കോഴിക്കോട്: ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ദീപക്കിൻ്റെ മരണം മനോവിഷമം കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബസിൽ നിന്ന് ഏഴ് വീഡിയോ ഷിംജിത ചിത്രീകരിച്ചുവെന്നാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ബസിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെന്നും ദൃശ്യം പ്രചരിപ്പിച്ചത് വൈറലാകാനെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറഞ്ഞു.
അസിസ്റ്റൻ്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. വീഡിയോ ചിത്രീകരിച്ചതിനു ശേഷം അവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ തന്നെ അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാം എന്ന വ്യക്തമായ അറിവും ബോധവും പ്രതിക്ക് ഉണ്ടെന്ന് ഷിംജിതയുടെ വിദ്യാഭ്യാസം ഉദ്ധരിച്ചുകൊണ്ട് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഷിംജിതയും ദീപകും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. ഷിംജിത വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരപ്പെട്ട നിയമ കേന്ദ്രങ്ങളിലോ യാതൊരുവിധ പരാതികളും നൽകിയതായും കാണുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
