ജൂലൈ 25നു രാത്രി എട്ടേമുക്കാലിനാണ് ഞാൻ ഡൽഹിയിൽ വിമാനമിറങ്ങിയത്. കോഴിക്കോട്-ഡൽഹി ഫ്‌ളൈറ്റ് കൃത്യസമയത്തു തന്നെ എത്തിച്ചേർന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എനിക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അടുത്തുള്ള സുഹൃത്തിന്റെ താമസസ്ഥലത്തേക്കുപോകാൻ എളുപ്പവഴി മെട്രോ ട്രെയിൻ പിടിക്കലാണ്. വമ്പിച്ച കാശു മുടക്കിയാണ് ഡൽഹിയിൽ മെട്രോ സംവിധാനം സ്ഥാപിച്ചത്. മലയാളിയായ ഇ. ശ്രീധരൻ നേതൃത്വം നൽകിയ ഡൽഹി മെട്രോ പദ്ധതി രാജ്യത്തിനാകെ അഭിമാനവുമാണ്.
എന്നാൽ മെട്രോ വണ്ടികൾ ലഭ്യമല്ല എന്ന് വിമാനത്താളത്തിൽ ഇറങ്ങിയപ്പോൾ തന്നെ മനസ്സിലായി. ന്യൂഡൽഹി അടക്കം പ്രധാനപ്പെട്ട എല്ലാ മെട്രോ സ്റ്റേഷനുകളും അടഞ്ഞുകിടക്കുന്നു. എന്ന് തുറക്കും, എപ്പോൾ തുറക്കും എന്നൊന്നും ആർക്കും ഒരു പിടിയുമില്ല. ഡൽഹിപോലിസിന്റെ ഉത്തരവാണ്.
ഡൽഹി ഭയത്തിന്റെ ഒരു പുതപ്പിൽ തലപൂഴ്ത്തി കിടക്കുകയാണ് എന്നൊരുതോന്നലാണ് പിന്നീട് ടാക്‌സി പിടിച്ചു നഗരത്തിലൂടെ സഞ്ചരിച്ചപ്പോൾ ഉണ്ടായത്. രാത്രിയായിട്ടും വാഹനഗതാഗതം പലയിടത്തും തടഞ്ഞിട്ടിരിക്കുന്നു. ലക്ഷ്യസ്ഥാനത്തു എത്തണമെങ്കിൽനേരായവഴിയിൽ നടപ്പില്ല. സർക്കാരും പോലീസും അത് അനുവദിക്കില്ല. ഒരേയൊരു വഴി വളഞ്ഞവഴികൾ മാത്രമാണ്. ജനം നിയമം ലംഘിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥ. രാജ്യത്തു നിയമവാഴ്ച അസ്തമിച്ചുപോയ കാഴ്ച. എന്തിനാണ് 150കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ തലസ്ഥാനം ഇങ്ങനെ അധികാരികൾ കെട്ടിപ്പൂട്ടിയിട്ടത്?
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന യുവജനങ്ങളോടുള്ള അവരുടെ ഭയം തന്നെ കാരണം. വിദ്യാഭാസ്യ സംവിധാനത്തിൽ കാണുന്ന പുഴുക്കുത്തുകൾ, അഴിമതികൾ, പക്ഷപാതങ്ങൾ, കെടുകാര്യസ്ഥത ഇതൊക്കെ സഹിക്കാനാകാതെയാണ് അവർ സമരത്തിന് ഇറങ്ങിയത്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും യുവതീയുവാക്കൾ അവിടെ എത്തിയിരുന്നു. രാപ്പകൽ അവർ സമരവേദിയിൽ ആയിരുന്നു. പലരും ആഴ്ചകളോളം നിരാഹാര സമരത്തിൽ ഏർപ്പെട്ടു.
