കച്ചത്തീവ് ദ്വീപ് വിഷയം ബി.ജെ.പിക്ക് ബൂമറാങ്ങായി മാറുമോ..?

APRIL 3, 2024, 3:27 PM

1971ലെ പാക്ക് യുദ്ധക്കാലത്ത് പാകിസ്ഥാന്റെ സൈനീക വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും മറ്റും സിലോൺ സൗകര്യം നൽകിയത് ഇന്ത്യക്ക് കടുത്ത തലവേദനയായി. സിലോണിനെ ഇന്ത്യൻ പക്ഷത്തു നിർത്തേണ്ടത് ഇന്ത്യയുടെ ഭാവി സുരക്ഷയ്ക്ക് ആവശ്യമാണെന്ന് ഇന്ദിരാഗാന്ധി സർക്കാരിന് ബോധ്യമായി. സ്വതന്ത്രയെങ്കിലും അതുവരെ ബ്രിട്ടീഷ് ഡൊമിനിയനിലായിരുന്ന സിലോൺ 1972ൽ  ശ്രീലങ്ക എന്ന പുതിയ പേരിൽ റിപ്പബ്ലിക്കായ സമയത്ത്, ആ ലക്ഷ്യത്തോടെ നടത്തിയ ചർച്ചകളിലാണ് 1922 കാലത്തെ ധാരണ സമുദ്രാതിർത്തി ഉടമ്പടിയായി കച്ചത്തീവ് വിഷയം മാറിയത്.

കച്ചത്തീവിനെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദി കൊളുത്തിവിട്ട വിവാദം ബൂമറാങ്ങാവുകയാണോ..? നയതന്ത്ര വിദഗ്ധർ തന്നെ മുന്നറിയിപ്പുനൽകുന്നത് അങ്ങിനെയാണ്. കച്ചത്തീവ് വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നാണ് മുൻ വിദേശകാര്യ സെക്രട്ടറിമാരുടെയും നിലപാട്. വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവർത്തിച്ചിട്ടുള്ള ശിവശങ്കർ മേനോൻ, നിരുപമ റാവു എന്നിവരും മുൻ ഹൈക്കമ്മീഷണർ അശോക് കാന്തയുമാണ് വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്.

കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കർ മേനോൻ ചൂണ്ടിക്കാട്ടുന്നു. വിഷയം വിവാദമാക്കുന്നത് ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും വ്യക്തമാക്കി. സർക്കാരുകൾ മാറുന്നതിന് അനുസരിച്ച് നയതന്ത്ര നിലപാടുകൾ മാറ്റുന്നത് രാജ്യത്തിന് നല്ലതല്ലെന്നാണ് അശോക് കാന്തയുടെ അഭിപ്രായം.

vachakam
vachakam
vachakam

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് നൽകിയതാര്? നെഹ്‌റു പ്രധാനമന്ത്രി ആയിരുന്ന നാളുകളിൽ അദ്ദേഹത്തിന് കച്ചത്തീവീൽ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല എന്നും ഇന്ദിരാഗാന്ധി രാജ്യതാല്പര്യം നോക്കാതെ 1974ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയുമായിരുന്നു എന്നാണ് ഇപ്പോഴത്തെ ആരോപണം. സത്യത്തിൽ 1921ൽ തന്നെ മിക്കാവാറും ധാരണയിലെത്തിയിരുന്ന സമുദ്രാതിർത്തി 1974ൽ അംഗീകരിക്കുക മാത്രമാണുണ്ടായത്. 

എന്താണ് കച്ചത്തീവ് വിഷയം?

രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന 285 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറുദ്വീപാണ് കച്ചത്തീവ്. 1.6 കിലോമീറ്റർ നീളവും 300 മീറ്ററിലധികം വീതിയുമുള്ള ഈ ചെറു ദ്വീപ് അഗ്‌നിപർവത സ്‌ഫോടനത്തെത്തുടർന്ന് പതിനാലാം നൂറ്റാണ്ടിലാണ് രൂപപ്പെട്ടതെന്ന് വിശ്വസിക്കുന്നു.

vachakam
vachakam
vachakam

ഇന്ത്യൻ തീരത്ത് നിന്ന് 20 കിലോമീറ്റർ അകലെയും വടക്കൻ ശ്രീലങ്കയുടെ പ്രധാന നഗരങ്ങളിലൊന്നായ ജാഫ്‌നയിൽ നിന്ന് 62 കിലോമീറ്റർ തെക്ക് പടിഞ്ഞാറുമായിട്ടാണ് കച്ചത്തീവ് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ഈ ദ്വീപിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ ഒരു ക്രിസ്ത്യൻ പള്ളി മാത്രമാണ് ഇപ്പോഴുള്ളത്. നിലവിൽ ശ്രീലങ്കൻ അധീനതയിലുള്ള ദ്വീപിൽ ഓരോ വർഷവും നടക്കുന്ന തിരുന്നാൾ ദിനങ്ങളിൽ മാത്രമാണ് ഇവിടെക്ക് ജനങ്ങൾക്ക് പ്രവേശനമുള്ളത്. ബാക്കി ദിനങ്ങളിൽ ആളൊഴിഞ്ഞ ഒരു തുരുത്ത് മാത്രമാണ് ഈ ദ്വീപ്.

മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ ശ്രീലങ്കയിലെ അന്നത്തെ ജാഫ്‌ന രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ദ്വീപ്. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇത് ഇന്ത്യയിലെ രാമനാഥപുരം ആസ്ഥാനമായുള്ള രാമനാട് രാജ്യത്തിന് കൈമാറുകയായിരുന്നു. രാമനാട് രാജാവിന്റെ ഭരണകാലത്ത് ഈ ദ്വീപിൽ നിന്ന് ഔഷധച്ചെടികളും മറ്റും ശേഖരിക്കാൻ ജാഫ്‌ന നിവാസികൾക്ക് പാട്ടക്കരാർ നൽകിയിരുന്നു.

പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി. സമുദ്ര മത്സ്യബന്ധന അതിരുകൾ നിർണയിക്കാൻ 1921 മുതൽ ഇന്ത്യയും അത്‌പോലെ അന്ന് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുണ്ടായിരുന്ന ശ്രീലങ്കയും തമ്മിൽ 1921 മുതൽ ഈ ദ്വീപിന്മേൽ അവകാശത്തർക്കം തുടങ്ങിയിരുന്നു. വർഷങ്ങളോളം ഈ തർക്കം നീണ്ടു നിൽക്കുകയും ചെയ്തു.

vachakam
vachakam
vachakam

ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥർ നടത്തിയ സർവേയിൽ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി അടയാളപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഒരു സംഘം ബ്രിട്ടീഷ് പ്രതിനിധികൾ രാമനാട് രാജ്യത്തിനാണ് യഥാർത്ഥ ഉടമസ്ഥാവകാശം എന്ന് കാണിച്ച് ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്രമായ ശേഷവും ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം തുടർന്നു. 1956ൽ അന്നത്തെ ശ്രീലങ്കൻ സർക്കാർ കച്ചത്തീവിനു മേൽ അവകാശമുന്നയിച്ചു. 1968ൽ ഇന്ത്യയും ശ്രീലങ്കയും സമുദ്രാതിർത്തി നിർണയിച്ചപ്പോൾ അവകാശത്തർക്കം രൂക്ഷമായി.

1971ലെ പാക്ക് യുദ്ധകാലത്ത് അമേരിക്കൻ സമ്മർദ്ദത്തിനു വഴങ്ങി പാകിസ്ഥാന്റെ സൈനീക വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും മറ്റും സിലോൺ സൗകര്യം നൽകിയത് ഇന്ത്യക്ക് കടുത്ത തലവേദനയായി. സിലോണിനെ ഇന്ത്യൻ പക്ഷത്തു നിർത്തേണ്ടത് ഇന്ത്യയുടെ ഭാവി സുരക്ഷയ്ക്ക് ആവശ്യമാണെന്ന് ഇന്ദിരാഗാന്ധി സർക്കാരിന് ബോധ്യമായി. സ്വതന്ത്രയെങ്കിലും അതുവരെ ബ്രിട്ടീഷ് ഡൊമിനിയനിലായിരുന്ന സിലോൺ 1972ൽ ശ്രീലങ്ക എന്ന പുതിയ പേരിൽ റിപ്പബ്ലിക്കായ സമയത്ത്, ആ ലക്ഷ്യത്തോടെ നടത്തിയ ചർച്ചകളിലാണ് 1922 കാലത്തെ ധാരണ സമുദ്രാതിർത്തി ഉടമ്പടിയായിത്തീർന്നത്.

ഇതൊപ്പിട്ടത് 1974ലും. ശ്രീലങ്കയുടെ പരമാധികാര പ്രദേശമായി അംഗീകരിക്കുമ്പോഴും ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്ക് വല ഉണക്കാനും, വിശ്രമിക്കാനും അവകാശമുണ്ടായിരിക്കുമെന്ന് ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. 

1974 ജൂലൈ എട്ടിനാണ് ഇന്ദിരാ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലെ സമുദ്രാതിർത്തി നിർണയിക്കുന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവക്കുന്നത്. ഇതോടെ കച്ചത്തീവ് ഔദ്യോഗികമായി ശ്രീലങ്കയുടെ ഭാഗമാകുകയായിരുന്നു. 

കരാറിലെ വ്യവസ്ഥയനുസരിച്ച് തീർഥാടനത്തിനും മൽസ്യബന്ധനത്തിനുമായി ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക അനുമതി ഇല്ലാതെ തന്നെ ദ്വീപിലേക്ക് പ്രവേശിക്കാം. ഇത്തരമൊരു വ്യവസ്ഥ നിലനിന്നിരുന്നെങ്കിലും ഇന്ത്യയിൽ നിന്നുള്ള തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്കൻ നാവികസേന സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് നിരന്തര ആക്രമണം നടത്തിവന്ന സാഹചര്യത്തിൽ പണ്ട് മുതൽക്കേ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയമായിരുന്നു കച്ചത്തീവ് വിഷയം.

