ഒട്ടാവ/വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയിലും വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറായ യു.എസ്.എം.സി.എ (USMCA) 16 വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് കാനഡ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജൂലൈ ഒന്നിന് കരാര്‍ പുനപരിശോധിക്കാനിരിക്കെ, കനേഡിയന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ അഫയേഴ്‌സ് മന്ത്രി ഡൊണാള്‍ഡ് ലെബ്ലാങ്ക് ആണ് അമേരിക്കന്‍ ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീറിനും മെക്‌സിക്കന്‍ പ്രതിപ്രവര്‍ത്തകര്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചത്. ഈ വ്യാപാര സഖ്യം മൂന്ന് രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്തം അനിവാര്യമാണെന്ന് കാനഡ വ്യക്തമാക്കുന്നു.
കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചുകൊണ്ട് 'അമേരിക്കയുടെ 51-ാം സംസ്ഥാനം' എന്ന് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാനഡയിലെ യു.എസ് അംബാസഡര്‍ പീറ്റ് ഹോക്‌സ്ട്ര ഈ പോസ്റ്റ് പങ്കുവെക്കുക കൂടി ചെയ്തതോടെ കാനഡയില്‍ പ്രതിഷേധം ഇരമ്പുകയാണ്.
കാനഡ ഒരിക്കലും അമേരിക്കയുടെ 51-ാം സംസ്ഥാനമാകില്ല, കാനഡ വില്‍പനയ്ക്കുള്ളതല്ല. ട്രംപിന്റെ ഇത്തരം അസംബന്ധങ്ങള്‍ കേട്ട് മടുത്തു എന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രതികരിച്ചു. കരാര്‍ സംബന്ധിച്ച് അമേരിക്കയും മെക്‌സിക്കോയും തമ്മില്‍ ഇതിനകം തന്നെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും കാനഡയെ ഇതില്‍ നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ട്രംപ് ഭരണകൂടം കാനഡയുടെ സ്റ്റീല്‍, അലുമിനിയം, വാഹന മേഖലകളില്‍ ഏര്‍പ്പെടുത്തിയ കടുത്ത നികുതികള്‍ പിന്‍വലിക്കണമെന്ന് കാനഡ ആവശ്യപ്പെടുന്നു. എന്നാല്‍ കാനഡയില്‍ നിര്‍മ്മിക്കുന്ന കാറുകളില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും അമേരിക്കന്‍ നിര്‍മ്മിത ഭാഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന കടുത്ത നിബന്ധനയാണ് യു.എസ് മുന്നോട്ട് വെയ്ക്കുന്നത്.
അമേരിക്കയുമായി കാനഡയ്ക്ക് 30 ഓളം വ്യാപാര തര്‍ക്കങ്ങളുണ്ടെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചു. കനേഡിയന്‍ ഡയറി ക്വാട്ടകള്‍, ഒട്ടാവയുടെ വീഡിയോ സ്ട്രീമിങ് നിയന്ത്രണങ്ങള്‍, യു.എസ് മദ്യത്തിനുള്ള പ്രാദേശിക വിലക്കുകള്‍, പ്രതിരോധ ചെലവുകള്‍ എന്നിവയിലാണ് വാഷിംഗ്ടണിന് കടുത്ത എതിര്‍പ്പുള്ളത്.
വരുന്ന ജൂലൈ ഒന്നിനകം കരാര്‍ 16 വര്‍ഷത്തേക്ക് നീട്ടാന്‍ മൂന്ന് രാജ്യങ്ങളും ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍, കരാര്‍ തനിയെ റദ്ദാകില്ലെങ്കിലും പിന്നീട് എല്ലാ വര്‍ഷവും കടുത്ത പുനപരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഇത് വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നതിനാലാണ് കാനഡ ദീര്‍ഘകാല നീട്ടലിനായി സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ നികുതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് അമേരിക്കന്‍ ട്രേഡ് റപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
