രാജ്യത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പരീക്ഷകളിലുള്ള എല്ലാ വിശ്വാസവും അപ്പാടെ തകർത്തുകളഞ്ഞിരിക്കുന്നു. ''പരീക്ഷാ സംവിധാനം ഒരു തരത്തിലും വിശ്വസനീയമല്ല'' എന്ന ബോധ്യത്തിലേക്ക് അവർ എത്തിയതിൽ എങ്ങിനെ അവരെ കുറ്റപ്പെടുത്താനാകും ..?
വിദ്യാഭ്യാസം എന്നത് ഒരു രാഷ്ട്രത്തിന്റെ ഭാവി നിർമിക്കുന്ന അടിത്തറയാണ്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ നടന്ന നീറ്റ്‌യുജി പരീക്ഷാ പേപ്പർ ചോർച്ചയും സി.ബി.എ.സിയുടെ ഡിജിറ്റൽ മൂല്യനിർണ്ണയത്തിലെ തകരാറുകളും ആ അടിത്തറയിൽ വിള്ളലുകൾ സൃഷ്ടിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമവും പ്രതീക്ഷകളും ഒരൊറ്റ വീഴ്ചകൊണ്ട് തകർന്നു തരിപ്പണമായിപ്പോയി.
ഇത് കേവലം സാങ്കേതിക പരാജയം മാത്രം അല്ല, അശ്രദ്ധയും തയ്യാറെടുപ്പില്ലായ്മയുമൊക്കെയാണ് പ്രധാന കാരണം. വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷകളിൽ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്ന കാര്യത്തിൽ ഇത്രക്ക് അശ്രദ്ധയും പിടിപ്പുകേടും ഇക്കണ്ട കാലത്തിനിടയ്ക്ക് ഇത് ആദ്യമാണെന്നു പറയേണ്ടി വരും. അമ്പേ പരാജയപ്പെട്ട ഈ മന്ത്രാലയത്തെ നയിക്കുന്ന മന്ത്രിക്ക് അൽപമെങ്കിലും നാണം ഉണ്ടെങ്കിൽ രാജിവെച്ച് പോകുകയാണ് വേണ്ടത്.
എന്തോരു അതിക്രമമാണെന്നു നോക്കണേ വിദ്യാഭ്യാസ മാഫിയയും അഴിമതി നെറ്റ്‌വർക്കുകളും പരീക്ഷാ സംവിധാനത്തെ അപ്പാടെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, 23 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ് യൂജിസി പരീക്ഷ, പേപ്പർ ചോർച്ചയിലൂടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു. എന്തിനേറെ, പോർട്ടൽ തകരാറുകൾ മൂലം ഉത്തരങ്ങൾ ഒന്നു പോലും പരിശോധിക്കാതെ വിടാൻ ആ രംഗത്തുള്ളവർക്ക് എങ്ങിനെ മനസുവന്നു..!
ഇവയെല്ലാമാണ് വിദ്യാർത്ഥികളുടെ വിശ്വാസം അപ്പാടെ തകർത്തുകളഞ്ഞത് ''പരീക്ഷാ സംവിധാനം ഒരു തരത്തിലും വിശ്വസനീയമല്ല'' എന്ന ബോധ്യത്തിലേക്ക് അവർ എത്തിയതിൽ അവരെ കുറ്റപ്പെടുത്താനാകുമോ..?
2025 ജനുവരിയിൽ നടന്ന ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ (ജെ.ഇ.ഇ.മെയിൻ) 12 ചോദ്യങ്ങൾ പിഴവുകളെത്തുടർന്ന് പിൻവലിക്കേണ്ടിവന്നു. ഏതാനും മാസം മുൻപു നടന്ന യു.ജി.സി നെറ്റ് പരീക്ഷയിലും പിഴവുപറ്റി. പല വിഷയങ്ങളിലും ചോദ്യങ്ങൾക്ക് ഒന്നിലേറെ ഉത്തരം വരുന്ന സാഹചര്യമുണ്ടായി. തുടർന്ന് കോടതിയെ സമീപിച്ചാണ് വിദ്യാർത്ഥികൾ നീതി തേടിയത്. 2024ൽ എൻ.ടി.എ നടത്തിയ 14 പരീക്ഷകളിൽ അഞ്ചെണ്ണത്തിൽ ഗുരുതര പിഴവുകൾ സംഭവിച്ചുവെന്നും ആവർത്തിക്കരുതെന്നും പാർലമെന്ററി സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു.
സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയവും പുനഃപരീക്ഷയും താളംതെറ്റിയതും വിദ്യാഭ്യാസ മന്ത്രാലയത്തിന് തിരിച്ചടിയാണ്. ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത ഡിജിറ്റൽ പകർപ്പ് നോക്കി മൂല്യനിർണയം നടത്തുന്ന ഓൺ സ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം) രീതി ആദ്യമായാണ് സി.ബി.എസ്.ഇ നടപ്പാക്കിയത്. ഇതു പാളിയതോടെ മികച്ച മാർക്ക് പ്രതീക്ഷിച്ചവർ ഫലം വന്നപ്പോൾ ഞെട്ടിപ്പോയി..!. വ്യാപക പരാതികൾക്കിടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനും അതിനു മുന്നോടിയായി ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത പകർപ്പിന് അപേക്ഷ നൽകാനും ഒരുക്കിയ സംവിധാനങ്ങളും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി.
