ഡീലുകൾ, പടലപ്പിണക്കങ്ങൾ, കൂറുമാറ്റം, കുഴൽപ്പണം, കൊഴിഞ്ഞുപോക്ക്, അജ്ഞാത കത്തുകൾ, കരച്ചിലുകൾ.. ആരു ജയിച്ചാലും കേന്ദ്രത്തിലോ കേരളത്തിലോ ഒന്നും സംഭവിക്കാനില്ലാത്ത മൂന്നു ഉപതെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളിൽ കേരളം കെട്ടിമറിയുമ്പോൾ, കെട്ടഴിഞ്ഞു വരുന്നത് അണിയറക്കഥകളും അതിലേറെ അറിയാക്കഥകളും.
ഈ ഉപതെരഞ്ഞെടുപ്പു കൊണ്ട് നാട്ടുകാർക്ക് ( വോട്ടർമാർ) എന്തു പ്രയോജനം എന്നു പുച്ഛിച്ചു തള്ളാൻ തോന്നുന്നില്ല. കാരണം, നാട്ടുകാർ അറിയാതിരുന്നതു പലതും മറനീക്കി പുറത്തു വന്നു. ആക്ഷേപങ്ങളും മറുപടികളും കൊണ്ട് ഇത്രത്തോളം സമ്പന്നമായ ഒരു മത്സരക്കാലം സമീപനാളുകളിലുണ്ടായിട്ടില്ല. ദേശീയ നേതാവ് പ്രിയങ്കാ ഗാന്ധി മുതൽ യു.ആർ. പ്രദീപ് വരെയുള്ളവർ നിറയുന്ന വേദിയിൽ, മറന്നു കിടന്ന കേസുകളും മറു കണ്ടം ചാട്ടവും കാത്തു സൂഷിച്ച പകയും സഹിതം പലതും പുറത്തു ചാടി.
ഈ പ്രചരണകാലം കൊണ്ടുണ്ടായ സൽഫലം !
ഉൾപ്പാർട്ടി ചാഞ്ചാട്ടങ്ങൾ തിരശീല നീക്കി. നേതൃനിരയിലെ ഏകാധിപത്യ പ്രവണതകൾ തുറന്നു കാട്ടപ്പെട്ടു. പലരും പതിറ്റാണ്ടുകൾ ഒപ്പം നിന്ന കക്ഷി വിട്ട് മറുവഴി തേടാൻ നിമിത്തമായി. കണ്ണീരും ചിരിയും വെല്ലുവിളികളും സ്വാന്തനങ്ങളും. ഒന്നോർത്താൽ രാഷ്ട്രീയക്കാർക്ക് നമ്മൾ ചാർത്തിക്കൊടുത്തിട്ടുള്ള 'കാണ്ടാമൃഗം' ഇമേജ് വെറുതെയാണെന്ന് തോന്നും. ഇതൊരു പരിച്ഛേദമാണ്. പാലക്കാട്ടെ സരിനെപ്പോലെ, സന്ദീപ് വാര്യരെപോലെ.. വിതുമ്പി പോകുന്നവർ.
ഉപതെരഞ്ഞെടുപ്പ് വന്നില്ലായിരുന്നെങ്കിൽ കൊടകര കുഴൽപ്പണ കേസ് വീണ്ടും ഉണരുമായിരുന്നോ?
പുനരന്വേഷണത്തിന് സി.പി.എം. നീങ്ങുമായിരുന്നോ? 2021ലെ മഞ്ചേശ്വരം ഇലക്ഷൻ സമയത്ത് ബി.ജെ.പി ഫണ്ടായി വന്നത് 42 കോടിയോളം രൂപയെന്നാണ് കുഴൽപ്പണ കേസിലെ കുറ്റപത്രത്തിൽ പറയുന്നത്. ഫണ്ടായി എത്തുന്ന ചാക്കുകണക്കിന് കള്ളപ്പണം കൈകാര്യം ചെയ്യുന്നതിലെ തർക്കമാണ് ബി.ജെ.പിയുടെ ഇലക്ഷൻ കാലതലവേദനയെന്ന് എ.എ. റഹിമിന്റെ പരിഹാസം.
