പണം നല്‍കിയില്ല! കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നത് ലഹരി മാഫിയ; വെളിപ്പെടുത്തലുമായി പിതാവ്

MAY 29, 2026, 9:59 PM

ഒട്ടാവ: കാനഡയിലെ ഒന്റാറിയോയില്‍ ഗുജറാത്ത് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുടുംബം. ലഹരിമരുന്ന് വ്യാപാരിയുടെ പണാവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് 22 വയസ്സുകാരിയായ വിധി കല്‍പ്പനേഷ്ഭായ് മേഘ അക്രമിക്കപ്പെട്ടതെന്ന് പിതാവ് ആരോപിച്ചു.

മെയ് 15 ന് ഒന്റാറിയോയിലെ സെന്റ് കാതറിന്‍സിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ജോഷ്വ സെന്റ് ഒമര്‍ (40) എന്ന പ്രാദേശ വാസിയെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത് രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.

കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മകളുടെ ഭൗതികശരീരം വിട്ടുനല്‍കാന്‍ കനേഡിയന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും കുടുംബം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.

പ്രകോപനത്തിന് കാരണം പണത്തെച്ചൊല്ലിയുള്ള തര്‍ക്കം

ലഹരി മരുന്ന് വ്യാപാരി വിധിയില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവള്‍ അതിന് വഴങ്ങുകയോ പണം നല്‍കാന്‍ തയ്യാറാവുകയോ ചെയ്തില്ല. ഇതില്‍ പ്രകോപിതനായ അക്രമി അവളെ കത്തികൊണ്ട് ക്രൂരമായി കുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാരകമായി പരിക്കേറ്റ മകള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു എന്നായിരുന്നു പിതാവിന്റെ വെളിപ്പെടുത്തല്‍.

മകള്‍ മരിച്ച വിവരം കാനഡയിലെ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്നാണ് തങ്ങളെ അറിയിച്ചതെന്നും തുടര്‍ന്ന് അവിടെയുള്ള ബന്ധുക്കളുമായി ഇമെയില്‍ വഴി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകള്‍ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും സാധിച്ചിട്ടില്ലെന്ന് വിധിയുടെ അമ്മായി സ്‌നേഹല്‍ ആരോപിച്ചു. കാനഡയിലെ പൊലീസും മറ്റ് അധികൃതരും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി. മകളുടെ ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. നാട്ടില്‍ വെച്ച് തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും

ഗുജറാത്തിലെ ബോര്‍സാദ് സ്വദേശിയായ വിധി കഴിഞ്ഞ 3 വര്‍ഷമായി കാനഡയില്‍ ഉപരിപഠനത്തിലായിരുന്നു. മൂന്ന് വര്‍ഷത്തെ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം, 'പേഴ്സനല്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ ഓണേഴ്സ്' കോഴ്സ് പഠിക്കുകയായിരുന്നു. സ്വന്തം ചെലവുകള്‍ക്കായി പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ഇടപെടല്‍

സംഭവം അറിഞ്ഞ് ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിയും ബോര്‍സാദില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ രാമന്‍ഭായ് സോളങ്കി വിധിയുടെ വസതി സന്ദര്‍ശിച്ചു കുടുംബത്തെ അനുശോചനം അറിയിച്ചു. പെണ്‍കുട്ടിയുടെ ഭൗതിക ശരീരം എത്രയും വേഗം ജന്മനാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസുമായും പ്രധാനമന്ത്രിയുടെ ഓഫിസുമായും നേരിട്ട് ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ കാനഡയിലെ നയാഗ്ര റീജിയണല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam