വികസനത്തിന്റെ മറപിടിച്ചുള്ള അഴിമതിയും അത്യാർത്തിയും നാടിന് ചരമഗീതമെഴുതുമ്പോൾ

AUGUST 7, 2024, 11:06 PM

ഒരു പ്രതിസന്ധിയുണ്ടായാൽ, എക്കാലത്തും മലയാളിയുടെ മടിശ്ശീല ആ ദുരിതബാധിതർക്കു മുമ്പിൽ അഴിഞ്ഞു വീണിട്ടുണ്ട്. മടിയിലൊന്നുമില്ലാത്തവർ പോലും ഇപ്പോൾ വയനാടിനായി പണം വാഗ്ദാനം ചെയ്യുന്നു. എന്തായാലും ധനവകുപ്പ് ഹാപ്പി. എന്നിട്ടും പണഞെരുക്കത്തിന്റെ പേരിൽ മുട്ടയ്ക്ക് 2 പൈസ എൻട്രീ ഫീ ചുമത്തിക്കഴിഞ്ഞു. മുട്ട ഒരു തുടക്കം മാത്രം. വലിയ എതിർപ്പുകളുയരുന്നില്ലെങ്കിൽ ഇനി പലതിനും പ്രവേശന ഫീ ചുമത്താനുള്ള ആലോചനയുണ്ടത്രെ.

45 ഡിഗ്രി ചെരിവുള്ള മലഞ്ചെരിവിൽ റിസോട്ടുകൾക്ക് അനുമതി നൽകിയ ഫയൽ ചരിതമാണ് മേപ്പാടി പഞ്ചായത്തിന് പറയാനുള്ളതെങ്കിലും, അതൊന്നും ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന ന്യായം നമുക്ക് തൽക്കാലം സമ്മതിച്ചു കൊടുക്കാം. എങ്കിലും പരിസ്ഥിതി സംബന്ധിച്ച ചൂടൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നുവരികയാണ്. വയനാട് ദുരന്തം ഇടതുഭരണകൂടത്തിന്റെ 'കയ്യിലിരിപ്പ്' കൊണ്ടാണെന്ന് കേന്ദ്രമന്ത്രിമാർ പാർലമെന്റിലും പുറത്തും പറയുന്നുണ്ട്.

ഏതോ ഒരു അഹൂജ, എന്ന കൊമ്പൻ മീശക്കാരനായ ബി.ജെ.പി. നേതാവ് പറഞ്ഞത് ഗോഹത്യ മൂലമുള്ള ശാപമാണ് ദുരന്ത കാരണമെന്നാണ്. മരിച്ചവർക്ക് 2 ലക്ഷം രൂപയുടെ വാഗ്ദാനം മാത്രമാണ് ഇതുവരെ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. എങ്കിലും കേന്ദ്രം അയച്ച പട്ടാളവും നേവിയുമെല്ലാം വയനാടിന് നൽകിയ ത്യാഗനിർഭരമായ പിന്തുണയ്ക്കു മുന്നിൽ നാം സല്യൂട്ട് ചെയ്യണം.

vachakam
vachakam
vachakam

റാണിപ്പട്ടമൊക്കൊ ശരി തന്നെ, കടലിനോടാണോ കളി ?

കൊച്ചി കണ്ടവന് 'അച്ചി' വേണ്ട. പഴയകാല ചൊല്ലിൽ ഒരുതരം അശ്‌ളീല ചുവയുണ്ട്. എങ്കിലും കൊച്ചി കാണാനാണ് ഇന്ന് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമെല്ലാം കൂടുതൽ ടൂറിസ്റ്റുകളെത്തുന്നത്. അടുത്ത 75 വർഷത്തിനപ്പുറം കടൽകയറി കൊച്ചിനഗരത്തിന്റെ 15.61 ചതുരശ്ര കിലോമീറ്റർ വെള്ളത്തിനടിയിലാകുമെന്ന് ബാംഗ്ലൂരിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആന്റ് പോളിസി നടത്തിയ പഠനറിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്.

