തിരുവനന്തപുരം: മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാർ അപ്പീൽ നൽകിയേക്കില്ല.
ഹൈക്കോടതി ഉത്തരവിൽ സർക്കാരായിരുന്നു എതിർകക്ഷി. തന്നെ കേൾക്കാതെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാദം ഉയർത്തി സജി ചെറിയാന് കോടതിയെ സമീപിക്കാമെന്നാണ് വിലയിരുത്തൽ.
മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തിൽ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി.
പ്രസംഗത്തിന്‍റെ ഫൊറൻസിക് റിപ്പോർട്ട് വരും മുന്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ വിമര്‍ശനമുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് വിവാദമായ പ്രസംഗം നടന്നത്. ഭരണഘടനയെ വിമർശിക്കുന്ന തരത്തിലുള്ള പ്രസംഗം വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സജി ചെറിയനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കേസെടുക്കുകയും ചെയ്‌തിരുന്നു.
'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ തയ്യറാക്കി. മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം' എന്നായിരുന്നു സജി ചെറിയാൻ പ്രസംഗത്തിൽ ആരോപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്