അമേരിക്കൻ ബാങ്കിംഗ് ഭീമനായ സിറ്റിബാങ്കിന്റെ കാനഡ യൂണിറ്റ്, തന്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഹബ് പ്രവർത്തിക്കുന്ന മിസിസാഗ, ഒന്റാറിയോയിലെ കെട്ടിടം സ്വന്തമാക്കിയാതായി റിപ്പോർട്ട്. കൂടാതെ സമീപത്തുള്ള മറ്റൊരു ഭൂമിയും ബാങ്ക് വാങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കാനഡയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കാനഡയിലെ കമ്പനികൾ ആഗോളതലത്തിൽ വ്യാപനം ശക്തമാക്കുകയും, ബഹുരാഷ്ട്ര കമ്പനികൾ രാജ്യത്ത് കൂടുതൽ ബിസിനസ് നടത്താൻ താൽപര്യം കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സിറ്റിബാങ്ക് കാനഡ അതിവേഗം വളരുകയാണ്. ഇതിന്റെ ഭാഗമായി അടുത്ത കുറച്ച് വർഷങ്ങൾക്കിടെ മിസിസാഗ ഓഫീസിലേക്ക് നൂറുകണക്കിന് പുതിയ ജീവനക്കാരെ നിയമിക്കാൻ ബാങ്ക് പദ്ധതിയിടുന്നു.
സിറ്റിബാങ്കിന്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഹബിൽ നിലവിൽ 3,000-ലധികം പേർ ജോലി ചെയ്യുന്നു. ടെക്നോളജി, റിസ്‌ക് മാനേജ്മെന്റ്, ഇന്റേണൽ ഓഡിറ്റ്, ഹ്യൂമൻ റിസോഴ്സസ് തുടങ്ങിയ മേഖലകളിലായി പ്രവർത്തിക്കുന്ന ഇവർ, ബാങ്കിന്റെ ആഗോള ഉൽപ്പന്ന-സേവന പ്ലാറ്റ്‌ഫോമുകളും ട്രേഡിംഗ്, പേയ്‌മെന്റ്‌സ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ ഈ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായി. 2025ൽ മാത്രം 600-ലധികം പുതിയ ജോലികൾ ഇവിടെ സൃഷ്ടിക്കപ്പെട്ടു.
ഈ പ്രദേശത്തെ കഴിവുള്ള മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്താനാണ് മിസിസാഗ സൈറ്റിന്റെ വികസനം ലക്ഷ്യമിടുന്നതെന്ന് ആണ് സിറ്റിബാങ്ക് കാനഡയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റെയ്മണ്ട് ഗാറ്റ്ക്ലിഫ് പറഞ്ഞത്.
“കാനഡയ്ക്കുള്ള പ്രതിഭാശേഷിയും വിദ്യാഭ്യാസ നിലവാരവും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്നവയാണെന്നതിന്റെ തെളിവാണ് ഈ നിക്ഷേപം,” എന്നും ഗാറ്റ്ക്ലിഫ് പറഞ്ഞു. വ്യാപാരപാതകൾ പുതുക്കി രൂപപ്പെടുത്താനും വിദേശ നിക്ഷേപം ആകർഷിക്കാനും കാനഡയ്ക്ക് “ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം” ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വ്യാപാര കരാറുകൾ സജീവമാകുകയാണ്. പ്രധാനപ്പെട്ട കരാറുകളും ഇടപാടുകളും നടക്കുകയാണ്. കാനഡയിലേക്ക് മൂലധനം എത്തുന്നതിൽ വലിയ താൽപര്യമുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
2025 ഏപ്രിലിൽ കാനഡ ബിസിനസിന്റെ ചുമതലയേറ്റ ഗാറ്റ്ക്ലിഫ്, 30 വർഷമായി സിറ്റിബാങ്കിനൊപ്പമുണ്ട്. 180-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ മികച്ച 10 വിപണികളിലൊന്നാണ് കാനഡയെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ ആസ്ഥാനമായ സിറ്റിഗ്രൂപ്പ് ഇൻക്കിന്റെ ഉപസ്ഥാപനമാണ് സിറ്റിബാങ്ക് കാനഡ. അമേരിക്കയിലെ മൂന്നാമത്തെ വലിയ വായ്പദാതാവായ സിറ്റിഗ്രൂപ്പിന്റെ ഈ യൂണിറ്റ്, കാനഡയിലെ ഉപഭോക്താക്കൾക്കും രാജ്യത്ത് ശാഖകളുള്ള വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കോമേഴ്സ്യൽ ബാങ്കിംഗ്, കോർപ്പറേറ്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ്, ക്രെഡിറ്റ് കാർഡ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നു.
ബാങ്ക് വാങ്ങിയ അധിക ഭൂമി ഏഴ് ഏക്കറിലധികം വിസ്തൃതിയുള്ളതാണ്. ഇത് നിലവിലുള്ള പ്രധാന സ്ഥലത്തിന്റെ ഏകദേശം പകുതിയോളം വലുപ്പമുണ്ട്. ഇപ്പോൾ ഈ ഭൂമിക്ക് പ്രത്യേക ഉപയോഗം നിശ്ചയിച്ചിട്ടില്ല. എന്നാൽ ടീമിന്റെ വലുപ്പവും ബിസിനസിന്റെ ആവശ്യങ്ങളും വർധിക്കുന്നതിനനുസരിച്ച് ഭാവിയിൽ കൂടുതൽ ശേഷി കൂട്ടാൻ ഇത് സഹായിക്കുമെന്ന് ഗാറ്റ്ക്ലിഫ് പറഞ്ഞു.
അതേസമയം, ബാങ്കിംഗ് മേഖലയിൽ കൃത്രിമ ബുദ്ധി (AI) വ്യാപകമാകുന്നതോടെ, പ്രത്യേകിച്ച് ബാക്ക്-ഓഫീസ് ജോലികളിൽ ആളുകൾക്ക് തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ AI ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നല്ലാതെ ജോലികൾ കുറയ്ക്കാനുള്ള ഉപാധിയാകില്ലെന്ന് ഗാറ്റ്ക്ലിഫ് വ്യക്തമാക്കി.
“ഈ സൈറ്റിലെ ടീമുകൾക്ക് AI ഒരു സഹായക ശക്തിയായിരിക്കും; ആളുകളെ കുറയ്ക്കാനുള്ള സംവിധാനമല്ല,” എന്ന് അദ്ദേഹം പറഞ്ഞു.
സിറ്റിബാങ്ക് ആദ്യമായി 2007ലാണ് മിസിസാഗ ഓഫീസിന് വാടകയ്ക്ക് സ്ഥലം എടുത്തത്. ഇപ്പോൾ ബാങ്ക് ടൊറന്റോയിലെ ഓഫീസ് നവീകരിക്കുകയും, കാൽഗറി, വാങ്കൂവർ കേന്ദ്രങ്ങൾ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു. ജീവനക്കാർക്കായി ഓഫീസ് സൗകര്യങ്ങളും വിഭവങ്ങളും പുതുക്കുന്നതിനായാണ് ഈ മാറ്റങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
