ഒട്ടാവ: യുഎസ് ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കകൾക്ക് വിരാമമിട്ട് കാനഡ. മാർച്ചിലെ നേരിയ ഇടിവിന് ശേഷം, ഏപ്രിലിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ ആഭ്യന്തര ഉത്പാദനം (GDP) 0.5% വളർച്ച കൈവരിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചാ നിരക്കാണിത്.
സാമ്പത്തിക വിദഗ്ധർ ഏപ്രിലിൽ 0.4% വളർച്ചയാണ് പ്രവചിച്ചിരുന്നതെങ്കിലും അതിനെയും മറികടക്കുന്ന പ്രകടനമാണ് കാനഡ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം മുതൽ യുഎസ് ഭരണകൂടം കാനഡയുടെ ചില പ്രധാന വ്യവസായ മേഖലകളിൽ താരിഫുകൾ ഏർപ്പെടുത്തിയത് രാജ്യത്തെ നിക്ഷേപങ്ങളെയും തൊഴിൽ മേഖലയെയും ബാധിച്ചിരുന്നു.
കൂടാതെ യുഎസ്-മെക്സിക്കോ-കാനഡ സ്വതന്ത്ര വ്യാപാര കരാറിന്റെ (USMCA) പുനഃപരിശോധന ബുധനാഴ്ച നടക്കാനിരിക്കുന്നതും രാജ്യത്ത് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് രാജ്യം ഇപ്പോൾ മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം കാനഡയിലെ ആകെയുള്ള 20 വ്യാവസായിക മേഖലകളിൽ 14 എണ്ണവും ഏപ്രിലിൽ വലിയ വളർച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്ന ഉത്പാദന മേഖല (Goods-producing sector) 1.2% വളർച്ച കൈവരിച്ചു.
ഇതിൽ ഖനനം, എണ്ണ-വാതക ഉത്പാദനം എന്നിവ 2.9% എന്ന കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വളർന്നത്. കൺസ്ട്രക്ഷൻ മേഖല 0.7 ശതമാനവും മാനുഫാക്ചറിങ് മേഖല 0.6 ശതമാനവും വളർച്ച രേഖപ്പെടുത്തി. സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണായ സേവന മേഖല 0.3% വളർച്ചയാണ് കൈവരിച്ചത്. മെയ് മാസത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ 0.1% കൂടി വളരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
