ഒട്ടാവ: കാനഡയിലെ വാഹന നിർമ്മാണ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി നികുതിയും, ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഡിമാൻഡിലുണ്ടായ ഇടിവുമാണ് രാജ്യത്തിന് തിരിച്ചടിയാകുന്നത്. ഒന്റാറിയോയിൽ സ്ഥാപിക്കാനിരുന്ന 1,200 കോടി ഡോളറിന്റെ ഹോണ്ട ഇലക്ട്രിക് വാഹന പ്ലാന്റ് നിർമ്മാണം കമ്പനി അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അമേരിക്കൻ നയങ്ങളിലെ മാറ്റം മൂലം ഹോണ്ട തങ്ങളുടെ ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറ്റുകയാണെന്ന് ജാപ്പനീസ് മാധ്യമമായ 'നിക്കെയ് ഏഷ്യ' റിപ്പോർട്ട് ചെയ്തു. 2028-ൽ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്ന ഈ പ്ലാന്റ് കാനഡയുടെ ഇവി ഹബ്ബ് എന്ന സ്വപ്നത്തിലെ പ്രധാന കണ്ണിയായിരുന്നു. എന്നാൽ, യുഎസ് വിപണിയിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും നികുതി ഭാരവുമാണ് ഹോണ്ടയെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.
കാനഡയിലെ പ്രതിപക്ഷം സർക്കാരിന്റെ ഇവി നയത്തെ രൂക്ഷമായി വിമർശിച്ചു. വിപണിയിലെ ആവശ്യം പരിഗണിക്കാതെ സബ്സിഡികൾ നൽകി ഇലക്ട്രിക് വാഹനങ്ങൾക്ക് അമിത പ്രാധാന്യം നൽകിയത് തിരിച്ചടിയായെന്ന് കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. സ്റ്റീൽ, അലുമിനിയം മേഖലകളിൽ അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം നികുതി പിൻവലിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അവർ കുറ്റപ്പെടുത്തി.
അതേസമയം, ഹോണ്ടയുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും വാഹനമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എയർബസ് കാനഡയുമായി എയർ ഏഷ്യ 150 വിമാനങ്ങൾക്കായി കരാറൊപ്പിട്ട വാർത്തയ്ക്ക് പിന്നാലെയാണ് വാഹന മേഖലയിലെ ഈ ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നത്. കാനഡയിലെ ഉൽപ്പാദനം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യവസായ മന്ത്രാലയവും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
