ത്രിതല പഞ്ചായത്തുകളിലും ഇനി കെ-സ്മാർട്ട് സേവനം

APRIL 10, 2025, 4:04 AM

തിരുവനന്തപുരം: വാഗ്ദാനങ്ങൾ നിറവേറ്റുന്ന പുതിയ ഭരണ സംസ്‌കാരമാണ് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. സേവനങ്ങൾ സുതാര്യമായി അതിവേഗം ജനങ്ങളിലെത്തിക്കണമെന്ന സർക്കാർ കാഴ്ചപ്പാട് ഭരണത്തിന്റെ സ്വാദ് എല്ലാവരിലേക്കും എത്തിക്കുന്നതിനും സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൗരകേന്ദ്രീകൃത ഓൺലൈൻ സേവനം ലഭ്യമാക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കെ-സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മാറി വരുന്ന കാലത്തിനനുസൃതമായ സാങ്കേതികവിദ്യയിലൂടെ സിവിൽ സർവീസിനെ നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. അതിനുള്ള മികച്ച ഇടപെടലാണ് കെ-സ്മാർട്ട്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യനന്മക്കും സാമൂഹ്യ പരിവർത്തനത്തിനും ഉതകുന്നതാകണം. അതിനു സഹായകമാകും വിധം സാർവത്രിക ലഭ്യത ഉറപ്പുവരുത്തുക പ്രധാനമാണ്. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയും അതിന് അനുസൃതമായ നൂതന സമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

നമ്മുടെ രാജ്യത്ത് ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ്. കെ-ഫോണിലൂടെ 2023 പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകളാക്കി. രണ്ടായിരം ഹോട്ട്സ്പോട്ടുകൾകൂടി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കണക്ടിവിറ്റി ലഭ്യമാക്കുന്നതോടൊപ്പം നൂനത സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുതകുന്ന തരത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്നുവരികയാണ്. പദ്ധതിയുടെ പൂർത്തീകരണത്തോടെ ബൃഹദ് സേവന ശൃംഖല രൂപപ്പെടും.

vachakam
vachakam
vachakam

നിമിഷങ്ങൾക്കുള്ളിൽ വ്യവസായം തുടങ്ങാനാകുന്ന നാടായി കേരളം മാറി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ദേശീയ തലത്തിൽ ശ്രദ്ധനേടാൻ കഴിഞ്ഞതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചു. ലൈഫ് മിഷൻ, മാലിന്യ നിർമാർജനം, അതിദാരിദ്ര്യനിർമാർജനം തുടങ്ങിയ പദ്ധതികളിലെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങൾ നടത്തി.  കെ-സ്മാർട്ടിലൂടെ 900ൽ അധികം സർക്കാർ സേവനങ്ങളാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുളളിൽ 33 ലക്ഷത്തിലധികം ഫയലുകൾ പ്രോസസ് ചെയ്യാനും 25 ലക്ഷത്തിലധികം ഫയലുകൾ തീർപ്പാക്കാനുമായി. വകുപ്പിലെ ഉദ്യോഗസ്ഥർ അധിക ജോലി ചെയ്തും അവധി ദിനങ്ങളിൽ പ്രവർത്തിച്ചുമാണ് 5 ലക്ഷത്തോളം ഫയലുകൾ കൈകാര്യം ചെയ്തത്. ആറു മണിക്കൂറിനുള്ളിൽ 4 ലക്ഷം ഫയലുകൾ പ്രോസസ് ചെയ്യാനായി. ഒരു ദിവസത്തിൽ 10 ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാനായിട്ടുണ്ട്. ഇത്തരത്തിൽ കാര്യക്ഷമവും ആത്മാർത്ഥവുമായ ഇടപെടലാണ് നടത്തിവരുന്നത്. സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും അപേക്ഷകളുടെ നിജസ്ഥിതി അറിയാനും ലോകത്തെവിടെയിരുന്നും സേവനം പ്രയോജനപ്പെടുത്താനുമാകും. രണ്ടാംഘട്ടമായി 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് കെ-സ്മാർട്ട് സേവനം വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനജീവിതങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് കെ-സ്മാർട്ട്  സൃഷ്ടിക്കുന്നതെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നേരിട്ട് ഓഫീസുകളിൽ പോകാതെ വീടുകളിൽ തന്നെ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ്. നിലവിൽ ബിൽഡിംഗ് പെർമിറ്റിനായി ചട്ടപ്രകാരം അപേക്ഷ സമർപ്പിച്ചാൽ ശരാശരി 9 സെക്കന്റിനുള്ളിൽ ലഭിക്കും. ഇതിനോടകം കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി  ഇരുപത്തിമൂവായിരത്തിലധികം ബിൽഡിംഗ് പെർമിറ്റുകൾ നൽകാനായി. അറുപത്തി മൂവായിരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഇരുപത്തിയൊന്നായിരം വിവാഹങ്ങൾ വീഡിയോ കെവൈസി രജിസ്ട്രേഷനിലൂടെയാണ് രജിസ്റ്റർ ചെയ്തത്. സേവനങ്ങൾ ലഭ്യമാക്കിയതിലൂടെ കോർപ്പറേഷനുകളുടെ നികുതിവരുമാനം 37 ൽ നിന്നും 56 ശതമാനമായും മുനിസിപ്പാലിറ്റികളുടേത് 56 ൽ നിന്നും 63 ശതമാനമായും വർദ്ധിച്ചു. ഡാറ്റാ പ്യൂരിഫിക്കേഷനിലൂടെ കേരളത്തിലെ നഗരസഭകളിൽ 394 കോടിരൂപയുടെ അധികവരുമാനം നേടാനായതായും മന്ത്രി പറഞ്ഞു.

കെട്ടിട നിർമാണ പെർമിറ്റ് നൽകലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കെ-സ്മാർട്ട് സ്‌കൂൾ ഓഫ് ടെക്നോളജിയുടേയും കെ-സ്മാർട്ട് വീഡിയോ കെവൈസി വഴി വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന്റേയും  ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും നിർവഹിച്ചു. ഐകെഎം ജീവനക്കാർക്കുളള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മേയർ ആര്യാ രാജേന്ദ്രൻ പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

ഇൻഫർമേഷൻ കേരള ചീഫ് മിഷൻ ഡയറക്ടറും എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ സന്തോഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. റവന്യു  മന്ത്രി കെ രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam