ഒട്ടാവ: കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ വെടിവെപ്പ്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ജിത് സിംഗ് ലഡ്ഡി ഏറ്റെടുത്തു. ഒന്‍പത് തവണയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കാപ്‌സ് കഫേ എന്ന് പേരുള്ള കഫേ കപില്‍ ശര്‍മയുടെയും ഭാര്യ ജിന്നി ഛത്രത്തിന്റെയും പങ്കാളിത്തത്തിലുള്ള റെസ്റ്ററന്റാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന കഫേ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉദ്ഘാടനം ചെയ്തത്.
കാറില്‍ എത്തിയ വ്യക്തിയാണ് ബുധനാഴ്ച രാത്രി കഫേയുടെ ജനാലയ്ക്ക് നേരെ ഒമ്പത് തവണ വെടിവെച്ചത്. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരരില്‍ ഒരാളാണ് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുള്ള ലഡ്ഡി. കപില്‍ ശര്‍മ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നാണ് സൂചന. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് വികാസ് ബഗ്ഗ എന്ന വികാസ് പ്രഭാകറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. 2024 ഏപ്രിലില്‍ പഞ്ചാബിലെ രൂപ്‌നഗര്‍ ജില്ലയിലെ തന്റെ കടയില്‍ വെച്ചാണ് വിഎച്ച്പി നേതാവ് വെടിയേറ്റ് മരിച്ചത്.
വെടിവെപ്പിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഖാലിസ്ഥാന്‍ ഭീകരര്‍ കാനഡയില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജന്‍സിയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് കഴിഞ്ഞ മാസം ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്