കാട്ടുതീ പടരുന്നു: പുക അമേരിക്കയിലേക്ക്; ട്രംപിന്റെ വിമര്‍ശനത്തിനെതിരെ കാനഡ

JULY 20, 2026, 7:44 PM

ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ കാട്ടുതീ അതിരൂക്ഷമായി തുടരുന്നു. 7,35,000 ഹെക്ടറിലധികം വനഭൂമിയാണ് ഇതുവരെ തീപിടിത്തത്തില്‍ നശിച്ചത്. വടക്കുപടിഞ്ഞാറന്‍ ഒന്റാറിയോയിലെ ജനവാസം കുറഞ്ഞ മേഖലകളില്‍ നിന്ന് ആയിരത്തെണ്ണൂറോളം നിവാസികളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

പ്രവിശ്യയില്‍ നിലവില്‍ 190 ഓളം സജീവ തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ കനത്ത പുക കാനഡയിലും സമീപ രാജ്യമായ അമേരിക്കന്‍ സംസ്ഥാനങ്ങളിലും വായുനിലവാരം വന്‍തോതില്‍ മോശമാക്കി. കഴിഞ്ഞ ആഴ്ച ടൊറന്റോയില്‍ ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ടൊറന്റോയിലും അമേരിക്കയിലെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ മേഖലകളിലും വായുനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വിസ്‌കോണ്‍സിന്‍, ഇല്ലിനോയി, മിഷിഗണ്‍ ഉള്‍പ്പെടെയുള്ള യു.എസ് മിഡ്വെസ്റ്റ് സംസ്ഥാനങ്ങളില്‍ വായു മലിനീകരണം ഇപ്പോഴും അപകടകരമായ അളവില്‍ തുടരുകയാണ്.

അതേസമയം സംഭവത്തെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായിട്ടുണ്ട്. കാട്ടുതീ നിയന്ത്രിക്കുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്ന് ആരോപിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ വിമര്‍ശനത്തെ ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ശക്തമായി എതിര്‍ത്തു. ദുരന്ത സമയത്ത് സഹായം എത്തിക്കുന്നതിന് പകരം വിമര്‍ശിക്കുകയും താരിഫ് ഭീഷണി മുഴക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫോര്‍ഡ് വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ അമേരിക്കയില്‍ ചുഴലിക്കാറ്റും കാട്ടുതീയും ഉണ്ടായപ്പോള്‍ കാനഡ സഹായ ഹസ്തവുമായി മുന്നിലെത്തിയിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, അയല്‍ രാജ്യമെന്ന നിലയില്‍ ട്രംപ് കുറ്റപ്പെടുത്തലുകള്‍ നിര്‍ത്തി സഹായം നല്‍കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam