സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശബളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ഇന്ത്യക്കാര്‍ക്ക് പരിചയം കാണും. പക്ഷെ ആ പ്രതിസന്ധി അത്ര പരിചിതമല്ലാത്തവരാണ് അമേരിക്കക്കാര്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതുക്കിയ കുടിയേറ്റ നയങ്ങളും താരീഫ് നയങ്ങളും അങ്ങനെയൊരവസ്ഥയെ നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ യുഎസും. ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ സെപ്റ്റംബര്‍ 30 നകം യുഎസ് കോണ്‍ഗ്രസ് പാസാക്കിയില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി (ഷട്ട്ഡൗണ്‍) ഉറപ്പാണെന്നാണ് മുമ്പ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഈ കടമ്പ കടക്കാന്‍ യുഎസ് ഭരണകൂടം എന്തെങ്കിലും മാര്‍ഗം കണ്ടോ ? അതോ ഇതെല്ലാം ജനങ്ങളെ ആശങ്ക മാത്രമാണോ എന്നൊന്നും ഇതുവരെ ഫെഡറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല.
എന്താണ് യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ എന്ന് നോക്കാം
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസാണ്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് (ഒക്ടോബര്‍ 1) ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ഫണ്ട് അനുവദിക്കുന്ന 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകള്‍ കോണ്‍ഗ്രസ് പാസാക്കാതെ വരികയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതിരിക്കുകയോ ചെയ്യുമ്പോഴാണ് തടസം ഉണ്ടാകുക.
അങ്ങനെ വരുമ്പോള്‍ അത് ഭരണസ്തംഭനത്തിന് തന്നെ കാരണമാകും. അങ്ങനെ വന്നാല്‍ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരാകും. അതിനെയാണ് ഷട്ട്ഡൗണ്‍ എന്ന് പറയുന്നത്. ആരോഗ്യ സേവന മേഖലയ്ക്കുള്ള ധന സഹായത്തിന്റെ പേരിലാണ് ഇപ്പോള്‍ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. ഒബാമകെയര്‍) സബ്സിഡികള്‍ നിലനിര്‍ത്തുക അടക്കമുള്ള ആവശ്യങ്ങളാണ് ഡമോക്രാറ്റുകളുടേത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിനെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.
ഇക്കാര്യത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കളുമായി ഒരു ചര്‍ച്ച നടത്താന്‍ ട്രംപ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് അതില്‍ നിന്ന് പിന്‍മാറുകയും പിന്നീട് ഭിന്നത രൂക്ഷമാകുകയും ആയിരുന്നു. അതേത്തുടര്‍ന്ന് ഷട്ട്ഡൗണിലേക്ക് പോകുമെന്ന ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ട്രംപ് വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചയിലും ഫലം മറിച്ചായിരുന്നില്ല. അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. വിദേശ നിര്‍മിത ഗൃഹോപകരണങ്ങള്‍ക്കും ഗണ്യമായ നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഷട്ട്ഡൗണ്‍ ഫെഡറല്‍ ജീവനക്കാരെ എങ്ങനെ ബാധിക്കും?
ശമ്പളമില്ലാതെ അവധി അവശ്യഘടകമല്ലാത്ത ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി ജോലി നഷ്ടപ്പെടുകയും ശമ്പളം ഇല്ലാതാവുകയും ചെയ്യും. ഇവര്‍ക്ക് സാധാരണയായി ഷട്ട്ഡൗണ്‍ അവസാനിക്കുമ്പോള്‍ കുടിശിക ശമ്പളം ലഭിക്കാറുണ്ട്. അവശ്യ ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ടിഎസ്എ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍) ഏജന്റുമാര്‍, അതിര്‍ത്തി സംരക്ഷണ ഉദ്യോഗസ്ഥര്‍, ഫെഡറല്‍ നിയമപാലകര്‍, സായുധ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ജോലി ചെയ്യേണ്ടി വരും. പക്ഷേ ഷട്ട്ഡൗണ്‍ തീരുന്നതുവരെ ശമ്പളം ലഭിക്കില്ല. ഇതു പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും ജീവനക്കാരുടെ കൂട്ട അവധിക്കും കാരണമാകും.
ജനങ്ങളെയും ബിസിനസുകളെയും എങ്ങനെ ബാധിക്കും?