സി.ബി.എസ്.ഇ വെബ്‌സൈറ്റ് നിശ്ചലമായി. പകരം ഒരുക്കിയ വെബ്‌സൈറ്റും ഫലം ചെയ്തില്ല.
ഉത്തരക്കടലാസിന്റെ ഡിജിറ്റൽ പകർപ്പിന് ഒരു വിഷയത്തിന് 100 രൂപ വീതം ഫീസ് അടയ്‌ക്കേണ്ട സ്ഥാനത്ത് 8000 രൂപ മുതൽ 69,420 രൂപ വരെ അടയ്ക്കാൻ വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ടായിരുന്നു.
ഈ തുക അടച്ചിട്ടും പകർപ്പ് ലഭിക്കാത്തവർ ഒട്ടേറെ. ഫീസ് അടച്ചവരിൽ പലരും ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്തപ്പോൾ വീണ്ടും ഞെട്ടി. സ്‌കാൻ ചെയ്തത് അവ്യക്തമായാണെന്നും മാർക്കിട്ടത് കണ്ണും പൂട്ടിയാണെന്നും വ്യക്തമായി. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ചവരുമുണ്ട്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ സുപ്രീംകോടതി ഇടപെട്ടതും വിദ്യാഭ്യാസ മന്ത്രാലയത്തിനു തിരിച്ചടിയായിരുന്നു.
ജുഡീഷ്യറിയിലെ അഴിമതി സംബന്ധിച്ച് എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വന്ന പരാമർശങ്ങളാണ് കോടതിയെ പ്രകോപിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഖേദം പ്രകടിപ്പിച്ചും പുസ്തകം പിൻവലിച്ചുമാണ് തടിയൂരിയത്.നമ്മുടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും മറ്റും ഉണ്ടെന്നു പറഞ്ഞിട്ടെന്തുകാര്യം അദ്ദേഹം നേതൃത്വം കൊടുത്ത സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കരണ പ്രവർത്തനങ്ങൾ ഇത്രകണ്ട് വഴിതെറ്റിപ്പോയിട്ടും ആ വകുപ്പിൽ കടിച്ചുതൂങ്ങിക്കിടക്കുകയാണ്.
1969 ജൂൺ 26ന് ഒഡീഷയിലെ താൽച്ചറിൽ വാജ്‌പേയി മന്ത്രിസഭയിൽ മുൻ സഹമന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെയും ബസന്ത മഞ്ജരി പ്രധാന്റെയും മകനായാണ് പ്രധാൻ ജനിച്ചത്. (ഇതൊന്നും ബി.ജെ.പി മക്കൾ രാഷ്ട്രീയമായി കാണുന്നില്ല). 1983ൽ താൽച്ചർ കോളേജിൽ പഠിക്കുമ്പോൾ ബി.ജെ.പിയുടെ പോഷക സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ പ്രവൃർത്തിച്ചു കൊണ്ടാണ് രാഷ്ടീയത്തിലിറങ്ങിയത്.
2000ൽ പല്ലഹാരയിൽ നിന്ന് പ്രധാൻ ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ ആ മണ്ഡലം നിർത്തലാക്കുന്നതുവരെ 2004ൽ ദിയോഗഢിനെ പ്രതിനിധീകരിച്ച് അദ്ദേഹം ലോക്‌സഭയിലെത്തി. 2014ൽ പെട്രോളിയം, പ്രകൃതിവാതക വകുപ്പുകളുടെ സഹമന്ത്രിയായി. 2017ൽ കാബിനറ്റ് റാങ്കിലേക്ക് പ്രധാൻ ഉയർത്തപ്പെട്ടു. 2021 ജൂലൈയിൽ പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. അന്നുമുതൽ തുടങ്ങിയതാണ് കുട്ടികളുടെ കഷ്ടകാലം..!
ഇപ്പോഴിതാ മറ്റൊരു മൂവ്‌മെന്റെ് ഇന്ത്യയാകെ കത്തിപ്പടരുന്നു. അതേ, ക്രോക്രോച്ച് ജനതാ പാർട്ടി. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ക്യാംപെയ്ൻ തുടങ്ങിയപ്പോൾ സി.ജെ.പി ഫോളോവർമാരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻകാരാണെന്നു പ്രചരിപ്പിക്കാനാണ് ബി.ജെ.പി കിണഞ്ഞു ശ്രമിച്ചത്.
95 ശതമാനത്തിലേറെപ്പേരും ഇന്ത്യക്കാരാണെന്നു വ്യക്തമാക്കിയപ്പോൾ ഭരണസ്വാധീനം ഉപയോഗിച്ച് സി.ജെ.പിയുടെ അക്കൗണ്ടുകൾ പൂട്ടാനും ഭീഷണിപ്പെടുത്താനും രാജ്യവിരുദ്ധരെന്നു മുദ്രകുത്താനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ ആ നീക്കത്തിന് കോടതി തടയിട്ടിരിക്കുകയാണ്. ഇനി എന്തു സംഭവിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ..!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
