കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യ വിസമ്മതിച്ചുവെന്ന വിരോധത്തിലായിരുന്നു പ്രതിയുടെ അതിക്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്