സാങ്കേതിക തടസം: 800 ദശലക്ഷം ഡോളറിന്റെ ഹെലികോപ്റ്റര്‍ നവീകരണ പദ്ധതി കാനഡ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

JUNE 27, 2026, 11:27 AM

ഒട്ടാവ: റോയല്‍ കാനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ സിഎച്ച്-146 ഗ്രിഫോണ്‍ ഹെലികോപ്റ്ററുകളുടെ കാലാവധി നീട്ടുന്നതിനായുള്ള 800 ദശലക്ഷം ഡോളറിന്റെ നവീകരണ പദ്ധതി കനേഡിയന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സാങ്കേതിക തടസങ്ങളും പദ്ധതിച്ചെലവ് വര്‍ധിക്കുന്നതിലെ ആശങ്കകളുമാണ് നവീകരണ കരാര്‍ റദ്ദാക്കാന്‍ കാനഡയെ പ്രേരിപ്പിച്ചത്.

പ്രതിരോധ രംഗത്തെ പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും നാറ്റോ സഖ്യത്തോടുള്ള കാനഡയുടെ പ്രതിബദ്ധതയും നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. വ്യോമ സേനയുടെ പക്കലുള്ള 82 ഗ്രിഫോണ്‍ ഹെലികോപ്റ്ററുകളും നവീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ കനേഡിയന്‍ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടായിരുന്നതായി പ്രമുഖ കനേഡിയന്‍ മാധ്യമമായ സി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിയുടെ ഭാവി നിര്‍ണയിക്കുന്നതിനായി കരാര്‍ ഏറ്റെടുത്ത ബെല്‍ ടെക്‌സ്‌ട്രോണ്‍ കാനഡ ലിമിറ്റഡ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഹെലികോപ്റ്ററുകളുടെ മിഷന്‍ സിസ്റ്റം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക കമാന്‍ഡ് സംവിധാനങ്ങള്‍ നവീകരിക്കുന്നതിലാണ് കമ്പനിക്ക് പ്രധാനമായും സാങ്കേതിക വെല്ലുവിളികള്‍ നേരിട്ടതെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, അത്യാധുനിക സെന്‍സറുകള്‍, പുതിയ എഞ്ചിനുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു 2022 മെയില്‍ ഒപ്പുവെച്ച ഈ നവീകരണ കരാര്‍.

2024 ജനുവരിയില്‍ ഈ ഹെലികോപ്റ്ററുകള്‍ 2039 വരെ പറത്താന്‍ ലക്ഷ്യമിട്ട് 2.2 ബില്യണ്‍ ഡോളറിന്റെ മറ്റൊരു പരിപാലന കരാറും കാനഡ ഒപ്പിട്ടിരുന്നു. നിലവിലെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും പദ്ധതിയുടെ വ്യാപ്തി പുനപരിശോധിക്കുകയാണെന്നും ബെല്‍ ടെക്‌സ്‌ട്രോണ്‍ വക്താവും കനേഡിയന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രിഫോണ്‍ ഹെലികോപ്റ്ററുകള്‍ക്ക് പകരം പുതിയ ടാക്റ്റിക്കല്‍ ഹെലികോപ്റ്റര്‍ വ്യൂഹം കൊണ്ടുവരാന്‍ കാനഡ നിലവില്‍ പദ്ധതിയിടുന്നുണ്ട്. ഏകദേശം 18 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ വന്‍കിട പദ്ധതിയുടെ ആസൂത്രണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഗ്രിഫോണ്‍ നവീകരണത്തില്‍ നിന്നുള്ള താല്‍ക്കാലിക പിന്മാറ്റം.

പുതിയ പദ്ധതി പ്രകാരം കാനഡയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് റെജിമെന്റിനായിരിക്കും ആദ്യ ഘട്ടത്തില്‍ ആധുനിക ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കുക. 2033 ഓടെ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയുടെ അന്താരാഷ്ട്ര സൈനിക നിലപാടുകളിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് നാറ്റോ സഖ്യത്തില്‍ കൂടുതല്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ കാനഡയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഈ സാഹചര്യത്തില്‍ തുക കൂടുതല്‍ ഫലപ്രദമായ പുതിയ പ്രതിരോധ പദ്ധതികളിലേക്ക് വക മാറ്റാനും ഒട്ടാവ ആലോചിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam