യുകെയില്‍ സൂക്ഷിച്ചിരുന്ന 100 മെട്രിക് ടണ്‍ സ്വര്‍ണം ഈയടുത്താണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലേയ്ക്ക് കണ്ടുവന്നത്. 1991 ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു നീക്കം ഇന്ത്യ നടത്തുന്നത്. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്കിന്റെ മൊത്തം സ്വര്‍ണ ശേഖരം 822.10 മെട്രിക് ടണ്‍ ആണ്. ഇതിന്റെ വലിയൊരു ഭാഗം വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയ്ക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ഓഹരിയുണ്ട്.
100 മെട്രിക് ടണ്‍ ഇന്ത്യയിലേക്കു മാറ്റിയതോടെ ഇപ്പോള്‍ രാജ്യത്ത് സംഭരിച്ചിരിക്കുന്ന സ്വര്‍ണം 408 മെട്രിക് ടണ്ണില്‍ അധികം ആയിട്ടുണ്ട്. ഏകദേശം അത്രയും തന്നെ സ്വര്‍ണം വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്. ഈ വ്യാഴാഴ്ച പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 308 മെട്രിക് ടണ്ണിലധികം സ്വര്‍ണം ഇന്ത്യയില്‍ നോട്ടുകളുടെ ബാക്കിങ് ആയി കരുതിയിട്ടുണ്ട്. അതേസമയം 100.28 ടണ്‍ പ്രാദേശികമായി ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി കൈവശം വച്ചിട്ടുമുണ്ട്. മൊത്തം സ്വര്‍ണ ശേഖരത്തില്‍ 413.79 മെട്രിക് ടണ്‍ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.
എന്തിനാണ് ആര്‍ബിഐ വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്നത് ?
1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കുന്നതിനായി ഇന്ത്യ തങ്ങളുടെ സ്വര്‍ണ ശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം ആയി കൊടുത്തിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും ആര്‍ബിഐ സ്വര്‍ണം യുകെയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വ്യാപാരം നടത്താനും കൈമാറ്റം ചെയ്യാനും വരുമാനം നേടാനും എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതിനാലാണ് ഇങ്ങനെ ചെയ്തത്.
ആര്‍ബിഐ രാജ്യാന്തര വിപണികളില്‍ നിന്ന് സ്വര്‍ണം വാങ്ങുകയും അത് വിദേശത്ത് സംഭരിക്കുകയും ചെയ്യുന്നത് ഈ ഇടപാടുകള്‍ സുഗമമാക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇങ്ങനെ സ്വര്‍ണം സംഭരിക്കുന്നത്തിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ ആസ്തികള്‍ മരവിപ്പിച്ചത് ഇത്തരത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു .യുകെയില്‍ നിന്ന് സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഒരു കാരണവും ഇതാകാം.
ഇത്രയും സ്വര്‍ണം എന്തുചെയ്യും?
സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ പോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കണക്കിലെടുത്ത്, പ്രാദേശിക സ്വര്‍ണ വില നിയന്ത്രിക്കാന്‍ ആര്‍ബിഐയ്ക്ക് ആഭ്യന്തരമായി കൈവശം വച്ചിരിക്കുന്ന സ്വര്‍ണം ഉപയോഗിക്കാം. സ്വര്‍ണ ശേഖരം രാജ്യത്തിനകത്ത് തന്നെ നിലനില്‍ക്കുകയും ചെയ്യും. റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്ന തോത് വര്‍ദ്ധിപ്പിച്ചിരുന്നു. 2024-ന്റെ ആദ്യ നാല് മാസങ്ങളില്‍ മാത്രം ആര്‍ബിഐ കഴിഞ്ഞ വര്‍ഷം വാങ്ങിയതിനേക്കാള്‍ ഒന്നര മടങ്ങ് സ്വര്‍ണം കൂടുതല്‍ വാങ്ങിയിരുന്നു.
ആഗോളതലത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയില്‍ ഡോളറിലുള്ള വിശ്വാസ്യത കുറഞ്ഞതാണ് കേന്ദ്രബാങ്കുകള്‍ ഇങ്ങനെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിനു കാരണമായി പറയപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 794.63 ടണ്ണില്‍ നിന്ന് 27.47 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തത്. വിദേശനാണ്യ കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കുന്നതിനും പണപ്പെരുപ്പം തുടങ്ങിയവയ്‌ക്കെതിരെ ഒരു പ്രതിരോധമായിട്ടുമാണ് ഈ പുതിയ നീക്കം.
വിദേശ വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതകള്‍ കണക്കിലെടുത്താണ് ആഭ്യന്തരമായും അന്തര്‍ദ്ദേശീയമായും സ്വര്‍ണ ശേഖരം കൈവശം വയ്ക്കാനും കൈകാര്യം ചെയ്യാനുമുള്ള ആര്‍ബിഐയുടെ ഈ നീക്കമെന്ന് പറയപ്പെടുന്നു. യുകെയില്‍ നിന്ന് അടുത്തിടെ സ്വര്‍ണം തിരികെയെടുത്തത് സ്വര്‍ണ ആസ്തികള്‍ സംരക്ഷിക്കുന്നതിനുള്ള ആര്‍ബിഐയുടെ സമീപനത്തിന്റെ ഭാഗമായാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1