പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമായതായി വിവരം. നിലവിൽ ഏകദേശം 20,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കുള്ളത്. ഇന്ന് ഓൺലൈൻ ബുക്കിങ് വഴി മാത്രം 15,000 പേർ ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട്ട് ബുക്കിങ് കൂടി കണക്കിലെടുക്കുമ്പോൾ ഏകദേശം 17,000 ഭക്തർ ഇന്ന് സന്നിധാനത്തെത്തുമെന്നാണ് കണക്കുകൂട്ടൽ.
ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകുമെന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുള്ളത്. എന്നാൽ നിലവിലുള്ള സ്റ്റോക്ക് കണക്കിലെടുക്കുമ്പോൾ ഇത്രയും അളവിൽ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് സൂചന.
മാസപൂജാ സമയത്തെ തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ അരവണ കരുതൽ ശേഖരം ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചെന്ന വിമർശനവും ഉയരുന്നുണ്ട്. കന്നിമാസ പൂജകൾ പൂർത്തിയാക്കി ഇന്ന് രാവിലെ 10ന് നട അടയ്ക്കും.
അരവണ വാങ്ങാൻ രണ്ട് മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ടിവരുന്നതായി ഭക്തർ പറയുന്നു. ഇന്നലെ രാത്രി വരെ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയിരുന്നത്. ഇന്ന് അത് രണ്ട് ടിന്നായി ഉയർത്തിയെങ്കിലും ആവശ്യത്തിന് സ്റ്റോക്ക് ഇല്ലെന്നാണ് വിവരം.
അരവണയ്ക്ക് പുറമെ അപ്പത്തിനും ക്ഷാമമുണ്ടെന്നാണ് ഭക്തരുടെ പരാതി. അപ്പം ലഭിക്കുമെന്ന പ്രതീക്ഷയിൽ രാവിലെ എത്തിയ പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു. അരവണയും അപ്പവും വാങ്ങാൻ നീണ്ട ക്യൂവിൽ നിൽക്കാതെ മലയിറങ്ങുന്നവരുമുണ്ട്.
പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
നിലവിൽ പ്രതിദിനം രണ്ടേകാൽ ലക്ഷം ടിൻ അരവണയാണ് ഉൽപ്പാദിപ്പിക്കുന്നത്. പ്ലാന്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഉൽപ്പാദനം മൂന്നര ലക്ഷം ടിന്നായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