1974ലെ ഉടമ്പടിക്ക് പാർലമെന്റിന്റെ അംഗീകാരം ഇല്ലെന്നും കരാർ റദ്ദാക്കണമെന്നും കച്ചത്തീവ് വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് 2013ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്നും പാർലമെന്റിൽ ഉന്നയിക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്.

തമിഴ്‌നാട് ബി.ജെ.പി ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്നറിയാൻ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നൽകിയിരുന്നു. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ രേഖകൾ ദി ഇന്ത്യൻ എക്‌സ്പ്രസ്സ്  പത്രം പുറത്തുവിട്ടതോടെയാണ് ലങ്കയിലെ ആളൊഴിഞ്ഞ ഈ ദ്വീപ് വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ കത്തിക്കയറാൻ തുടങ്ങിയത്.

1961ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ഒരു യോഗത്തിൽ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞതായി വിവരാവകാശ രേഘകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെഹ്‌റു ഈ വിഷയം അപ്രസക്തമായി തള്ളിക്കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് മുൻപ്, 1974 ജൂണിൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി കേവൽ സിംഗ് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ കച്ചത്തീവ് കൈമാറാനുള്ള തീരുമാ.നം അറിയിച്ചു. രാമനാട് രാജാവിന്റെ ജമീന്ദാരി അവകാശങ്ങളെക്കുറിച്ചും കച്ചത്തീവ് കൈവശം വച്ചിരിക്കുന്നുവെന്ന അവകാശവാദം തെളിയിക്കുന്നതിനുള്ള തെളിവുകൾ കാണിക്കുന്നതിൽ ശ്രീലങ്കയുടെ പരാജയത്തെക്കുറിച്ചും സിംഗ് പരാമർശിച്ചിരുന്നു.

ഇന്ത്യയേക്കാൾ കൂടുതൽ കച്ചത്തീവിൽ ശ്രീലങ്കയ്ക്ക് വളരെ ദൃഢമായ നിലപാടാണുള്ളതെന്നും കേവൽ സിംഗ് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ സിലോൺ എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രീലങ്ക, 1925 മുതൽ ഇന്ത്യയുടെ എതിർപ്പുകളില്ലാതെ കച്ചത്തീവിന്റെ പരമാധികാരം ഉറപ്പിക്കുകയായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം അന്ന് പ്രതിഷേധ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കച്ചത്തീവ് എന്ന ആ ചെറുദ്വീപ് വിട്ടുനൽകുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.

ഇതാദ്യമായല്ല നരേന്ദ്ര മോദി കച്ചത്തീവ് വിഷയം ഉയർത്തുന്നത്. 'ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ' കച്ചത്തീവ് കോൺഗ്രസ് ശ്രീലങ്കയ്ക്ക് നിർലോഭമായി വിട്ടുകൊടുത്തുവെന്ന് കഴിഞ്ഞ വർഷവും മോദി പാർലമെന്റിൽ വിമർശിച്ചിരുന്നു. കോൺഗ്രസിന്റെ ചരിത്രമെല്ലാം രാജ്യത്തെ വിഭജിക്കുന്നതാണെന്നും മോദി ലോക്‌സഭയിൽ ആക്ഷേപം ചൊരിഞ്ഞിരുന്നു. 

ഡി.എം.കെയിൽ നിന്നുള്ളവരും തമിഴ്‌നാട് സർക്കാരും മുഖ്യമന്ത്രിയും നിരന്തരം കച്ചത്തീവ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു.

ഡി.എം.കെ മാത്രമല്ല, തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും 1974ലെ കരാർ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇതാണ് ഏക മാർഗമെന്നാണ് പാർട്ടികൾ അവകാശവാദം ഉന്നയിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ ഒന്നാണ് ശ്രീലങ്കയിൽ നിന്ന് കച്ചത്തീവ് വീണ്ടെടുക്കുന്നത്.

എന്നാൽ താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് നയതന്ത്ര നിലപാടുകൾക്ക് തുരങ്കം വയ്ക്കുന്ന നടപടികൾ സ്വീകരിക്കരുത് എന്നാണ് വിഷയത്തിൽ കോൺഗ്രസ് മോദിക്ക് നൽകുന്ന മറുപടി. കച്ചത്തീവ് രാഷ്ട്രീയ നേട്ടത്തിനായി ഇന്ദിരാ ഗാന്ധി വിട്ടു നൽകി എന്ന് വിഡ്ഢികൾ മാത്രമേ വിശ്വസിക്കൂ എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രൽ ബോണ്ട്‌പോലുള്ള നാണക്കേടിൽ നിന്നും ശ്രദ്ധ തിരിക്കാൻ മോദി നടത്തുന്ന ശ്രമം ഇന്ത്യയുടെ നയതന്ത്ര നിലപാടിന് തന്നെ കനത്ത തിരിച്ചടിയാകുമോ എന്ന് ചിന്തിക്കുന്ന നയതന്ത്ര വിദഗ്ധരാണേറെയും.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam