‘നായാടി മുതൽ നസ്രാണി വരെ’; വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി പി. ജയരാജൻ

OCTOBER 8, 2026, 11:30 PM

പെരുമ്പാവൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ബിജെപിയുടെ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യത്തിന് ‘നായാടി മുതൽ നസ്രാണി വരെ’ എന്ന് വിപുലീകരണം നൽകുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് ജയരാജൻ പറഞ്ഞു. നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി 1935ൽ സി. കേശവൻ നടത്തിയ കോഴഞ്ചേരി പ്രസംഗം പരാമർശിച്ചായിരുന്നു വിമർശനം.

പെരുമ്പാവൂരിൽ പി.ആർ. ശിവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവത്രിക വോട്ടവകാശം എന്ന ആവശ്യമുയർത്തിയ നിവർത്തന പ്രക്ഷോഭകാലത്ത് ഈഴവർ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ ജോലി ലഭിക്കുന്നതിൽ വിവേചനം നേരിട്ടിരുന്നുവെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ഈ വിഭാഗങ്ങളെ കാര്യക്ഷമതയില്ലാത്തവരായി ചിത്രീകരിച്ചിരുന്നതിനെതിരെയായിരുന്നു സി. കേശവന്റെ കോഴഞ്ചേരി പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ സർ സി.പി.യെ വിമർശിച്ചുകൊണ്ട് കേശവൻ നടത്തിയ പരാമർശവും ജയരാജൻ ഓർമിപ്പിച്ചു. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ പിന്നാക്ക വിഭാഗങ്ങൾ നേരിട്ട വിവേചനത്തിനെതിരെ ശബ്ദിച്ച സി. കേശവന്റെ നിലപാടുകളെ ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്തായിരുന്നു വെള്ളാപ്പള്ളി നടേശനെതിരായ വിമർശനം.

vachakam
vachakam
vachakam

“ഇപ്പോൾ ഈഴവനോട് പറയുന്നത് ഹിന്ദുവാകൂ എന്നാണ്. 1935ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവന് അന്നത്തെ സാഹചര്യത്തിൽ അത്തരമൊരു നിലപാടിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ എന്താണ് നടക്കുന്നത്?” ജയരാജൻ ചോദിച്ചു.

ബിജെപി ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന് പറയുമ്പോൾ വെള്ളാപ്പള്ളി ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. “സി. കേശവനിൽനിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണ്? അത് ശ്രീനാരായണീയരാണ് ചിന്തിക്കേണ്ടത്. അവരെ ചിന്തിപ്പിക്കാനുള്ള ഇടപെടലുണ്ടാകണം,” എന്നും ജയരാജൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam