കാര്‍നി യുഎസിന് 'ചെക്ക്'വെയ്ക്കുമോ?

MARCH 12, 2025, 4:45 AM


യു.എസുമായുള്ള കാനഡയുടെ തീരുവയുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് സാമ്പത്തിക ശാസ്ത്രഞ്ജനും രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയുമായിരുന്ന കാര്‍നി രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഇതുവരെ രാഷ്ട്രീയ സ്ഥാനങ്ങളൊന്നും വഹിക്കാത്ത കാര്‍നിയെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനായാണ് സര്‍വേകളിലും കണ്ടെത്തിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

'ഈ പോരാട്ടം കാനഡ ആവശ്യപ്പെട്ടതല്ല. കാനഡയിലെ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും ആക്രമിക്കുന്ന ട്രംപിനെ വിജയിക്കാന്‍ അനുവദിക്കില്ല. രുപത്തില്‍പ്പോലും കാനഡ ഒരിക്കലും യു.എസിന്റെ ഭാഗമാകില്ല'- പുതിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നിയുടെ നിലപാട് ഇതാണ്.

യു.എസ് തങ്ങളോട് ആദരം കാണിക്കുന്നതുവരെ പകരച്ചുങ്കം ചുമത്തുമെന്ന നിലപാട് ഇതിനോടകം സ്വീകരിച്ച കാര്‍നി ഏതൊക്കെ രീതിയിലാവും ട്രംപിന്റെ സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കുക എന്ന് വ്യക്തമല്ല. സാമ്പത്തിക മേഖലയിലെ അനുഭവസമ്പത്തുകൊണ്ട് ഇതിന് സഹായകമാവുമോ? രാഷ്ട്രീയത്തിലെ പരിചയമില്ലായ്മ കാര്‍നിക്ക് വെല്ലുവിളിയാകുമോ? എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് ഒന്‍പത് വര്‍ഷത്തിലേറെ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ടൂഡോ രാജിവെച്ചത്. ഇതോടെയാണ് കാനഡയിലെ ഭരണപക്ഷമായ ലിബറല്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി മാര്‍ക് കാര്‍നി എത്തുന്നത്. രണ്ട് മാസം മുമ്പ് ട്രൂഡോ രാജി പ്രഖ്യാപിച്ചപ്പോള്‍, ലിബറല്‍ പാര്‍ട്ടിക്ക് അവരുടെ 20% പിന്തുണയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍, പിന്തുണ 30% ആയി വര്‍ധിച്ചു.

തീരുവ ചുമത്തലും അധിനിവേശ ഭീഷണിയും അടക്കമുള്ള യുഎസ് പ്രസിഡ്ന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുകളാണ് ഇതിന് പ്രാധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയായി ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ട്രംപുമായി കിടപിടിക്കാന്‍ കഴിയുന്നൊരാള്‍ കൂടിയാവണമെന്ന് കനേഡിയന്‍ ജനത ചിന്തിച്ചുതുടങ്ങി. അങ്ങനെ എത്തിപ്പെട്ട പേരാണ് മാര്‍ക് കാര്‍നി എന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയത്തില്‍ പുതുമുഖം

രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ച മാര്‍ക് കാര്‍നി അത്ര ചില്ലറക്കാരനല്ല. 2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ ലോക രാജ്യങ്ങളെല്ലാം ആടിയുലഞ്ഞപ്പോള്‍ അതില്‍നിന്ന് ആദ്യം കരകയറിയത് കാനഡയായിരുന്നു. അന്ന് അതിന് ചുക്കാന്‍പിടിച്ചത് ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായിരുന്ന കാര്‍നിയായിരുന്നു.

2013 ലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്നത്. 1694 ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായ ശേഷം ആദ്യമായി അതിനെ നയിക്കുന്ന യു.കെ പൗരനല്ലാത്ത വ്യക്തിയും കാര്‍നി തന്നെ. അക്കാലത്ത് 'റോക്ക് സ്റ്റാര്‍ സെന്‍ട്രല്‍ ബാങ്കര്‍' എന്ന അപൂര്‍വ്വമായ വിശേഷണത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള യു.കെയുടെ തിരുമാനത്തെത്തുടര്‍ന്ന് ഇക്കാലയളവില്‍ ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആ രാജ്യത്തെ സഹായിച്ചതും കാര്‍നിയാണ്. വടക്കേ അമേരിക്കയിലെയും യുകെയിലെയും സാമ്പത്തിക വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്തും ഏകോപിപ്പിച്ചും കാര്‍നിക്ക് മികച്ച അനുഭവ പരിചയവുമുണ്ട്.

അധ്യാപക ദമ്പതികളുടെ മകനായി കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോര്‍ട്ട് സ്മിത്ത് എന്ന ഗ്രാമത്തിലായിരുന്നു കാര്‍നിയുടെ ജനനം. വളര്‍ന്നത് ആല്‍ബെര്‍ട്ടയിലെ എഡ്മണ്ടണിലാണ്. ശേഷം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം. 1993-ല്‍ ബിരുദാനന്തര ബിരുദവും 1995-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദവും നേടി. ഗോള്‍ഡ്മാന്‍ സാക്‌സില്‍ നിന്നാണ് പ്രൊഫഷണല്‍ ജീവിതം തുടങ്ങുന്നത്.

ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ, ടോറന്റോ എന്നിവിടങ്ങളിലായി ഇവിടെ 13 വര്‍ഷം ജോലി ചെയ്ത ശേഷം 2003 ല്‍ ബാങ്ക് ഓഫ് കാനഡയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി സ്ഥാനമേറ്റു. പിന്നീട് അടുത്ത വര്‍ഷം ജോലിയില്‍ നിന്നും രാജിവെച്ച് സീനിയര്‍ അസോസിയേറ്റ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഫിനാന്‍സ് ആയി സേവനമനുഷ്ഠിച്ചു. 2008 ല്‍ തന്റെ 42-ാം വയസിലാണ് കാര്‍ണി ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി നിയമിതനാകുന്നത്. പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍.

അക്കാലയളവില്‍ പ്ലാസ്റ്റിക് ബാങ്ക് നോട്ടുകളും, പലിശനിരക്കുകള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നിക്ഷേപകര്‍ക്ക് വ്യക്തമായ ധാരണ നല്‍കുന്നതിനായി 'ഫോര്‍വേഡ് ഗൈഡന്‍സ്' എന്നറിയപ്പെടുന്ന ആശയവിനിമയത്തിനുള്ള ഒരു പുതിയ സമീപനവുമെല്ലാം കൊണ്ടുവന്ന് കൈയ്യടി നേടി. ഇതിനുശേഷം 2020 കാലാവസ്ഥാ നടപടിക്കും ധനകാര്യത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ മുന്‍ പ്രത്യേക പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഉലയുന്ന യുഎസ് ബന്ധം

നേരത്തെ കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും വ്യാപര പങ്കാളിയുമായിരുന്നു യു.എസ്. എന്നാല്‍ ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതോടെ കഥമാറി. തീരുവയുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങി. കഴിഞ്ഞ ആഴ്ച എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% നികുതി ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ തീരുമാനം ഒരു മാസത്തേക്ക് മാറ്റിവച്ചു. എന്നാല്‍ സ്റ്റീല്‍, അലുമിനിയം, പാല്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് മറ്റ് തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. കാനഡയുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ യു.എസിന്റെ പുതിയ തീരുവ തീരുമാനങ്ങള്‍ക്ക് കഴിയുമെന്നതാണ് യാഥാര്‍ഥ്യം.

ഇതിനുപുറമെ, കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കുമെന്നും അതാണ് അവര്‍ക്ക് നല്ലതെന്നും ട്രംപ് മറ്റൊരു പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെ കാനഡയില്‍ ട്രംപിനെതിരായ പ്രതിഷേധം ശക്തമായി. ചിലര്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കി, മറ്റുചിലര്‍ അതിര്‍ത്തിയുടെ തെക്കോട്ടുള്ള യാത്രകള്‍ റദ്ദാക്കി, എന്‍എച്ച്എല്‍, എന്‍ബിഎ ഗെയിമുകളില്‍ അമേരിക്കന്‍ ഗാനത്തെ കൂക്കിവിളിച്ചു.

ഒരുമിച്ചുനില്‍ക്കണമെന്ന് കാര്‍നി

ട്രംപിനെതിരെ ജനരോക്ഷമുണ്ടാവുകയും കനേഡിയന്‍ ദേശീയത ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് കാര്‍നി രംഗത്തെത്തുന്നത്. 'അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും, രൂപത്തിലും, അമേരിക്കയുടെ ഭാഗമാകില്ല,'എന്ന് കാര്‍നി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. യു.എസ് തങ്ങളോട് ആദരം കാണിക്കുന്നതുവരെ പകരച്ചുങ്കം ചുമത്തുമെന്ന നിലപാട് സ്വീകരിച്ചു. കാനഡ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും ഡൊണാള്‍ഡ് ട്രംപ് അന്യായമായ തീരുവയാണ് ചുമത്തുന്നത്. കാനഡയ്ക്ക് ഈ ഇരുണ്ട ദിനങ്ങള്‍ നല്‍കിയത് ഇനിയൊരിക്കലും വിശ്വസിക്കാനാകാത്ത ഒരു രാജ്യമാണ്. വരാനിരിക്കുന്ന ദുഷ്‌കരമായ ദിനങ്ങളില്‍ ഒരുമിച്ചുനില്‍ക്കണമെന്നും കാര്‍നി ആഹ്വാനം ചെയ്തു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടേക്കും

ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്തുമെന്നാണ് ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് കാര്‍നി പറഞ്ഞത്. സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധത്തിനുള്ള ശ്രമം നടത്തും. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളുമുണ്ട്. വാണിജ്യബന്ധം മെച്ചപ്പെടുത്താന്‍ മൂല്യാധിഷ്ഠിതമായ പാരസ്പര്യമാണ് ആവശ്യം. താന്‍ പ്രധാനമന്ത്രിയായാല്‍ അതിന് ശ്രമിക്കുമെന്ന് യു.എസ്. തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറെ വധിച്ചത് ഇന്ത്യയുടെ അറിവോടെയാണെന്ന് 2023 സെപ്റ്റംബറില്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലില്ലാത്തവിധം വഷളായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam