കോയമ്പത്തൂര്‍: ഒരുമിച്ച് താമസിച്ചിരുന്ന മലയാളികള്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കരുവശ്ശേരി സ്വദേശികളായ സി. മഹേഷ് (48), എല്‍. ജയരാജ് (51) എന്നിവരാണ് മരിച്ചത്. മഹേഷിനെ കഴുത്തിന് വെട്ടേറ്റനിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
തുടിയല്ലൂര്‍ ഭാഗത്ത് ബേക്കറി നടത്തി വരികയായിരുന്ന ഇരുവരും തിങ്കളാഴ്ച കടയില്‍ എത്തിയിരുന്നില്ല. ചൊവ്വാഴ്ചയും എത്താത്തതിനെത്തുടര്‍ന്ന് കടയിലെ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജീവനക്കാര്‍ ഇവര്‍ താമസിച്ചിരുന്ന വിശ്വനാഥപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയതായി കണ്ടു. പലതവണ വിളിച്ച് നോക്കിയിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ ജനല്‍വഴി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.
ഡെപ്യൂട്ടി കമ്മിഷണര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മഹേഷിന്റെ ചില സൗഹൃദങ്ങളെച്ചൊല്ലി ഇരുവരും കലഹത്തിലായിരുന്നെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിക്കപ്പെടുമെന്നുള്ള ഭയം കാരണം ജയരാജ് ആത്മഹത്യ ചെയ്തതാകാം എന്നും പൊലീസ് കരുതുന്നു. ഞായറാഴ്ച രാത്രിയാവണം സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്