കുന്നിക്കോട്: പത്തനാപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ്കുമാറിന്റെ തോൽവി അദ്ദേഹം സ്വയം വരുത്തിവെച്ചതാണെന്ന് സി.പി.ഐ കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ. മന്ത്രിയായിരുന്നപ്പോൾ എന്തും എങ്ങനെയും വിളിച്ചുപറയാമെന്നായിരുന്നു ഗണേഷ്കുമാറിന്റെ ചിന്തയെന്നും, തിരഞ്ഞെടുപ്പ് പരിപാടികളും പ്രചാരണങ്ങളും യാതൊരുവിധ കൂടിയാലോചനകളുമില്ലാതെയാണ് നടത്തിയതെന്നും യോഗത്തിൽ അംഗങ്ങൾ കടുത്ത വിമർശനമുന്നയിച്ചു.
ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പരാമർശവും ഇളമ്പലിൽ എൻ.എസ്.എസ്. അംഗങ്ങളെക്കുറിച്ച് നടത്തിയ പ്രതികരണങ്ങളും ചില ജനവിഭാഗങ്ങളെ എൽ.ഡി.എഫിൽനിന്ന് അകറ്റാൻ കാരണമായി. മാധ്യമങ്ങളോട് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.
ഇതിനുപുറമെ, യു.ഡി.എഫിന് ബി.ജെ.പി.-എസ്.ഡി.പി.ഐ. കൂട്ടുകെട്ടിലൂടെ വോട്ട് നേടാനായതും എൽ.ഡി.എഫിന്റെ പരാജയത്തിന് ആക്കം കൂട്ടി. ഗണേഷ്കുമാറിന്റെയും എൽ.ഡി.എഫിന്റെയും അമിത ആത്മവിശ്വാസവും, വിജയിക്കുമെന്ന് കീഴ്കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകളെത്തുടർന്നുണ്ടായ പ്രവർത്തന അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചതായി യോഗം വിലയിരുത്തി.
കുന്നിക്കോട് ഏരിയ കമ്മിറ്റിക്കു കീഴിലുള്ള നാല് പഞ്ചായത്തുകളിലെ ഒൻപത് ലോക്കൽ കമ്മിറ്റികളിൽനിന്നായി മുപ്പതോളം അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
