ഒട്ടാവ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രാപിക് വികസിപ്പിച്ചെടുത്തതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതുമായ അതീവ സുരക്ഷാ ശേഷിയുള്ള 'മിത്തോസ്' എഐ മോഡല്‍ ഇനി കാനഡയ്ക്കും ലഭ്യമാകും. കാനഡയുടെ എഐ കാര്യ മന്ത്രി ഇവാന്‍ സോളമന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ആന്ത്രാപിക് ഈ വര്‍ഷം ആദ്യം തുടക്കം കുറിച്ച 'പ്രൊജക്റ്റ് ഗ്ലാസ്വിങ്' എന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് കാനഡ മാറിയിരിക്കുന്നത്. കനേഡിയന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള 'കനേഡിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍' വഴിയായിരിക്കും മിത്തോസ് എഐ മോഡല്‍ പ്രവര്‍ത്തിപ്പിക്കുക. ഹാക്കിങ്, സൈബര്‍ സുരക്ഷാ മേഖലകളില്‍ മനുഷ്യനേക്കാള്‍ മികച്ച രീതിയില്‍ സോഫ്റ്റ്വെയറുകളിലെ തകരാറുകളും സുരക്ഷാ വീഴ്ചകളും കണ്ടെത്താന്‍ മിത്തോസ് മോഡലിന് സാധിക്കും. എന്നാല്‍ ഈ സാങ്കേതികവിദ്യ തെറ്റായ കൈകളില്‍ എത്തിയാല്‍ ആഗോളതലത്തില്‍ വന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇത് കാരണമായേക്കാം.
പൊതുസുരക്ഷയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാകാന്‍ സാധ്യതയുള്ളതിനാലാണ് ആന്ത്രാപിക് ഈ മോഡല്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്. ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഐടി ഭീമന്മാര്‍ക്ക് മാത്രമായിരുന്നു മുന്‍പ് ഇതിലേക്ക് പ്രവേശനമുണ്ടായിരുന്നത്. നിലവില്‍ ഈ സംവിധാനം ഉപയോഗിച്ച് ആഗോള സോഫ്റ്റ്വെയറുകളിലെ പതിനായിരത്തിലധികം ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താനും അവ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്. കാനഡ ഉള്‍പ്പെടെയുള്ള 15 ല്‍ അധികം രാജ്യങ്ങളിലെ 150 ഓളം വരുന്ന തിരഞ്ഞെടുക്കപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കുമായി ഈ പ്രോഗ്രാം ഇപ്പോള്‍ ആന്ത്രാപിക് വിപുലീകരിച്ചിരിക്കുകയാണ്.
കനേഡിയന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രൊജക്റ്റ് ഗ്ലാസ്വിങ്ങിന്റെ ഭാഗമാണ്. രാജ്യത്തെ പൊതുസ്ഥാപനങ്ങളെയും ഡിജിറ്റല്‍ സംവിധാനങ്ങളെയും സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കാനഡയ്ക്ക് ലഭിച്ച നിര്‍ണായക ചുവടുവെപ്പാണിത്. ഇത്തരം ശക്തമായ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് മുന്‍പ്, സുരക്ഷാ ഏജന്‍സികള്‍ക്ക് അതിലേക്ക് പ്രവേശനം നല്‍കുന്നത് ഉത്തരവാദിത്തമുള്ള നീക്കമാണെന്ന് മന്ത്രി ഇവാന്‍ സോളമന്‍ വ്യക്തമാക്കി.
മിത്തോസ് മോഡലിലേക്കുള്ള പ്രവേശന വാര്‍ത്ത പുറത്തുവരുന്നത് കാനഡയുടെ പുതിയ എഐ നയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ്. ഈ ആഴ്ചയോടെ പുറത്തിറങ്ങുന്ന പുതിയ നയത്തില്‍ പ്രധാനമായും എഐ സാങ്കേതികവിദ്യകളില്‍ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ എഐ മൂലം തൊഴില്‍ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളെ നേരിടാന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനവും വിദ്യാഭ്യാസവും നല്‍കും.
കാനഡയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും, പൗരന്മാരുടെ സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കാനും പുതിയ 'ഓണ്‍ലൈന്‍ ഹാംസ് ബില്‍', സ്വകാര്യതാ നിയമങ്ങള്‍ എന്നിവ നടപ്പിലാക്കും. ജസ്റ്റിസ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍, കള്‍ച്ചര്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ എന്നിവരുമായി ചേര്‍ന്നാണ് ഈ സമഗ്ര നിയമ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. വരും ആഴ്ചകളില്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മിത്തോസ് ക്ലാസ് എഐ മോഡലുകള്‍ തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കാന്‍ ആന്ത്രാപിക് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