ന്മ പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ചുപൂട്ടും. ദേശീയോദ്യാനങ്ങളിലെ സന്ദര്‍ശക കേന്ദ്രങ്ങള്‍ പോലുള്ള ഫെഡറല്‍ സ്ഥാപനങ്ങളും അടയ്ക്കും.
സേവനങ്ങളില്‍ കാലതാമസം ഉണ്ടാകും. പാസ്പോര്‍ട്ട് അപേക്ഷകള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍, ചെറുകിട ബിസിനസ് ലോണുകള്‍ എന്നിവയുടെ നടപടിക്രമങ്ങള്‍ വൈകും. മാത്രമല്ല ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ പോലുള്ള കാര്യങ്ങള്‍ കുറയും. ജീവനക്കാര്‍ കുറയുന്നതിനാല്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ക്ക് അടക്കം കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ഷട്ട്ഡൗണ്‍ നീണ്ടുപോയാല്‍, ജിഡിപി വളര്‍ച്ച കുറയുകയും വിപണിയില്‍ അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്യാം.
ബാധിക്കുന്ന സേവനങ്ങള്‍
ദേശീയോദ്യാനങ്ങളിലെ സന്ദര്‍ശക സേവനങ്ങള്‍, പരിപാലനം, സ്മിത്സോണിയന്‍ മ്യൂസിയങ്ങള്‍. ഐആര്‍എസ് (ആഭ്യന്തര റവന്യൂ സര്‍വീസ്) ടാക്‌സ് പേയര്‍ സേവനങ്ങള്‍ (ടാക്‌സ് റിട്ടേണ്‍ പ്രോസസ്സിങ് വൈകാം), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പോലുള്ള ഗവേഷണ പദ്ധതികള്‍, പുതിയ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡുകള്‍ നല്‍കല്‍, മെഡികെയര്‍ കാര്‍ഡുകള്‍ മാറ്റിനല്‍കല്‍ അടക്കം സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ ഓഫിസുകളിലെ സേവനങ്ങള്‍, വീസ/പാസ്‌പോര്‍ട്ട് അപേക്ഷാ നടപടിക്രമങ്ങളിലെ കാലതാമസം, ഡബ്ല്യുഐസി (വിമന്‍, ഇന്‍ഫന്റ്‌സ്, ചില്‍ഡ്രന്‍) പോലുള്ള ചില ഭക്ഷ്യ സഹായ പരിപാടികള്‍.
പ്രവര്‍ത്തിക്കുന്ന പ്രധാന സേവനങ്ങള്‍
സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍, മെഡികെയ്ഡ് എന്നിവയുടെ ചെക്കുകള്‍ സാധാരണ പോലെ നല്‍കുന്നത് തുടരും. കാരണം ഇവ വാര്‍ഷിക ഫണ്ടിങ്ങിന് വിധേയമല്ലാത്ത നിര്‍ബന്ധിത ചെലവുകളാണ്, സൈനിക സേവനങ്ങള്‍ തുടരും, സായുധ സേനാംഗങ്ങള്‍ ജോലി തുടരും (ശമ്പളം താല്‍ക്കാലികമായി ലഭിക്കില്ലെങ്കിലും), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ടിഎസ്എ ഏജന്റുമാര്‍, എഫ്ബിഐ, അതിര്‍ത്തി സംരക്ഷണ ഏജന്‍സികള്‍, തപാല്‍ വിതരണം തടസ്സപ്പെടില്ല, കാരണം ഇത് സ്വയം ധനസഹായമുള്ള ഏജന്‍സിയാണ്, വറ്ററന്‍സ് ഹെല്‍ത്ത് കെയര്‍ മിക്കവാറും പ്രവര്‍ത്തനങ്ങള്‍ തുടരും.
ഷട്ട്ഡൗണ്‍ എത്രനാള്‍ നീണ്ടുനില്‍ക്കും?
അത് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. കോണ്‍ഗ്രസും പ്രസിഡന്റും ഒരു പുതിയ ഫണ്ടിങ് ബില്ലിലോ അല്ലെങ്കില്‍ താല്‍ക്കാലിക ഫണ്ടിങ് ബില്ലിലോ ഒപ്പുവയ്ക്കുന്നതുവരെ ഇതു തുടരും.
മുന്‍പുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണുകള്‍ ഇവയാണ്:
2018-2019: 35 ദിവസം.
1995-1996: ആകെ 26 ദിവസം (രണ്ട് ഷട്ട്ഡൗണുകള്‍).
2013: 16 ദിവസം.
ബില്ലില്‍ ആരോഗ്യ സേവനമേഖലയ്ക്കുള്ള ഫണ്ടും ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിന്മേല്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അവസാന നിമിഷം കൂട്ടിച്ചേര്‍ക്കലുകള്‍ പറ്റില്ലെന്ന നിലപാടിലാണ് ട്രംപ് അവസാനിപ്പിച്ചത്. ഫണ്ട് ലഭിച്ചില്ലെങ്കില്‍ യുഎസില്‍ 'ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍' എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ആശുപത്രി സേവനങ്ങള്‍, അതിര്‍ത്തി പട്രോളിങ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നിങ്ങനെ അത്യാവശ്യ സേവന മേഖലകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫിസുകളെല്ലാം അടച്ചുപൂട്ടും.
അതേസമയം പ്രതിപക്ഷ നേതാക്കളുമായി ട്രംപ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനാല്‍ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷകള്‍. തല്‍ക്കാലം ഏതാനും ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ള ഫണ്ടിങ് ഉറപ്പാക്കിയ ശേഷം തര്‍ക്ക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയേക്കും. ഗവണ്‍മെന്റ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതിനോട് താല്‍പര്യമില്ലെന്ന് ഡെമോക്രാറ്റ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
2026 ന്റെ തുടക്കത്തിലേക്കുവരെ ഫണ്ടിങ് ഉറപ്പാക്കാന്‍ ഏതാണ്ട് 12 ബില്ലുകളാണ് പാസാകേണ്ടത്. അത് ചര്‍ച്ചയും സമവായവുമില്ലാതെ സാധ്യവുമല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ 99% ഷട്ട്ഡൗണ്‍ സാഹചര്യങ്ങളും അവസാനനിമിഷം പരിഹരിച്ചിട്ടുണ്ടെന്നത്, ഇക്കുറിയും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം ചര്‍ച്ച എങ്ങാനും പൊളിഞ്ഞാല്‍ സ്വീകരിക്കേണ്ട തയാറെടുപ്പുകളും നടക്കുന്നുണ്ട്.
പ്രഹരമായി ട്രംപിന്റെ കുടിയേറ്റ നയം
ട്രംപ് എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് 1,00,000 ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ആഗോളതലത്തില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയിലെ എച്ച്-1ബി വിസകളില്‍ 70 ശതമാനത്തിലധികവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത് എന്നതിനാല്‍, ഈ നയപരമായ മാറ്റം ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കുടുംബങ്ങള്‍ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ തീരുമാനം ഇന്ത്യന്‍ ഐടി കമ്പനികളെയും പ്രൊഫഷണലുകളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
ടെക് മേഖലയിലെ പ്രാധാന്യം
2024 ല്‍ അംഗീകരിക്കപ്പെട്ട എച്ച്-1 ബി അപേക്ഷകളില്‍ 63.9% കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്കായിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയ പ്രമുഖരായ പല ഇന്ത്യന്‍-അമേരിക്കന്‍ മേധാവികളും തങ്ങളുടെ കരിയര്‍ ആരംഭിച്ചത് എച്ച്-1ബി വിസയിലൂടെയാണ്.
ആര്‍ക്കാണ് ബാധകം
ഈ ഫീസ് പുതിയ എച്ച്-1ബി അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകം. ഇത് 2026 മാര്‍ച്ചില്‍ ആരംഭിക്കുന്ന അടുത്ത ലോട്ടറി സൈക്കിള്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
ബാധകമല്ലാത്തത് ആര്‍ക്ക്?
നിലവിലെ എച്ച്-1ബി വിസ ഉടമകളെയോ, വിസ പുതുക്കുന്നവരെയോ, കമ്പനി മാറുന്നവരെയോ ഈ ഫീസ് ബാധിക്കില്ല. നിലവില്‍ വിസയുള്ളവര്‍ക്ക് പുതിയ ഫീസ് അടയ്ക്കാതെ തന്നെ യാത്ര ചെയ്യാനും അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനും സാധിക്കും.
ഫീസ് വാര്‍ഷികമല്ല
ആദ്യം ഭയപ്പെട്ടിരുന്നത് പോലെ ഇത് വാര്‍ഷിക ഫീസല്ല, മറിച്ച് പുതിയ അപേക്ഷയ്ക്ക് ഒറ്റത്തവണ മാത്രം നല്‍കേണ്ട ഫീസാണ്. ഈ വ്യക്തതകള്‍ വന്നെങ്കിലും, പ്രഖ്യാപനം ലോകമെമ്പാടുമുള്ള ബിസിനസുകളിലും പ്രൊഫഷണലുകളിലും വിദ്യാര്‍ത്ഥികളിലും ' കാര്യമായ അനിശ്ചിതത്വം' സൃഷ്ടിച്ചുവെന്ന് ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനയായ നാസ്‌കോം അഭിപ്രായപ്പെട്ടിരുന്നു. ഈ മാറ്റം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ കമ്പനികളെയും പ്രൊഫഷണലുകളെയും ഇത് എങ്ങനെ ബാധിക്കും?
ഈ പുതിയ ഫീസിന്റെ സാമ്പത്തികവും തന്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ ഏറെയാണ്.
കനത്ത സാമ്പത്തിക ഭാരം: നൂറുകണക്കിന് ജീവനക്കാരെ അമേരിക്കയിലേക്ക് അയക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളുടെ ലാഭം ഈ ഫീസ് ഗണ്യമായി കുറയ്ക്കും. അമേരിക്കയിലെ ചെറിയ, ഇടത്തരം കമ്പനികളെയും ഇത് സാരമായി ബാധിക്കും, അവയില്‍ പലതും ഇന്ത്യക്കാര്‍ സ്ഥാപിച്ചവയാണ്.
നിയമന രീതികളിലെ മാറ്റം: പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ കമ്പനികള്‍ സ്വദേശികളെ നിയമിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ഉദാഹരണത്തിന്, 80,000 ഡോളര്‍ ശമ്പളമുള്ള ഒരു ഇന്ത്യക്കാരനെ നിയമിക്കാന്‍ കമ്പനിക്ക് 1,80,000 ഡോളര്‍ ചെലവാകും. എന്നാല്‍, ഒരു അമേരിക്കക്കാരന് 1,20,000 ഡോളര്‍ നല്‍കിയാലും കമ്പനിക്ക് ലാഭമാണ്. ഇത് അമേരിക്കന്‍ പൗരന്മാര്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും തൊഴില്‍ വിപണിയില്‍ ആവശ്യകത വര്‍ദ്ധിപ്പിക്കും.
'അമേരിക്ക ഫസ്റ്റ്'
സ്വദേശി തൊഴിലവസരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ 'അമേരിക്ക ഫസ്റ്റ്' നയം അമേരിക്കയ്ക്ക് തന്നെ ചിലപ്പോള്‍ തിരിച്ചടിയായേക്കാം. അതിന് പ്രധാന കാരണങ്ങള്‍ ഇവയാണ്.
വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വരാവുന്ന കുറവ്: പഠന ശേഷം ജോലി സാധ്യതയില്ലെങ്കില്‍, ഭീമമായ പണം മുടക്കി അമേരിക്കയില്‍ പഠിക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മടിക്കും. ഇത് അമേരിക്കന്‍ സര്‍വ്വകലാശാലകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചേക്കാം.
വിദഗ്ധരുടെ അഭാവം: ഇന്ത്യക്കാര്‍ ചെയ്യുന്ന 40-50% ജോലികള്‍ക്കും തത്തുല്യമായ വൈദഗ്ധ്യമുള്ളവരെ അമേരിക്കയില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഇത് അമേരിക്കന്‍ കമ്പനികളുടെ വളര്‍ച്ചയെ മുരടിപ്പിച്ചേക്കാം.
തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം: അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ദ്ദവും, പ്രസിഡന്റിന് ഇങ്ങനെയൊരു ഫീസ് ചുമത്താന്‍ അധികാരമില്ലെന്ന നിയമപരമായ വാദവും ഈ തീരുമാനം പിന്‍വലിക്കുന്നതിലേക്ക് നയിച്ചേക്കാം.
ഇന്ത്യയുടെ മുന്നോട്ടുള്ള വഴി
പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറച്ച്, കിഴക്കന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ലുക്ക് ഈസ്റ്റ്' നയം സ്വീകരിക്കുന്നുണ്ട്. അയല്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുടങ്ങുന്ന നിയര്‍ഷോറിംഗ് ഒരു സാധ്യതയാണെങ്കിലും അത് സമ്പൂര്‍ണ്ണ പരിഹാരമല്ല.
തിരിച്ചുവരുന്ന പ്രൊഫഷണലുകള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിനേക്കാള്‍ പ്രധാനം, ഇന്ത്യയില്‍ തന്നെ നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ദീര്‍ഘകാല പരിഹാരമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1