കോഴിക്കോട്: അങ്കണവാടിയിലെ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കിയിട്ട് പോഷക നിലവാരം ഉയര്‍ന്നോയെന്നറിയാന്‍ പഠനം നടത്തും. കുട്ടികളുടെ വളര്‍ച്ചക്കുറവും ഭാരക്കുറവുമെല്ലാം പരിഹരിക്കപ്പെട്ടോ എന്നതുള്‍പ്പെടെ അറിയാന്‍ പഠനം നടത്താന്‍ തയ്യാറെടുക്കുകയാണ് വനിതാ-ശിശുവികസന വകുപ്പ്. സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററാണ് പഠനം (പോഷകബാല്യം ഇംപാക്ട് സ്റ്റഡി)നടത്തുക.
ആഴ്ചയില്‍ രണ്ട് ദിവസം വീതം മുട്ടയും പാലും നല്‍കുന്ന പോഷകബാല്യം പദ്ധതി 2022 ലാണ് തുടങ്ങിയത്. പോഷകാഹാരം നല്‍കുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള മാറ്റങ്ങളാണ് പഠിക്കുന്നത്. വനിതാ-ശിശുവികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ 33,120 അങ്കണവാടികളാണുള്ളത്. അവിടെയെല്ലാം പോഷകബാല്യം പദ്ധതി നടപ്പാക്കുന്നുണ്ട്. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. നാല് കുട്ടിക്ക് ഒരു പാക്കറ്റ് പാല്‍ എന്ന രീതിയിലാണ് നല്‍കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങിയ പദ്ധതിയായതിനാല്‍ മൂന്ന് ഘട്ടങ്ങളിലായാണ് വിവര ശേഖരണം നടത്തുക. അങ്കണവാടികളില്‍ കുട്ടികളുടെ വളര്‍ച്ചയും തൂക്കവുമെല്ലാം രേഖപ്പെടുത്തുന്നുണ്ട്. അതില്‍ നിന്നുള്ള ഡേറ്റ വിശകലനം ചെയ്യും. കോവിഡിന് മുന്‍പും ശേഷവും എന്ന രീതിയില്‍ പഠനം നടത്താനാണ് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ ആലോചന.ഒരു വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും.
പോഷകബാല്യം പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് 80 കോടിയോളമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഓരോ വര്‍ഷവും ഭരണാനുമതി ലഭ്യമാക്കിയാണ് പദ്ധതി നടത്തിപ്പെന്നും ഇത്തവണയും അതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയാണെന്നും വനിതാശിശുവികസനവകുപ്പ് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്