തെഹ്‌റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടി നിൽക്കെ, തങ്ങളുടെ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക-ആണവ കേന്ദ്രങ്ങളിൽ ഇറാൻ വൻതോതിൽ സുരക്ഷാ കോട്ടകൾ തീർക്കുന്നതായി റിപ്പോർട്ട്. 2024-ൽ ഇസ്രായേൽ ബോംബ് വർഷിച്ച സൈനിക താവളത്തിന് മുകളിൽ കോൺക്രീറ്റ് കവചം തീർത്ത് മണ്ണുപയോഗിച്ച് മൂടുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു.
തെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പർച്ചിൻ സൈനിക സമുച്ചയത്തിലാണ് പ്രധാനമായും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രായേൽ തകർത്ത കെട്ടിടത്തിന് സമീപം താലെഗാൻ 2 (Taleghan 2) എന്ന പേരിൽ പുതിയ സൗകര്യം ഇറാൻ വികസിപ്പിച്ചതായാണ് സൂചന.
നവംബർ മാസത്തിൽ ലോഹ മേൽക്കൂരയുണ്ടായിരുന്ന ഈ കെട്ടിടം ഇപ്പോൾ പൂർണ്ണമായും കോൺക്രീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലാണ്.വിദഗ്ധരുടെ അഭിപ്രായത്തിൽ, കോൺക്രീറ്റ് നിറം തിരിച്ചറിയാതിരിക്കാനും വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനുമായി ഈ കേന്ദ്രത്തിന് മുകളിൽ വൻതോതിൽ മണ്ണ് വിതറിയിട്ടുണ്ട്.
ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന ഹൈ-എക്സ്പ്ലോസീവ് കണ്ടെയ്ൻമെന്റ് വെസലുകൾ (high-explosives containment vessel) ഈ കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ടാകാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി (ISIS) വിലയിരുത്തുന്നു.കഴിഞ്ഞ വർഷം ജൂണിൽ അമേരിക്ക ബോംബിട്ട ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലെ മൂന്ന് തുരങ്ക കവാടങ്ങളും ഇറാൻ ഇപ്പോൾ മണ്ണിട്ട് മൂടിയിരിക്കുകയാണ്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.
തുരങ്കങ്ങൾ മണ്ണിട്ട് മൂടുന്നത് വഴി പ്രത്യേക സൈനിക വിഭാഗങ്ങളുടെ മിന്നലാക്രമണങ്ങളെ പ്രതിരോധിക്കാനും ആയുധങ്ങൾ പിടിച്ചെടുക്കുന്നത് തടയാനും സാധിക്കും.ഇസ്ഫഹാന് പുറമെ നടാൻസിലെ (Natanz) തുരങ്ക കവാടങ്ങളും കോൺക്രീറ്റും ഭാരമേറിയ യന്ത്രസാമഗ്രികളും ഉപയോഗിച്ച് ബലപ്പെടുത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
അമേരിക്കയുമായി ആണവ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്ന് വാഷിംഗ്ടൺ ഭീഷണി മുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന വ്യോമാക്രമണങ്ങളെ ചെറുക്കാനാണ് ഇറാൻ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ഭൂഗർഭ ബങ്കറുകളാക്കി മാറ്റുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