ഈ റിപ്പോർട്ട് പ്രകാരം കൊച്ചി കോർപ്പറേഷന്റെ നിർദ്ദിഷ്ട ഓഫീസ് സമുച്ചയം പോലും കടൽ വിഴുങ്ങാം. ഏതായാലും കൊച്ചി കോർപ്പറേഷൻ ലോക്കൽ ഏരിയ പ്ലാനിന് (ലാപ്പ്) രൂപം നൽകാൻ തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ പരിസ്ഥിതി സൗഹൃദ ലോക്കൽ പ്ലാൻ രൂപീകരിക്കുന്നതിനുമുമ്പ് കൊച്ചി ഇപ്പോൾ നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതല്ലേ? 2100ൽ കൊച്ചിയിലെ കടൽനിരപ്പ് 74.9 സെന്റി മീറ്റർ വരെ ഉയരാമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ 30 വർഷത്തിനുള്ളിൽ (1990-2019) കൊച്ചിയിലെ കടൽ ജലനിരപ്പുയർന്നത് 2.213 സെന്റിമീറ്ററാണ്. 

vachakam
vachakam
vachakam

കൊച്ചി നേരിടുന്ന ഭീഷണികൾ

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൊച്ചിനഗരത്തെ രക്ഷിക്കാൻ ഇനി ദൈവത്തിനേ കഴിയൂ എന്ന്  കേരള ഹൈക്കോടതി വിലപിച്ചത് 2022 നവംബർ അവസാനത്തെ ആഴ്ചയിലായിരുന്നു. കൊച്ചി  നഗരത്തിലെ വെള്ളക്കെട്ട് ദുരീകരിക്കാൻ ഇടപെട്ടിട്ടും ഫലമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ഹൈക്കോടതി തങ്ങളുടെ നിസ്സഹായത അന്ന് പ്രകടിപ്പിച്ചത്. 

കൊച്ചിയുടെ നിഷ്‌കളങ്കമായ സൗന്ദര്യം ചോർത്തിയെടുത്ത്  ധനപരമായ നേട്ടം കൊയ്തവർ,  ഈ നഗരത്തിൽ ജനിച്ചു വളർന്ന ഒരു ജനതയെ ചെളിക്കുണ്ടുകളിലേക്ക് തള്ളിയിട്ട ദുരവസ്ഥയാണ് ഇന്ന് പഴയകൊച്ചിക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ നഗരാസൂത്രണത്തിലെ വൻപിഴവുകളും മറ്റ് ജില്ലകളിൽ നിന്നെത്തിയ ചിലരുടെ അമിതമായ ധനമോഹവും കൊച്ചിയുടെ പിൽക്കാലത്തെ വിലാപഗാനങ്ങളായി.

vachakam
vachakam
vachakam

ഈ ദുരിതത്തിന്റെ കഥകൾ ഇപ്പോഴും തുടരുകയാണ്. ജനക്ഷേമം ലക്ഷ്യമായി കാണേണ്ട രാഷ്ട്രീയപാർട്ടികളിലെ ചില നേതാക്കൾ റിയൽ എസ്റ്റേറ്റ് മാഫിയയുമായി കൈ കോർക്കുന്ന കാഴ്ചകൾക്ക് കൊച്ചി നഗരത്തിൽ ഇനിയും അവസാനമായിട്ടില്ല. കൊച്ചിനഗരത്തിൽ ഉയർന്ന ഫ്‌ളാറ്റുകളും കനാലുകൾ കയ്യേറിയുള്ള നിർമ്മാണങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്യാതെ പോയ നാൾവഴിയാണ് ഇന്നും പഴയ കൊച്ചിക്കാർക്ക് പറയാനുള്ളത്.

ആമുഖങ്ങളിൽ പോലുമുണ്ട് അത്യാർത്തിയുടെ സ്വരം

ഈ ആമുഖമെന്തിനെന്നൊരു ചോദ്യമുയരാം. പനമ്പിള്ളി നഗറും, ഗിരിനഗറും, ഗാന്ധിനഗറും, ജവഹർനഗറുമെല്ലാം നഗരത്തിനു പുറത്തുനിന്നെത്തിയ സമ്പന്നരുടെ മേൽവിലാസങ്ങളായി മാറിയിട്ട് കഷ്ടിച്ച് 60-70 വർഷങ്ങളേ ആയിട്ടുള്ളൂ. ടോക്എച്ച് സ്‌കൂളിൽ തുടങ്ങിയ കടവന്ത്ര ഭാഗത്തെ സ്വകാര്യ ഭൂമിവികസനം തുടക്കത്തിൽ തദ്ദേശീയർക്ക് മോശമല്ലാത്ത ഭൂമിവില ലഭിക്കാൻ കാരണമായെങ്കിലും പിൽക്കാലത്ത് ഗ്രേറ്റർ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ ജി.ഡി.സി.എ. എന്ന അർധസർക്കാർ സ്ഥാപനം കൊച്ചിയുടെ നഗരപ്രാന്തങ്ങളിൽ തികച്ചും വികലമായ നഗരവികസനം നടപ്പാക്കുകയാണ് ചെയ്തത്.

കൊച്ചി കോർപ്പറേഷൻ എന്ന തദ്ദേശസ്വയംഭരണസ്ഥാപനം തീർത്ത ചുവപ്പു നാടകൾക്ക് അപ്പുറമായി പൊതുജനങ്ങളെ വട്ടംചുറ്റിക്കാൻ പുതിയ നൂലാമാലകൾ ജി.സി.ഡി.എ. തീർക്കുകയും ചെയ്തു. എറണാകുളത്തെയും പ്രാന്തപ്രദേശങ്ങളിലേയും ചതുപ്പുകളും തോടുകളും കുളങ്ങളും ഒരുതരം വാശിയെന്ന മട്ടിൽ നികത്തി കെട്ടിടങ്ങൾ നിർമ്മിച്ച് ലാഭം കൊയ്യുന്നവർ പിൽക്കാലത്ത് കൊച്ചിയുടെ മുഖസൗന്ദര്യമത്രയും ലോകത്തിനുകാണിച്ചുകൊടുത്ത മറൈൻ ഡ്രൈവിലേക്ക് കണ്ണയച്ചു. ഇവിടെയും വിശാല കൊച്ചി വികസന അതോറിറ്റി എന്ന ഏജൻസി തന്നെ ഭൂമി വിൽപ്പനയുടെ കാർമ്മികത്വം ഏറ്റെടുത്തു. വൈപ്പിൻ പാലങ്ങൾ വല്ലാർപാടം തുറമുഖത്തിനായി നിർമ്മിച്ചേ കഴിയൂ എന്ന അവസ്ഥ സംജാതമായപ്പോഴാണ് ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപീകൃതമാകുന്നത്.

വൈപ്പിൻ പാലങ്ങൾ നിർമ്മിച്ചതിനുശേഷമുള്ള നികത്ത് ഭൂമി വിറ്റുകിട്ടിയ തുക നഗരത്തിനു ചുറ്റുമുള്ള ദ്വീപുകളുടെ വികസനത്തിനായി ചെലവഴിക്കാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയാണ് ഇപ്പോഴും ഈ അതോറിറ്റിയുടെ ചെയർമാൻ. ജിഡ എന്ന ഓമനപ്പേരുള്ള ഈ അതോറിറ്റിയുടെ കൈവശമുള്ള കോടിക്കണക്കിനു രൂപയിൽ നിന്ന് ചെറിയൊരു തുക വല്ലപ്പോഴും ഏതെങ്കിലും ദ്വീപിലെ കലുങ്ക്   പണിയാനോ കാനപണിയാനോ ഉപയോഗിക്കും. ദേശസാത്കൃതബാങ്കുകളിൽ പലിശ പെറ്റുകൂട്ടുന്ന ദ്വീപുകളുടെ വികസനത്തിനായുള്ള ഈ വൻ നിക്ഷേപം ഇനിയും ദ്വീപ് ജനതയുടെ വികസനത്തിന് ഭരണകൂടം പ്രയോജനപ്പെടുത്തിയിട്ടില്ല.

