യുഎസ് മദ്യം പൂഴ്ത്തിവെക്കാന്‍ ഒന്റാറിയോ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 20 മില്യണ്‍ ഡോളര്‍ വരെ; കടുത്ത പ്രതിസന്ധിയില്‍ കാനഡയിലെ മദ്യവിപണി

MAY 18, 2026, 7:19 AM

ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി വിപണിയില്‍ നിന്ന് മാറ്റിയ അമേരിക്കന്‍ മദ്യത്തിന്റെ വന്‍ ശേഖരം വില്‍ക്കാതെ സൂക്ഷിക്കാന്‍ ഒന്റാറിയോ പ്രവിശ്യക്ക് കനത്ത സാമ്പത്തിക ബാധ്യത. ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്ത 79.1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് മദ്യത്തിന്റെ ഈ ശേഖരം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കുന്നതിനായി മാത്രം പ്രവിശ്യ പ്രതിവര്‍ഷം ഏകദേശം 20 മില്യണ്‍ ഡോളര്‍ വരെ ചിലവഴിക്കേണ്ടി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രവര്‍ത്തനങ്ങളും ലോജിസ്റ്റിക്‌സും പഠിക്കുന്ന ബ്രോക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും ഒപ്പം മദ്യവില്‍പ്പന പ്രവണതകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന മദ്യവിപണി വിദഗ്ദ്ധന്‍ മൈക്കല്‍ ആംസ്‌ട്രോങ്ങാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

വന്‍ സാമ്പത്തിക ബാധ്യതയും നിഗൂഢതയും

വെയര്‍ഹൗസിംഗ്, ഇന്‍ഷുറന്‍സ്, സുരക്ഷ, ടൈ-അപ്പ് മൂലധനം എന്നിവയുള്‍പ്പെടെയുള്ള വാര്‍ഷിക ഇന്‍വെന്ററി ചെലവുകള്‍ ഉല്‍പ്പന്നത്തിന്റെ ആകെ മൂല്യത്തിന്റെ നാലിലൊന്നിന് തുല്യമായിരിക്കും എന്ന പൊതു വ്യവസായ നിയമത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയത്. ഇതനുസരിച്ച് പ്രതിവര്‍ഷം 10 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ (ശരാശരി 20 മില്യണ്‍ ഡോളര്‍) ഇതിനായി ചിലവ് വരും.

'നിങ്ങളുടെ മദ്യം വില്‍ക്കാതിരിക്കാന്‍ പ്രതിവര്‍ഷം 20 മില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അത് അത്രത്തോളം മൂല്യവത്താണോ എന്ന് വിലയിരുത്താന്‍ എനിക്ക് മാര്‍ഗമില്ല,' - എന്ന് മൈക്കല്‍ ആംസ്‌ട്രോങ് പറഞ്ഞു.

എന്നാല്‍ വിറ്റഴിക്കാത്ത ഈ മദ്യം സംഭരിക്കാന്‍ നികുതിദായകരുടെ പണത്തില്‍ നിന്ന് എത്ര ചിലവാകുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഒന്റാറിയോയിലെ മദ്യ വിതരണ ബോര്‍ഡ് (LCBO) തയ്യാറായില്ല. ഒന്റാറിയോയുടെ വിവരാവകാശ നിയമത്തിലൂടെ സിബിസി ന്യൂസിന് ലഭിച്ച രേഖകളില്‍ ഭൂരിഭാഗവും സരക്കാരുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ മറച്ചുവെച്ച നിലയിലായിരുന്നു. എല്‍സിബിഒയുടെ ഇത്തരം രഹസ്യ സ്വഭാവം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും പൊതുജനങ്ങളില്‍ നിന്ന് ഈ വിവരങ്ങള്‍ മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ആംസ്‌ട്രോങ് കൂട്ടിച്ചേര്‍ത്തു.

മാറുന്ന ഉപഭോക്തൃ ശീലങ്ങള്‍; യുഎസ് വിപണിക്ക് തിരിച്ചടി

ഒരു വര്‍ഷത്തിലേറെയായി 79.1 മില്യണ്‍ ഡോളറിന്റെ വിറ്റഴിക്കാത്ത മദ്യം വിപണിയില്‍ ഇറക്കാത്തത് കാനഡയിലെ ഉപഭോക്താക്കളുടെ ശീലങ്ങളെത്തന്നെ മാറ്റിമറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് കനേഡിയന്‍മാര്‍ തദ്ദേശീയമായ ബ്രാന്‍ഡുകളിലേക്കും യൂറോപ്യന്‍ ബദലുകളിലേക്കും വേഗത്തില്‍ മാറി.

നിരോധനത്തിന് തൊട്ടുപിന്നാലെ ഒന്റാറിയോ വൈന്‍ വിപണിയിലെ തദ്ദേശീയ വിഹിതം 27 ശതമാനത്തില്‍ നിന്നും 31 ശതമാനമായി ഉയര്‍ന്നു. കനേഡിയന്‍ ഉപഭോക്താക്കളുടെ ഈ മാറ്റം യുഎസ് മദ്യവ്യവസായത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ വിപണി നഷ്ടം ഉണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. 2024 ല്‍ യൂറോപ്യന്‍ യൂണിയന് ശേഷം യുഎസ് സ്പിരിറ്റുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി വിപണിയായിരുന്നു കാനഡ ($221 മില്യണ്‍).

ടെന്നസി സര്‍വകലാശാലയിലെ കാര്‍ഷിക സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ആന്‍ഡ്രൂ മുഹമ്മദ് പറയുന്നത് പ്രകാരം, കാനഡയില്‍ മദ്യവില്‍പ്പന നിയന്ത്രിക്കുന്നത് പ്രവിശ്യാ ക്രൗണ്‍ കുത്തകകള്‍ ആയതിനാലാണ് ഈ ബഹിഷ്‌കരണം ഇത്രയധികം ഫലപ്രദമായത് എന്നാണ്.

പ്രവിശ്യ നിലപാടുകളിലെ മാറ്റം

2025 മാര്‍ച്ചിലെ നിരോധനത്തിന് ശേഷം കാനഡയിലെ മറ്റ് പ്രവിശ്യകള്‍ തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആല്‍ബെര്‍ട്ട, സസ്‌കാച്ചെവാന്‍ എന്നീ പ്രവിശ്യകള്‍ തങ്ങളുടെ സ്വകാര്യവല്‍ക്കരിക്കപ്പെട്ട റീട്ടെയില്‍ സംവിധാനങ്ങള്‍ വഴി യുഎസ് ഇറക്കുമതി പുനരാരംഭിച്ചു. മാനിറ്റോബ, ക്യൂബെക്ക്, അറ്റ്‌ലാന്റിക് പ്രവിശ്യകള്‍ മദ്യം വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നതിന് പകരം നിലവിലുള്ള സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ തീരുമാനിച്ചു.

എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന കനത്ത സാമ്പത്തിക ബാധ്യതകള്‍ അവഗണിച്ചും അമേരിക്കന്‍ മദ്യത്തിന്റെ വില്‍പ്പനയും ഇറക്കുമതിയും കര്‍ശനമായി തടഞ്ഞു നിര്‍ത്തുന്ന കാര്യത്തില്‍ ഒന്റാറിയോയും ബ്രിട്ടീഷ് കൊളംബിയയും ഇപ്പോഴും കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam