റിയാദ്: ചെങ്കടലിലൂടെ സഞ്ചരിച്ച സൗദി അറേബ്യന്‍ എണ്ണക്കപ്പലായ എന്‍സീലിയയ്ക്ക് നേരെ വന്‍ ആക്രമണം. പ്രൊജക്‌റ്റൈല്‍ പതിച്ച് കപ്പലിന്റെ മുന്‍ഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സമുദ്ര സുരക്ഷാ ഏജന്‍സികളും സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം പൂര്‍ണമായും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ അല്‍-ശുഖൈഖില്‍ നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ തെക്ക്-പടിഞ്ഞാറ് മാറി ചെങ്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് എന്‍സീലിയ ആക്രമിക്കപ്പെട്ടത്. പ്രൊജക്‌റ്റൈല്‍ പതിച്ചതിനെ തുടര്‍ന്ന് മുന്‍ഭാഗത്ത് പുകയുയരുകയും തീപിടിക്കുകയുമായിരുന്നു. യുകെ സമുദ്ര സുരക്ഷാ നിരീക്ഷണ ഏജന്‍സിയായ UKMTO (United Kingdom Maritime Trade Operations) സംഭവത്തില്‍ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണവും സുരക്ഷാ പരിശോധനകളും ശക്തമാക്കി.
അന്താരാഷ്ട്ര സമുദ്ര സഞ്ചാര നിയമങ്ങളുടെയും വാണിജ്യ കപ്പലുകളുടെ സുരക്ഷാ ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഈ ആക്രമണമെന്ന് സൗദി അതോറിറ്റി പ്രതികരിച്ചു. കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര പരിസ്ഥിതിയെ നാശനഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
യമനിലെ ഹൂത്തി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദി അറേബ്യയ്ക്കെതിരെ തങ്ങള്‍ പ്രഖ്യാപിച്ച നാവിക ഉപരോധം ലംഘിച്ചതിനാലാണ് കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഹൂത്തി വക്താവ് അവകാശപ്പെട്ടു. ചെങ്കടല്‍ വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങള്‍ ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വ്യാപാര പാതകളെയും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