വികസനപദ്ധതികളല്ല ഉഡായിപ്പ് പദ്ധതികൾ  

ഈ ഭൂതകാലകഥകളിൽ നിന്നും വിഭിന്നമല്ലാത്ത മറ്റൊരു വികസന ഉഡായിപ്പിനു കൂടി കൊച്ചി നഗരം സാക്ഷ്യം വഹിച്ചേക്കാം. ഇതിന്റെ മുന്നൊരുക്കമെന്നോണം വികസനത്തിന്റെ വേറിട്ടവഴികൾ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകൾ മുഖ്യമന്ത്രിയുടെ പടം സഹിതം കൊച്ചിനഗരത്തിൽ മാസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാൽ ഈ പുതിയ വികസനഭൂമികച്ചവടം തകർത്തെറിയാൻ പോകുന്നത് പച്ചാളം, വടുതല, ചിറ്റൂർ തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്നവരെയായിരിക്കും.

ഏതൊരു പദ്ധതിയും ഇക്കാലത്ത് ഭരണകൂടങ്ങൾ അവതരിപ്പിക്കുന്നത് വികസനത്തിന്റെ കൃത്രിമക്കുപ്പായങ്ങൾ ധരിപ്പിച്ചുകൊണ്ടായിരിക്കും. എന്നാൽ ആ ദേശത്ത് കാലാകാലങ്ങളായി വസിക്കുന്നവരെ ആ വികസനം ദോഷകരമായി ബാധിക്കുന്നത് തിരിച്ചറിയാൻ നാം വൈകിപ്പോകും. കിഫ്ബി ധനസഹായം നൽകുന്ന മറൈൻഡ്രൈവ് എക്‌സറ്റൻഷൻ പദ്ധതി 510 ഏക്കർ ഭൂമി നികത്തിയെടുക്കാൻ ലക്ഷ്യമിടുന്നു 9 കിലോമീറ്റർ നീളത്തിൽ വാട്ടർ ഫ്രണ്ട് അടക്കം പദ്ധതിപ്രദേശമായി കണക്കാക്കിയിട്ടുള്ളത് 3210 ഏക്കറാണ്.

ഇതിൽ 33% കരഭൂമിയാണെങ്കിലും 27.32 ശതമാനം ജലാശയങ്ങൾ ഉൾപ്പെടുന്ന ഭൂമിയാണ്. ഈ പദ്ധതി തയ്യാറാക്കാൻ പ്രാഥമിക പ്ലാൻ തയ്യാറാക്കിയിട്ടുള്ള ഏജൻസി പോലും പറയുന്ന്ത് 2031 ൽ, കൊച്ചി നഗരത്തോട് ചേർന്നുള്ള ജലനിരപ്പ് 11 സെന്റിമീറ്റർ ഉയരുമെന്നാണ്. 2050 ൽ 23 സെന്റിമീറ്റർ 2130ൽ 1 മീറ്റർ എന്ന കണക്കിനാണ് കടൽ ജലനിരപ്പ് വർദ്ധിക്കാൻ പോകുന്നത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 95 ശതമാനവും അവരുടെ വാസം നഗരങ്ങളിലേക്ക് പറിച്ചുനടുമ്പോഴുള്ള പ്രതിസന്ധിപോലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മുടെ നഗരാസൂത്രകർ വേണ്ടവിധം ചിന്തിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുത്തൻകുരിശ്, പിറവം, മുളന്തുരുത്തി എന്നീ പ്രദേശങ്ങൾ വികസിപ്പിക്കണമെന്ന നിർദ്ദേശം മാത്രമാണ് ആസൂത്രകർ മുന്നോട്ടുവച്ചിട്ടുള്ളത്.

അത്യുഷ്ണത്തിൽ പൊരിയാൻ പോകുന്ന നഗരപ്രദേശങ്ങൾ 

കൊച്ചിനഗരം അഭിമുഖീകരിക്കാൻ പോകുന്ന കാലാലസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റി നെതർലാൻഡ്‌സിലെ ഹസ്‌കോണിംഗ് ഏജൻസിയും ഗവേഷണസ്ഥാപനമായ താരു ലീഡിംഗ് എഡ്ജുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ കൊച്ചിനഗരം കൊടുംചൂടിന്റെ ദുരിതവും പേറേണ്ടിവരുമെന്ന മുന്നറിയിപ്പുണ്ട്.