ന്യായമായ സമരമെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും അംഗീകരിച്ച സമരം. മത്സരപരീക്ഷകളിൽ കൃത്രിമം നടത്തിയും ചോദ്യപേപ്പർ അടിച്ചുമാറ്റിയും ചിലർ അന്യായമായി നേട്ടങ്ങൾ കയ്യടക്കിയാൽ പിന്നെകോടിക്കണക്കിനു യുവാക്കളുടെ ഗതിയെന്ത്? അവർ എന്തിനു വർഷങ്ങൾ ചെലവഴിച്ചു
പരീക്ഷക്കുകോച്ചിങ്ങിനുപോയി വമ്പിച്ച ധനവും സമയവും നഷ്ടപ്പെടുത്തി? അവരുടെ കുടുംബങ്ങൾ എന്തിനു വലിയ ത്യാഗങ്ങൾ സഹിച്ചു? കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പലരും ലക്ഷങ്ങളുടെ കടക്കാരായി. എന്നാൽ പരീക്ഷാ സംവിധാനം താളംതെറ്റി. അതിന്റെ വിശ്വാസ്യതചോർന്നുപോയി. പിൻവാതിൽ വഴി അട്ടിമറികൾ നടന്നു. സർക്കാറും മന്ത്രിയും അതു കണ്ടില്ലെന്നു നടിച്ചു. അല്ലെങ്കിൽ അവർ സംവിധാനത്തെബോധപൂർവം തങ്ങളുടെ സാമ്പത്തികനേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തു.
അതിനാൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് യുവാക്കൾ ഉന്നയിച്ചത്. പരീക്ഷാസംവിധാനം തകർന്നതിന്റെ ധാർമിക ഉത്തരവാദിത്വം മന്ത്രിക്കു തന്നെയാണ്. എന്നാൽ സർക്കാർ അനങ്ങിയില്ല. പ്രധാനമന്ത്രി കുട്ടികളുടെ സമരം കണ്ടതായിപ്പോലും നടിച്ചില്ല. അവരെ ദേശദ്രോഹികളായി സർക്കാർ പിൻതുണക്കാർ മുദ്രകുത്തി. ബോസ്റ്റണിൽ പഠിക്കുന്ന ദീപ്‌കേ എന്ന യുവാവിന് ഇന്ത്യയിലെ മത്സരപരീക്ഷകളിൽ എന്തുകാര്യം, അയാൾ സിഐഎ ഏജന്റല്ലേ എന്നുവരെ പ്രചാരണങ്ങൾ നീണ്ടു.
മറുഭാഗത്തു പൊലീസിന്റെ നരനായാട്ടു സീമകൾ ലംഘിച്ചു. തോക്കും ടിയർ ഗ്യാസും ജലപീരങ്കിയും നിയന്ത്രണമില്ലാതെ പ്രയോഗിച്ചു. യുവാക്കളും യുവതികളും കടുത്ത മർദനംനേരിട്ടു. ഒരു കുട്ടിബോധമറ്റു ഐസിയുവിൽ കിടക്കുകയാണ്. പരീക്ഷകൾ കുളമായി പ്രതീക്ഷകൾ തകർന്നു പലരും ആത്മഹത്യ ചെയ്തു. ഒരു നാടിന്റെ ഭാവിവാഗ്ദാനങ്ങൾ തങ്ങളുടെ ജീവിതം സർക്കാരും പോലീസും ചേർന്ന് അഴിമതിക്കാരെ സംരക്ഷിക്കാനായി തകർത്തു തരിപ്പണമാക്കുന്ന കാഴ്ചയാണ് കണ്ടത്. അതു നടുക്കുന്ന ഒരു അനുഭവമായിരുന്നു.
അതിനാൽ ജന്തർമന്ദർ സമരംലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്രമോദി സർക്കാർ അതിനെ കൈകാര്യം ചെയ്ത രീതിയും ലോകം ശ്രദ്ധിച്ചു. ഒരു ജനാധിപത്യ രാജ്യത്തും കേട്ടുകേൾവിയില്ലാത്ത ക്രൂരതകളാണ് ഡൽഹിയിൽ അരങ്ങേറിയത്. അതിനാൽ രാജ്യമാകെ പൊട്ടിത്തെറിച്ചു. സർക്കാറിനെ പിന്താങ്ങിയവർപോലും നെഞ്ചത്തു കൈവച്ചു. പലരും പരസ്യമായി നീരസംരേഖപ്പെടുത്തി.