കോടികളുടെ കിലുക്കം!
പാലക്കാട്ട് രാഹുൽ മാങ്കൂട്ടം സ്ഥാനാർത്ഥിയായത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കോക്കസിന്റെ കളിയാണെന്ന് ഡി.സി സി. നേതൃത്വത്തിനു നൽകിയ ശുപാർശ കത്ത് പുറത്ത് വിട്ട് ഒരു വിഭാഗം. വെട്ടിപ്പോയ പേരാകട്ടെ, സാക്ഷാൽ കെ.മുരളീധരന്റേയും. മത്സരം മടുത്തെന്ന് മുരളീധരനും.
സി.പി.എം ഏറെക്കാലം പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചത് ബി.ജെ.പി പിന്തുണയോടെയെന്ന രഹസ്യം വെളിപ്പെടുത്തി സന്ദീപ് വാര്യർ പഴയ കത്ത് പുറത്ത് വിട്ട് സി.പി.എമ്മിനേയും വെട്ടിലാക്കി.
പാർട്ടിയെ വിമർശിച്ച് പാലക്കാട് പ്രചരണത്തിനില്ലെന്ന് പറഞ്ഞു മാറിയ സന്ദീപ് വാര്യർ കെ. സുരേന്ദ്രന്റെ കണ്ണിലെ കരടായി. ഇലക്ഷൻ കഴിഞ്ഞാലുടൻ നടപടി. അതിനു മുൻപ് സന്ദീപിനെ 'സഖാവാ'ക്കാൻ മടിക്കില്ലെന്ന് എം.വി. ഗോവിന്ദൻ.
ഏതായാലും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പാർട്ടിവിട്ട കോൺഗ്രസ് മീഡിയ വിംഗ് കൺവീനറായിരുന്ന പി.സരിനാണ് ഉപതെരഞ്ഞെടുപ്പിലെ താരം. പാലക്കാട് കോൺഗ്രസിൽ ഷാഫി പറമ്പിലിനെതിരായ പടയൊരുക്കത്തിനും സരിന്റെ നിലപാട് കളമൊരുക്കി.
ദുരന്തഭൂമിയായ വയനാടിനുവേണ്ടി കേന്ദ്രം എന്തു ചെയ്യും, കേരളം എന്തു ചെയ്തു എന്ന് വോട്ടർമാർ വിലയിരുത്തുമെന്നതാണ് അവിടുത്തെ പ്രധാന രാഷ്ട്രീയ ചോദ്യം. വയനാട്ടിൽ പ്രിയങ്കയെ നേരിടാൻ ബി.ജെ.പി. ഇറക്കിയത് വനിതയെത്തന്നെ - നവ്യ ഹരിദാസ്
ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന ചേലക്കര കാൽ നൂറ്റാണ്ടായി ഇടതു കോട്ടയാണ്. തൃശൂർ ജില്ലയിലെ ഈ മണ്ഡലം നിലനിർത്താൻ മുൻ എം.എൽ.എ യു.ആർ. പ്രദീപിനെയാണ് സി.പി.എം കളത്തിലിറക്കുന്നത്. കെ. രാധാകൃഷ്ണൻ ലോക് സഭയിലേയ്ക്ക് പോയ ഒഴിവിലാണ് മത്സരം. മുൻ എം.പി. രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമോ എന്ന് ഇവിടെ ക്രമാനുഗതമായി വളരുന്ന ബി.ജെ.പി വോട്ടുകൾ കൂടി നിശ്ചയിക്കും.
ചേലക്കരയിൽ സി.ഐ.ടി.യു. പ്രവർത്തകൻ ഹരിദാസൻ സ്വതന്ത്രനായി വന്നത് സി.പി.എമ്മിനെ ഞെട്ടിച്ചില്ല. കാരണം, രമ്യ ഹരിദാസിന്റെ അപരനായി ഈ ഹരിദാസിനെ ഇറക്കിയതാണോ എന്ന സംശയം അന്തരീക്ഷത്തിലുണ്ട്. പുകമറ നീക്കി ജനം വിധിയെഴുതാൻ കാക്കണം, പതിമൂന്നു വരെ.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്