ക്വാലാലംപൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ നല്‍കിയാണ് മലേഷ്യ മോദിയെ വരവേറ്റത്.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ഇരുനേതാക്കളും ഒരുമിച്ച് ക്വാലാലംപൂരിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, സമുദ്ര സുരക്ഷ എന്നിവയില്‍ ഇരുപക്ഷവും സഹകരണം ശക്തിപ്പെടുത്തുമെന്ന് മോദി വ്യക്തമാക്കി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുകള്‍ പാടില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ വേണമെന്നും അദ്ദേഹം സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി. കൂടാതെ പ്രതിരോധ സഹകരണം കൂടുതല്‍ സമഗ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ച മലേഷ്യയുടെയും മൊത്തം ഏഷ്യയുടെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിജയം മലേഷ്യയുടെ വിജയമാണ്. അത് ഏഷ്യയുടെ വിജയമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സന്ദേശം.
വിവിധ മേഖലകളിലുള്ള ബന്ധം വികസിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. ഭീകരതയെ ചെറുക്കുന്നതിലുള്ള ഇന്ത്യയുടെ സന്ദേശം വ്യക്തമാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും മലേഷ്യയും സമുദ്ര അയല്‍ക്കാരാണെന്നും ഇന്ന് ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വലിയ രാജ്യമാണ് മലേഷ്യ എന്നും മോദി പറഞ്ഞു. നമ്മുടെ നാഗരികതകളും സാംസ്‌കാരിക പൈതൃകവും ജനാധിപത്യ മൂല്യങ്ങളും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