ഈയൊരു അന്തരീക്ഷമാണ് 25നു വൈകിട്ട് ഡൽഹിയിൽ കാണപ്പെട്ടത്. എങ്ങും പോലീസ് ബാരിക്കേഡുകൾ. സമരവേദിയിലേക്കോ പാർലമെൻറ്റ് പരിസരത്തേക്കോപോകാൻ ഒരു വഴിയും ഇല്ല. എല്ലാം അടച്ചിട്ടിരിക്കുന്നു. പലരും കിലോമീറ്ററുകൾ നടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏതായാലും സമരവേദിയിൽ യുവശക്തി ഇരമ്പി. ഒരു സർക്കാർ നിയന്ത്രണവും അവരെ ഭയപ്പെടുത്തിയില്ല. സമരം എല്ലാവിധ ഭീഷണികളെയുംനേരിട്ടു മുന്നോട്ടുപോയി. പിറ്റേന്ന് 26നു സർക്കാർ പരാജയം സമ്മതിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതായി ടിവിയിൽ വാർത്ത വന്നു. യുവജനങ്ങളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.
ഒരുപറ്റം യുവജനങ്ങളുടെ മുന്നിൽ ഇന്ത്യൻ സർക്കാർ മുട്ടുകുത്തി. വാർത്ത വന്നതോടെ ആഹ്‌ളാദാരവം മുഴങ്ങി. ഞങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സീനിയർ ജേർണലിസ്റ്റുകൾ ഒരുയോഗത്തിനായി അവിടെ എത്തിയതായിരുന്നു. ആസാം സർക്കാരിന്റെ ഭാഗമായ ബോഡോലാൻഡ് ട്രൈബൽ സമിതിയുടെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. അവിടെയാണ് ആരവം മുഴങ്ങിയത്. നാടെങ്ങും അതു പ്രതിധ്വനിച്ചു.
സത്യത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ധാർമിക പരാജയം തുടക്കം മുതലേ വ്യക്തമായിരുന്നു. ജനങ്ങളെ ശത്രുപക്ഷത്തു നിർത്തിയാണ് അവർ ഈ യുദ്ധം നയിച്ചത്. ഫലം, അവരുടെ ജനപിന്തുണ നഷ്ടമായി. പോലീസിനെ കയറൂരി വിട്ടാൽ എന്താവും ഫലം എന്ന് നാടാകെ മനസ്സിലാക്കി. വൈകിട്ട് എട്ടുമണിക്ക് കടകൾ പൂട്ടണം എന്നാണ് സർക്കാർ ഉത്തരവിട്ടത്. കടകൾ മുൻഭാഗത്തു പൂട്ടി പിന്നിലൂടെ കച്ചവടം തുടർന്നു. അതിനായി കടക്കാർ പോലിസിന് കൂടുതൽ കൈക്കൂലി നല്കുന്നതും കണ്ടു. പഞ്ചാബികളാണ് ഈ വിദ്യയിൽ മുന്നിൽ നിന്നത്. അവരുടെ ഒരു കച്ചവടവും അവർ നിർത്തിയില്ല. ഷട്ടർ താഴ്ത്തി അവർ കച്ചവടം നടത്തി. രാജ്യമാകെ മൊത്തത്തിൽ ഷട്ടർ താഴ്ത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി. അവസാനം ഇരുട്ടിലായതും അപ്രസക്തമായതും മോദി സർക്കാർ തന്നെയായിരുന്നു.
പന്ത്രണ്ടു വർഷം ഇന്ത്യ ഭരിച്ച നരേന്ദ്രമോദിയുടെ ഭരണത്തിന്റെ ധാർമികമായ അന്ത്യമാണ് ഈയാഴ്ച ഡൽഹിയിൽ കണ്ടത്. ഇനി അതിന്റെ തകർച്ചക്ക് അധികനാൾവേണ്ടിവരില്ല. മോദിക്കുശേഷം ആരെന്ന ചർച്ച ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. മോദിക്കുശേഷം ഇനിയൊരു സംഘപരിവാർ പ്രധാനമന്ത്രിയേയും രാജ്യത്തെ യുവജനത അംഗീകരിക്കില്ല എന്നാണ് ഡൽഹി സംഭവങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യം പുതിയൊരു തുറവിയിലേക്കു നീങ്ങുകയാണ്. അത് ആർഎസ്എസ് നിശ്ചയിക്കുന്ന പാതയിലൂടെ ഇനിയുള്ള നാളുകളിൽ സഞ്ചരിക്കാൻ ഇടയില്ല. കാരണം അവർ എങ്ങോട്ടാണ് നാടിനെ നയിച്ചത് എന്നകാര്യം ഇപ്പോൾ എല്ലാവർക്കും നന്നായി മനസ്സിലായിട്ടുണ്ട്.
എൻ.പി.ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
