മർകസ് ഖുർആൻ ഫെസ്റ്റ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം

NOVEMBER 7, 2024, 12:32 PM

കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർത്ഥികൾ മാറ്റുരക്കും

കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) വെള്ളിയാഴ്ച(08.11.24) ആരംഭിക്കും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ രണ്ടാം എഡിഷനിലെ സെൻട്രൽ മത്സരങ്ങൾക്കാണ് കാരന്തൂരിലെ മർകസ് കേന്ദ്ര ക്യാമ്പസിൽ വെള്ളിയാഴ്ച തുടക്കമാവുക. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർത്ഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിൽ നടക്കും.

നാല് സെക്ടറുകളിലായി ഒരുമാസത്തോളം നീണ്ടുനിന്ന സെക്ടർ തല മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളാണ് സെൻട്രൽ ഫെസ്റ്റിൽ മത്സരിക്കുക. ഖുർആന്റെ പാരായണ സൗന്ദര്യം, ആശയ ഗാംഭീര്യം, മനഃപാഠ മികവ് എന്നിവ വിലയിരുത്തിയ സെക്ടർതല മത്സരങ്ങൾ ബുഖാരിയ്യ മപ്രം, ഉമ്മുൽ ഖുറ വളപട്ടണം, മമ്പഉൽ ഹുദ കേച്ചേരി, മർകസ് കാരന്തൂർ എന്നീ നാല് ക്യാമ്പസുകളിലാണ് നടന്നത്.

vachakam
vachakam
vachakam

വെള്ളിയാഴ്ച വൈകുന്നേരം നാലിന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി, റെക്ടർ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി, എം.എം.ഐ സി.എ.ഒ വി.എം. റശീദ് സഖാഫി, മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഹാഫിള് അബൂബക്കർ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, ഹാഫിള് അബ്ദു സമദ് സഖാഫി മൂർക്കനാട് തുടങ്ങി ഖുർആൻ വിജ്ഞാനശാഖയിൽ പാണ്ഡിത്യമുള്ള പ്രഗത്ഭർ ഫെസ്റ്റിന്റെ വിവിധ സെഷനുകളിൽ സംസാരിക്കും. വിദേശ ഖുർആൻ പണ്ഡിതരായ ഖാരിഅ് ശൈഖ് ഫൗസി സഈദ് ഹൈകൽ ഈജിപ്ത്, ഖാരിഅ് ശൈഖ് ത്വാരിഖ് അബ്ദുൽ ഹാദി ഒമാൻ, ഹബീബ് മഹ്ദി അബൂബക്കർ അൽ ഹാമിദ് മലേഷ്യ തുടങ്ങിയവർ പങ്കെടുക്കും. മുസാബഖതു മആരിഫിൽ ഖുർആൻ, മുസാബഖതു മആജിമിൽ ഖുർആൻ, മുസാബഖതു കലിമാതിൽ ഖുർആൻ തുടങ്ങി കേരളത്തിൽ വ്യാപകമല്ലാത്ത വിവിധ മത്സരങ്ങൾ അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി മെഗാ ക്വിസ് അടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 10 ഞായറാഴ്ച്ച വൈകുന്നേരം ഫെസ്റ്റ് സമാപിക്കും.

നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് കേരളത്തിലെ ആദ്യകാല ഖുർആൻ പഠന കേന്ദ്രമാണ്. പാരായണ ശാസ്ത്ര പ്രകാരം ഖുർആൻ ഹൃദിസ്ഥമാക്കിയ 2000ത്തോളം വിദ്യാർത്ഥികളാണ് ഇതിനകം ഇവിടെ പഠനം പൂർത്തീകരിച്ചത്. ഈജിപ്ത്, ബഹ്‌റൈൻ, യു.എ.ഇ, ലിബിയ, ജർമനി, കുവൈത്ത്, താൻസാനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിൽ നിരവധി തവണ മർകസ് വിദ്യാർത്ഥികൾ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ മതകാര്യ വകുപ്പിന്റെ കീഴിലുള്ള മസ്ജിദുകളിലും വിവിധ സ്ഥലങ്ങളിലെ ഖുർആൻ പഠന കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലെ ഗ്രാൻഡ് മസ്ജിദുകളിലും മർകസ് പൂർവ വിദ്യാർത്ഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ മർകസ് മെമ്പർ ഇൻസ്റ്റിറ്റിയൂഷൻസ് സി.എ.ഒ വി.എം. റശീദ് സഖാഫി, മീഡിയ & കമ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്റ്  ജോയിന്റ് ഡയറക്ടർ ശമീം കെ.കെ, മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ഹാഫിള് അബ്ദു സമദ് സഖാഫി മൂർക്കനാട് എന്നിവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam