തെഹ്‌റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് 86-കാരനായ അലി ഖമേനി കൊല്ലപ്പെട്ടത്.
ഖമേനിയുടെ വിശ്വസ്തനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുൻ കമാൻഡറുമായ ലാരിജാനി, തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം ചെയ്യുമെന്നും ട്രംപിനെ വെറുതെ വിടില്ലെന്നും എക്സിലൂടെ വ്യക്തമാക്കി.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് രാജ്യത്തെ തകർക്കാനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതെന്നും വെനസ്വേലയിലേതിന് സമാനമായ അട്ടിമറി നീക്കമാണ് ഇവിടെയും പരീക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില അമേരിക്കൻ സൈനികരെ ഇറാൻ തടവിലാക്കിയിട്ടുണ്ടെന്നും ലാരിജാനി അവകാശപ്പെട്ടു.
അതേസമയം, ഇറാന്റെ ഭീഷണികളെ ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ലാരിജാനി ആരാണെന്ന് തനിക്കറിയില്ലെന്നും അയാളുടെ വാക്കുകൾക്ക് താൻ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചു. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ തുടരുമെന്നും നിരുപാധികമായ കീഴടങ്ങലാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണികളെ മുൻകൂട്ടി തടയാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തെ അറിയിച്ചിരുന്നു.
ഖമേനിയുടെ വധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതുവരെ ഇറാനിൽ ആയിരത്തിലധികം പേരും ഇസ്രായേലിൽ പന്ത്രണ്ടോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
യുദ്ധത്തിൽ ആറ് അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് ഇറാനെതിരെ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കരുതെന്നും, അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
