കീവ്: ഉക്രെയ്നെ പിന്തുണച്ച് 13 ലോക നേതാക്കള്‍. മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ച് 13 ലോക നേതാക്കളും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിറക്കി. സ്റ്റാര്‍മര്‍, മെര്‍സ്, മാക്രോണ്‍, മെലോണി തുടങ്ങി നിരവധി ലോക നേതാക്കളാണ് ഉക്രെയ്നെ പിന്തുണച്ച് രംഗത്ത് എത്തിയത്.
ഒക്ടോബര്‍ 21 ന് പ്രസിഡന്റ് സെലെന്‍സ്‌കി, യുകെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഒപ്പിട്ട ഒരു പ്രസ്ഥാവന പുറത്തിറക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ ശക്തമായി പിന്തുണക്കുന്നുവെന്നും അവര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍, സമാധാന ചര്‍ച്ചകള്‍ എന്നിവയ്ക്കാണ് ഉക്രെയ്ന്‍ പ്രധാന്യം നല്‍കുന്നതെന്ന് പ്രസ്ഥാവനയില്‍ പറയുന്നു. കൂടാതെ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പ് മാത്രമല്ല, അത് നടക്കുമ്പോഴും അവസാനിച്ചതിന് ശേഷവും ഉക്രെയ്ന്‍ ശക്തമായാണ് നിലകൊള്ളുന്നത്. സമാധാന ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് പുടിന്‍ സമ്മതിക്കുന്നത് വരെ റഷ്യയ്ക്കുമേല്‍ സാമ്പത്തികവും സൈനികവുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രസ്ഥാവനയില്‍ പറയുന്നു.
ഉക്രെയ്ന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കള്‍ ഉടന്‍ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രവര്‍ത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും എങ്ങനെ പിന്തുണയ്ക്കാമെന്നും മറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. ഈ ആഴ്ച അവസാനം യൂറോപ്യന്‍ കൗണ്‍സിലിലും കോളിഷന്‍ ഓഫ് ദി വില്ലിങ് ഫോര്‍മാറ്റിലും യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല ദശലക്ഷക്കണക്കിന് വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്ന പവര്‍ പ്ലാന്റുകളെ ലക്ഷ്യം വച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ ശൈത്യകാലത്ത് ഈ ആക്രമണങ്ങള്‍ ഗുരുതരമായ വൈദ്യുതി തടസങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ സൈന്യം ഒരേ സ്ഥലങ്ങളെ വീണ്ടും വീണ്ടും ലക്ഷ്യം വച്ചുകൊണ്ട് അവിടത്തെ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുകയാണ്. കൂടാതെ റഷ്യയ്ക്കും ബെലാറസിനും സമീപമുള്ള ചെര്‍ണിഹിവ്, സുമി തുടങ്ങിയ വടക്കന്‍ പ്രദേശങ്ങള്‍ കഴിഞ്ഞ ഒരു മാസമായി തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
13 നേതാക്കള്‍ ആരെല്ലാം
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, യുകെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി, പോളിഷ് പ്രധാനമന്ത്രി ടസ്‌ക്, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് കോസ്റ്റ, നോര്‍വേ പ്രധാനമന്ത്രി സ്റ്റോര്‍, പ്രസിഡന്റ് സ്റ്റബ്, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ഫ്രെഡറിക്സെന്‍, സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ്, സ്വീഡിഷ് പ്രധാനമന്ത്രി ക്രിസ്റ്റേഴ്സണ്‍ തുടങ്ങിയവരാണ് ആ 13 നേതാക്കള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്