ഇസ്മായില്‍ ഹനിയേ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ മേധാവിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഹമാസ്. യഹ്യ സിന്‍വാറിനെയാണ് തങ്ങളുടെ രാഷ്ട്രീയ ബ്യൂറോയുടെ പുതിയ നേതാവായി ഹമാസ് തിരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ 31 നായിരുന്നു ടെഹ്‌റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയേ കൊല്ലപ്പെട്ടത്.
'ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് ഹമാസ്, രക്തസാക്ഷി കമാന്‍ഡര്‍ ഇസ്മായില്‍ ഹനിയേയുടെ പിന്‍ഗാമിയായി, പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി കമാന്‍ഡര്‍ യഹ്യ സിന്‍വാറിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു, ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ,' ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനു കാരണമായ 2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് സിന്‍വര്‍.
ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇസ്രായേല്‍ പലസ്തീനിലും വിശിഷ്യാ ഗാസയിലും പ്രത്യാക്രമണം നടത്തിയത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ ഖസം തലവനായിരുന്നു. 61 കാരനായ സിന്‍വര്‍ 23 വര്‍ഷം ഇസ്രയേലില്‍ ജയിലിലായിരുന്നു.
2011 ല്‍ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്-ഇസ്രയേലി സൈനികന്‍ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിനു പകരമായാണ് സിന്‍വറിനെ വിട്ടയയച്ചത്. ഖാന്‍ യൂനിസിന് തെക്ക് ഗാസ അഭയാര്‍ത്ഥി ക്യാംപിലാണ് സിന്‍വാര്‍ ജനിച്ചത്. ഇസ്രയേലുമായി സഹകരിക്കുന്നതായി സംശയിക്കുന്ന പലസ്തീനികളെ ഉന്മൂലനം ചെയ്യാന്‍ ചുമതലപ്പെടുത്തിയ അല്‍-മജ്ദ് സുരക്ഷാ ഉപകരണത്തിന്റെ മുന്‍ തലവനായിരുന്നു.
2017 ല്‍ ഗാസ മുനമ്പിലെ ഹമാസിന്റെ നേതാവായി. ഒക്ടോബര്‍ 7 ന് നടന്ന യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നിരവധി ഹമാസ് നേതാക്കളില്‍ ഒരാളാണ് സിന്‍വാര്‍. അതേസമയം ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന സിന്‍വാറിനെ തലവനാക്കുന്നതിലൂടെ ഹമാസ് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍.
താക്കോല്‍ സ്ഥാനത്തേക്ക് സിന്‍വാര്‍ എത്തുന്നത് ഗാസയിലുടനീളം പ്രതിഫലിക്കും എന്നാണ് പലസ്തീന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ നൂര്‍ ഒഡെ പറയുന്നത്. സിന്‍വാറിന്റെ നിയമനത്തെ ഹിസ്ബുള്ള സ്വാഗതം ചെയ്തു. ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ശക്തമായ സന്ദേശമാണെന്ന് ഹിസ്ബുള്ള വിശേഷിപ്പിച്ചു. ഹനിയേയുടെ കൊലപാതകം ഇസ്രയേല്‍ നടത്തിയതാണ് എന്നാണ് ഹമാസ് ആരോപിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമമാണിത് എന്നാണ് ഹമാസ് ആരോപിക്കുന്നത്. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഏകദേശം 40,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഏകദേശം 2.3 ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ വ്യാപകമായ പട്ടിണിയും ആരോഗ്യ അടിയന്തരാവസ്ഥയും മാനുഷിക പ്രതിസന്ധിക്ക് കാരണമായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1