തൃശൂര്‍: ബംഗളൂരുവില്‍ പഠിക്കുകയാണെന്നു പറഞ്ഞ് തൃശൂര്‍ മനക്കൊടി ചെറുവത്തൂര്‍ ആല്‍വിന്‍ ഇതുവരെ നടത്തിവന്നത് എംഡിഎംഎ കച്ചവടം. 21-ാം വയസില്‍ തന്നെ കാറും ബൈക്കുമായി ആഡംബര ജീവിതം നയിച്ച് ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു. ഒടുവില്‍ തൃശൂര്‍ നെടുപുഴ പൊലീസിന്റെ അന്വേഷണ മികവില്‍ ആല്‍വിന്‍ ഉള്‍പ്പെടെയുള്ള ലഹരി സംഘം പിടിയിലായി.
പൊലീസ് കസ്റ്റഡിയിലിരിക്കെ തെളിവെടുപ്പിനായി ഹൊസൂരില്‍ കൊണ്ടുപോയപ്പോള്‍ ആല്‍വിന്‍ പൊലീസിനെ വെട്ടിച്ച് കടന്നു. പൊലീസുകാരുടെ മൊബൈല്‍ഫോണുകളടക്കം കൈക്കലാക്കിയാണ് ആല്‍വിന്‍ ഹൊസൂരില്‍ നിന്ന് മുങ്ങിയത്. ദിവസങ്ങളോളം ബന്ധുക്കളുടെ സഹായത്തോടെ കേരളത്തിലെ പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ആല്‍വിനെ ഏപ്രില്‍ ഏഴിന് തൃശൂര്‍ പൊലീസ് പൂട്ടുകയായിരുന്നു.
മാര്‍ച്ച് ഏഴിനാണ് തൃശൂര്‍ നെടുപുഴയില്‍ വാടക വീടെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന സംഘം പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 70 ഗ്രാം എംഡിഎംഎയും നാലുകിലോ കഞ്ചാവും നെടുപുഴ പൊലീസ് പിടിച്ചെടുത്തു. വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി സംശയമുണ്ടെന്ന് പറഞ്ഞ് ഫോണ്‍വിളി വന്നതോടെയാണ് നെടുപുഴ പൊലീസ് സ്ഥലത്ത് പരിശോധനയ്ക്കെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ വീട്ടിലുണ്ടായിരുന്ന അഞ്ച് പേരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. വാതില്‍ തുറന്ന് പൊലീസിനെ തള്ളിയിട്ടാണ് ഇവര്‍ ഓടിരക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. ലഹരിമരുന്ന് പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
അരിമ്പൂര്‍ നാലാംകല്ല് തേക്കിലക്കാടന്‍ അരുണ്‍(25), സഹോദരനായ അലന്‍(19), അരണാട്ടുകര ആഞ്ജനേയന്‍(19) എന്നിവരാണ് മാര്‍ച്ച് ഏഴിന് അറസ്റ്റിലായ മൂന്നുപേര്‍. ഇവരുടെ വാടകവീട്ടില്‍ നിന്ന് ലാപ്ടോപ്, നോട്ട്പാഡ്, നാല് മൊബൈല്‍ ഫോണുകള്‍, എന്നിവയും ഒരു ബൈക്കും പിടിച്ചെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മനക്കൊടി ചെറുവത്തൂര്‍ ആല്‍വിന്‍(21), പുല്ലഴി അബിന്‍ ടോണി(20) എന്നിവരാണ് അന്ന് പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ടത്.
തൃശൂരില്‍ നിന്ന് മുങ്ങിയെങ്കിലും പൊലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പ്രതികള്‍ സിംകാര്‍ഡ് മാറ്റി മറ്റൊരു സിംകാര്‍ഡ് ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ ഇരുവരും ഡല്‍ഹിയിലെത്തി. തുടര്‍ന്ന് സംഭവമെല്ലാം തണുത്തെന്ന് കരുതി രണ്ട് പേരും ഡല്‍ഹിയില്‍ നിന്ന് തൃശൂരിലേക്ക് മടങ്ങി. പക്ഷേ ഇവരെ നിരീക്ഷിച്ചിരുന്ന പോലീസ് സംഘം ഇക്കാര്യമറിഞ്ഞതോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിലയുറപ്പിച്ചു. തൃശൂരില്‍ ട്രെയിനിറങ്ങിയ ആല്‍വിനെയും അബിന്‍ ടോണിയെയും പൊലീസ് കാത്തിരുന്ന് കൈയോടെ പിടികൂടി.
ആല്‍വിനാണ് ലഹരിസംഘത്തിന് ബംഗളൂരുവില്‍നിന്ന് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്. ഇതോടെ ആല്‍വിനെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്താനും ലഹരിസംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു. അതിനിടെ, പോലീസ് കസ്റ്റഡിയിലിരിക്കെ ആല്‍വിന്റെ പെരുമാറ്റങ്ങള്‍ പോലീസിനെ വലച്ചു. പൊലീസ് നല്‍കിയ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രതി ബിരിയാണി വേണമെന്ന് വാശിപ്പിടിച്ചു. ഇതോടെ പൊലീസ് സംഘം ഫ്രൈഡ് റൈസ് വാങ്ങി നല്‍കി. ഭക്ഷണം കിട്ടിയതോടെ പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലുമായി ആദ്യം സഹകരിച്ചു. എന്നാല്‍, അടിക്കടി മൊഴി മാറ്റിപ്പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
മാര്‍ച്ച് 29-ന് കേസില്‍ തെളിവെടുപ്പ് നടത്താനായി ആല്‍വിനെ പൊലീസ് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ബെംഗളൂരുവിലേക്ക് പോയ പോലീസ് സംഘം പ്രതിയുമായി ഹൊസൂരിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഗേറ്റും വലിയ ചുറ്റുമതിലുമുള്ള ഹോട്ടല്‍ തന്നെയാണ് താമസത്തിനായി തിരഞ്ഞെടുത്തത്. കാലില്‍ വിലങ്ങിട്ട് കട്ടിലിനോട് ബന്ധിപ്പിച്ചാണ് ആല്‍വിനെ ഹോട്ടല്‍മുറിയില്‍ കിടത്തിയത്. രണ്ടുപോലീസുകാരും മുറിയിലുണ്ടായിരുന്നു.
യാത്രാക്ഷീണമുണ്ടായിട്ടും പോലീസുകാര്‍ ഇടയ്ക്കിടെ പ്രതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ആല്‍വിന്‍ ഉറക്കം അഭിനയിച്ചു. പൊലീസുകാരും ഈ സമയം മയങ്ങിപ്പോയി. എന്നാല്‍, ഏതാനുംനിമിഷങ്ങള്‍ക്ക് ശേഷം പൊലീസുകാര്‍ ഇടയ്ക്ക് കണ്ണുതുറന്നപ്പോള്‍ ആല്‍വിന്‍ മുറിയിലുണ്ടായിരുന്നില്ല. ഓടിയെത്തി പരിശോധിച്ചപ്പോള്‍ ഹോട്ടല്‍കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പൈപ്പിലൂടെ ആല്‍വിന്‍ താഴേക്ക് ഊര്‍ന്നിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ പൊലീസ് സംഘം ഓടിയെത്തി. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതി സണ്‍ഷേഡിലൂടെ മതിലിലേക്കും പിന്നെ മതില്‍ചാടിക്കടന്ന് സമീപത്തെ ചതുപ്പിലേക്കും ഓടിപ്പോയി.
പ്രതി രക്ഷപ്പെട്ടതോടെ പൊലീസ് സംഘം ഉടന്‍തന്നെ ഹൊസൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഹൊസൂര്‍ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ആല്‍വിനെ കണ്ടെത്താനായില്ല. സമീപത്തെ കോളനികളിലും വാഹനങ്ങളിലും പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല.
പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ആല്‍വിന്‍ സമീപത്തെ കോളനിയില്‍ ഒളിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അവിടെനിന്നും രക്ഷപ്പെട്ടു. ഇതിനിടെ, ആല്‍വിന്‍ വിളിച്ചതനുസരിച്ച് നാട്ടില്‍നിന്ന് ചില ബന്ധുക്കള്‍ ബംഗളൂരുവിലെത്തിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് പ്രതി കാലിലെ വിലങ്ങ് മുറിച്ചെടുത്തതും പിന്നീട് കേരളത്തിലേക്ക് തിരികെ മടങ്ങിയതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, ഇതേക്കുറിച്ച് പൊലീസ് പിന്നീട് ചോദിച്ചപ്പോള്‍ കോളനിയില്‍നിന്ന് ഒരു സ്ത്രീ ബ്ലേഡ് നല്‍കിയെന്നും അതുപയോഗിച്ചാണ് വിലങ്ങ് മുറിച്ചതെന്നും ഒരു വര്‍ക്ക്ഷോപ്പില്‍നിന്നുള്ളയാളുടെ സഹായത്തോടെയാണ് വിലങ്ങ് മുറിച്ചതെന്നും പ്രതി മാറ്റിമാറ്റി പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം നുണയാണെന്നാണ് പൊലീസ് ഉറപ്പിച്ചുപറയുന്നത്.
ആല്‍വിന്‍ രക്ഷപ്പെട്ടതോടെ ഇയാള്‍ പോകാന്‍ സാധ്യതയുള്ള ബംഗളൂരുവിലെ സ്ഥലങ്ങളിലെല്ലാം പൊലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. ബംഗളൂരുവിലുള്ള ആല്‍വിന്റെ ഒരു സുഹൃത്തിനെയും കണ്ടെത്തി. എന്നാല്‍, ആല്‍വിന്‍ ആരെയും വിളിച്ചില്ല. പക്ഷേ, ഇതിനിടെ അപ്രതീക്ഷിതമായ മറ്റൊരു വഴിത്തിരിവുണ്ടായി. ആല്‍വിന്റെ കാമുകിയായ നഴ്സിങ് വിദ്യാര്‍ഥിനി ആല്‍വിന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ചതാണ് വഴിത്തിരിവായത്. ആല്‍വിന്‍ ചാടി അല്ലേടാ എന്നും കുറച്ചുമുന്‍പ് വിളിച്ചിരുന്നതായും കാമുകി സുഹൃത്തിനോട് പറഞ്ഞു. ഇതോടെ കാമുകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിച്ചു. ബംഗളൂരുവിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ നമ്പറില്‍ നിന്നാണ് ആല്‍വിന്‍ കാമുകിയെ വിളിച്ചതെന്ന് വ്യക്തമായി. ബംഗളൂരു നഗരത്തിന്റെ ഉള്‍പ്രദേശത്തുള്ള ഇയാളെ പിന്നീട് കണ്ടെത്തിയെങ്കിലും ആല്‍വിന്‍ കാമുകിയെ വിളിക്കാനായി ഇയാളുടെ ഫോണ്‍ ഉപയോഗിച്ചതാണെന്നും പ്രതി അവിടെനിന്ന് മുങ്ങിയെന്നും മനസിലായി.
മാര്‍ച്ച് 31 ന് ആല്‍വിന്‍ കേരളത്തിലെത്തിയതായി പൊലീസ് സംഘം ഉറപ്പിച്ചത് പിന്നീടായിരുന്നു. ഇതിനിടെ ആല്‍വിന്റെ ഒരു ബന്ധു ബംഗളൂരുവിലെ ഒരു ബേക്കറിക്കാരന്റെ ഫോണിലേക്ക് 500 രൂപ ഗൂഗിള്‍പേ ചെയ്തതായും കണ്ടെത്തി. വഴിയില്‍ കാണുന്നവരുടെ ഫോണുകളില്‍ നിന്ന് പ്രതി ഇടയ്ക്കിടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു.
അപകടം പറ്റിയെന്നും വീട്ടുകാരെ വിളിക്കണമെന്നും പറഞ്ഞാണ് ആല്‍വിന്‍ പലരുടെയും ഫോണുകളില്‍ നിന്ന് ബന്ധുക്കളെ വിളിച്ചിരുന്നത്. ഇങ്ങനെ വിളിക്കുമ്പോള്‍ ചെലവിനുള്ള പണം അക്കൗണ്ടിലിടാന്‍ നിര്‍ദേശിക്കും. ഒരിടത്തുനിന്ന് ബന്ധുക്കളെ ഫോണ്‍ വിളിച്ചാല്‍ അതേയിടത്തുനിന്നുള്ള എടിഎമ്മില്‍നിന്ന് പ്രതി പണം പിന്‍വലിച്ചിരുന്നില്ല. കിലോമീറ്ററുകള്‍ അകലെയുള്ള എടിഎമ്മില്‍ നിന്നാണ് പിന്നീട് പണം പിന്‍വലിക്കുക. പൊലീസ് പിന്നാലെ എത്തുമ്പോഴേക്കും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രതി രക്ഷപ്പെട്ടിരുന്നു.
ഒരു ബസ് യാത്രക്കാരിയുടെ ഫോണില്‍നിന്നും ആല്‍വിന്റെ വിളിയെത്തി. പൊന്നാനി ഭാഗത്തേക്കാണ് പ്രതി യാത്രചെയ്യുന്നതെന്ന് ഇതോടെ പോലീസിന് വ്യക്തമായി. തുടര്‍ന്ന് പൊന്നാനിയില്‍വെച്ചാണ് പൊലീസ് ആല്‍വിനെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്