ജ്യൂസ് കടയില്‍നിന്ന് 200 കോടിയുടെ വാതുവെപ്പ് സാമ്രാജ്യത്തിലേക്ക്; മഹാദേവ് ആപ്പ് സൂത്രധാരന്‍ സൗരഭ് ചന്ദ്രാകര്‍ ഒടുവില്‍ പിടിയില്‍

NOVEMBER 3, 2026, 6:56 AM

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ഭിലായില്‍ കുടുംബം നടത്തിയിരുന്ന ജ്യൂസ് ഫാക്ടറി എന്ന ചെറിയ കടയില്‍ നിന്ന് പ്രതിമാസം 15,000 രൂപ മാത്രം വരുമാനം നേടിയിരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഞെട്ടിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ മുഖ്യസൂത്രധാരനായി മാറിയ കഥയാണ് സൗരഭ് ചന്ദ്രാകറിന്റേത്. ദുബായിലെ ആഡംബര ഹോട്ടലുകളിലെ താമസം, ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്ര, യു.എ.ഇയില്‍ 200 കോടി രൂപ ചെലവഴിച്ച് നടത്തിയ വിവാഹം എന്നിവയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഈ വാതുവെപ്പ് രാജാവ് ഒടുവില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ വലയിലായിരിക്കുകയാണ്.

ഒമാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച സൗരഭിനെ ചോദ്യം ചെയ്യുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത വാതുവെപ്പ് ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ഗെയിമിംഗിനും വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ക്കും ലഭിച്ച വന്‍ പ്രചാരം മുതലെടുത്താണ് സൗരഭ് ചന്ദ്രാകറും സുഹൃത്ത് രവി ഉപ്പാലും ചേര്‍ന്ന് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് എന്ന പ്ലാറ്റ്ഫോം കെട്ടിപ്പടുത്തത്. ക്രിക്കറ്റ്, ഫുട്ബോള്‍, ടെന്നീസ്, കാര്‍ഡ് ഗെയിമുകള്‍ തുടങ്ങിയവയില്‍ അനധികൃതമായി വാതുവെക്കാന്‍ സഹായിച്ച ഈ പ്ലാറ്റ്ഫോം വളരെ പെട്ടെന്നാണ് ഇന്ത്യയിലുടനീളം പടര്‍ന്നുപന്തലിച്ചത്. വാട്സാപ്പ്, ടെലിഗ്രാം വഴി ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ശൃംഖലയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ദുബായിലേക്ക് മാറ്റി ഇരുവരും ശതകോടികളുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തു.

വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഹവാല ചാനലുകള്‍ വഴിയും കോടിക്കണക്കിന് രൂപയാണ് ഇവര്‍ വിദേശത്തേക്ക് കടത്തിയത്. റാസല്‍ ഖൈമയില്‍ നടന്ന സൗരഭിന്റെ അത്യാഡംബര വിവാഹത്തോടെയാണ് ഈ സാമ്പത്തിക വളര്‍ച്ച അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. 112 കോടി രൂപ ഇവന്റ് മാനേജ്മെന്റിനും 42 കോടി രൂപ ഹോട്ടല്‍ ബുക്കിംഗിനുമായി പണമായും ഹവാലയായും കൈമാറിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാവുകയും ദുബായിലും ഡല്‍ഹിയിലുമുള്ള 1,700 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു.

അന്വേഷണം ശക്തമായതോടെ പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടുവിന്റെ പൗരത്വം നേടി നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സൗരഭ് ശ്രമിച്ചിരുന്നു. ഛത്തീസ്ഗഢ് രാഷ്ട്രീയത്തില്‍ വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച കേസ കൂടിയാണിത്. സിന്‍ഡിക്കേറ്റിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വന്‍ തുക കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വ്യാജ രേഖകളും വിദേശ പൗരത്വവും ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സൗരഭിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒമാന്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സി.ബി.ഐയുടെയും ഇ.ഡിയുടെയും നിരന്തര ഇടപെടലുകള്‍ക്കൊടുവില്‍ ഇന്ത്യയിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തെ ഉന്നത ബന്ധങ്ങളും വിദേശത്തുള്ള സാമ്പത്തിക നിക്ഷേപങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam