വാഷിംഗ്ടൺ: അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അപ്രതീക്ഷിത നീക്കങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കരുത്താകുന്നു. ഇറാനെതിരെയുള്ള ഡൊണാൾഡ് ട്രംപിന്റെ സൈനിക നീക്കങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായതോടെ, തകർച്ചയുടെ വക്കിലായിരുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിത നേട്ടമുണ്ടാക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഏർപ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങൾ കാരണം റഷ്യൻ എണ്ണവ്യാപാരം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ ഇടപാടുകാരെ റഷ്യയിൽ നിന്ന് അകറ്റാൻ വാഷിംഗ്ടൺ ആവുന്നത്ര ശ്രമിച്ചു. എന്നാൽ, ട്രംപ് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഇറാനിലെ എണ്ണക്കമ്പനികൾക്ക് നേരെയുണ്ടായ ആക്രമണം വിതരണത്തെ ബാധിച്ചതോടെ വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇത് റഷ്യയുടെ ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയുടെ അധിക വരുമാനമാണ് എത്തിക്കുന്നത്.
ആഗോള വിപണിയിൽ എണ്ണലഭ്യത ഉറപ്പാക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾ സ്വീകരിക്കാൻ ഇന്ത്യൻ റിഫൈനറികൾക്ക് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അനുമതി നൽകിയത് പുടിന് വലിയ ആശ്വാസമായി. ഉപരോധങ്ങൾ മൂലം വില കുറച്ചു വിറ്റിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ മികച്ച വില ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
യുക്രെയ്ൻ യുദ്ധം തുടരണമെങ്കിൽ സൈനിക ചെലവുകൾക്കായി വൻതുക കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു ക്രെംലിൻ. ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർദ്ധിപ്പിക്കാനോ സൈനിക ചെലവ് കുറയ്ക്കാനോ പുടിൻ നിർബന്ധിതനാകുമായിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷം റഷ്യയ്ക്ക് ഒരു 'ലൈഫ് ലൈൻ' ആയി മാറിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പ്രതിസന്ധി മുതലെടുത്ത് റഷ്യ തങ്ങളുടെ നയതന്ത്ര നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. റഷ്യ വിശ്വസനീയമായ ഊർജ്ജ ദാതാവാണെന്ന് പുടിന്റെ വക്താവ് ഡിമിട്രി പെസ്കോവ് ആവർത്തിച്ചു. ഇതിനിടെ, ഡൊണാൾഡ് ട്രംപും പുടിനും തമ്മിൽ ഫോണിലൂടെ സംസാരിച്ചതായും യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
