തിരുവനന്തപുരം: ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പ് പ്രതിദിനം പുതിയ രൂപത്തിൽ വർദ്ധിച്ചുവരുന്നു. സ്നാപ്ഡീൽ എന്ന ജനപ്രീതിനേടിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൻ്റെ പേരിലുള്ള സമ്മാനത്തട്ടിപ്പ് വ്യാപകമാകുന്നു.
സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ രജിസ്റ്റർഡ് ആയി അയച്ചുനൽകിയാണ് തട്ടിപ്പിൻ്റെ തുടക്കം. സമ്മാനം ലഭിച്ച കൂപ്പൺ ആയിരിക്കും അത്. തുടർന്ന് നിങ്ങളെ സ്നാപ്ഡീലിൽ നിന്നെന്ന വ്യാജേന നിങ്ങളുടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റേണ്ട മാർഗങ്ങളെ കുറിച്ച് തട്ടിപ്പുകാർ വിശദമാക്കുന്നു. തുക ലഭിക്കുന്നതിനായി ടാക്സ് ഇനത്തിൽ സമ്മാനം ലഭിച്ച തുകയുടെ നിശ്ചിത ശതമാനം മുൻകൂട്ടി അടയ്ക്കാനായി ആവശ്യപ്പെടുന്നു. ഇങ്ങനെ ടാക്സിൻ്റെ പേരിൽ നിങ്ങളിൽ നിന്നും പണം തട്ടിപ്പുകാർ കവരുന്നു.
പൊതുജനങ്ങൾ ഓൺലൈൻ വ്യാപാര ഇടപാടുകൾ നടത്തുമ്പോഴും മറ്റും ലഭ്യമാക്കുന്ന വിവരങ്ങൾ, പൊതുയിടങ്ങളിൽ പലപ്പോഴും ലഭിക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ പോലുള്ള കൂപ്പണുകളിലും മറ്റും പൂരിപ്പിച്ച് നൽകുന്ന വിവരങ്ങളൊക്കെ ശേഖരിച്ചാണ് തട്ടിപ്പുകാർ നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർ മനസ്സിലാകുന്നത്.
സമ്മാനങ്ങൾക്കായി ഒരു സ്ഥാപനവും മുൻകൂറായി പണമടയ്ക്കാൻ ആവശ്യപ്പെടാറില്ല. യഥാർത്ഥ സമ്മാനങ്ങളെ തിരിച്ചറിഞ്ഞ് തട്ടിപ്പുകളിൽ വഞ്ചിതരാകാതെ ജാഗ്രത പാലിക്കേണ്ടതാണ്.
ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെടുകയോ ഇരയാകുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതിപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്