കൊല്ലം: സംസ്ഥാന മന്ത്രിസഭ തന്നെ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുൻ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായെന്നും പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ലെന്നും വിമർശനം ഉയർന്നു.
അഞ്ചാലുംമൂട്ടിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂർച്ഛിച്ചതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ വിമർശനമുന്നയിച്ചു.
നടനും എംഎൽഎയുമായ മുകേഷിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്നും അഭിപ്രായമുയർന്നു.
പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥിയാക്കിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ വ്യക്തമാക്കി.
ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയില്ലാതെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുമോ? ഏരിയാ കമ്മിറ്റി ഓഫീസിലേക്കുള്ള മാർച്ചിന് നേതൃത്വം നൽകിയ നേതാക്കളെ സംരക്ഷിച്ചു. അവർക്കെതിരെ ഇപ്പോഴും നടപടി എടുക്കാത്തതിൽ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെമേൽ മാത്രം കുറ്റം ചാർത്തിയിട്ട് കാര്യമില്ല. വിഭാഗീയതയിൽ നടപടിയെടുക്കേണ്ട നേതൃത്വം ഒരു പക്ഷത്ത് മാത്രം നിൽക്കുകയാണ് ചെയ്തത്. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതെ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പ്രതിനിധികൾ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്