അർബൻ ഹീറ്റ് ഐലൻഡ് എന്ന് ഗവേഷകർ പേരിട്ടു വിളിക്കുന്ന പ്രതിഭാസമനുസരിച്ച് ഫോർട്ടുകൊച്ചി, കരുവേലിപ്പടി, ഇടക്കൊച്ചി നോർത്ത്, ചുള്ളിക്കൽ, അമരാവതി വില്ലിംഗ്ടൺ ഐലൻഡ്, എളമക്കര നോർത്ത്, പോണേക്കര, ഇടപ്പള്ളി, ദേവൻ കുളങ്ങര, കറുകപ്പിള്ളി, പാടിവട്ടം, പാലാരിവട്ടം, കാരണക്കോടം, തമ്മനം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, പൊന്നുരുന്നി ഈസ്റ്റ്, വൈറ്റില, പൂണിത്തുറ, എളംകുളം, ഗിരിനഗർ, പനമ്പിള്ളി നഗർ, പെരുമാനൂർ, രവിപുരം, എറണാകുളം സൗത്ത്, ഗാന്ധിനഗർ, കലൂർ നോർത്ത് എളമക്കര സൗത്ത് എന്നിവിടങ്ങളിൽ ചൂട് അസഹ്യമായി മാറുമെന്ന് പ്രവചിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിന്റെ ലെവൽ വേറെയാകും

അതീവ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഈ ഗവേഷണ റിപ്പോർട്ടിൽ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. ഈരവേലി, കരിപ്പാലം, പനയപ്പിള്ളി, എളമക്കര നോർത്ത്, ദേവൻകുളങ്ങര, കറുകപ്പിള്ളി, പാലാരിവട്ടം, കാരണക്കോടം, തമ്മനം, പൊന്നുരുന്നി ഈസ്റ്റ്, വൈറ്റില, ഗിരിനഗർ, പനമ്പിള്ളി നഗർ, എറണാകുളം സെൻട്രൽ, എളമക്കര സൗത്ത് എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി പ്രതിവർഷം വർദ്ധിച്ചുവരുമെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.

ഒരു നൂറ്റാണ്ട് കഴിയുമ്പോൾ നഗരങ്ങളിലെ ഓരോ പ്രദേശങ്ങളിലും എത്ര പ്രദേശങ്ങളിൽ എത്രത്തോളം വെള്ളം കയറാമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ വരുംകാല  ജനജീവിതത്തെ ആ പ്രതിഭാസം എങ്ങനെ ബാധിച്ചേക്കുമെന്ന വിശകലനം അനിവാര്യമാണ്. ആ കണക്കാണ് ഇനി പറയാൻ പോകുന്നത്. ബ്രാക്കറ്റിലുള്ളത് വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലവിസ്തൃതിയുടെ ശതമാനക്കണക്കാണ്. ഈരവേലി (32.6%) കരിപ്പാലം (38.8%) ദേവൻകുളങ്ങര (23.8%) തമ്മനം (32.8%) പൊന്നുരുന്നി ഈസ്റ്റ് (46.2%) ചക്കരപ്പറമ്പ് (32.6 %) ഗിരിനഗർ (42.4%) പനമ്പിള്ളി നഗർ (48%) എറണാകുളം സെൻട്രൽ (56.2%) എളമക്കര സൗത്ത് (26.8%) 

നാം വരയ്ക്കുന്ന കളങ്ങൾ വിസ്തൃതമാകട്ടെ....

ഒരു ദേശത്ത് വസിക്കുമ്പോൾ മനുഷ്യനിർമ്മിതമായ ദുരന്തങ്ങളെ ഒഴിവാക്കാൻ തദ്ദേശീയരുടെ കൂട്ടായ്മകൾ കൈകോർക്കേണ്ടതുണ്ട്. സ്വന്തം ചെറുഭവനത്തിനരികെ ഒരു പുതിയ ഭവനമോ ഭവനസമുച്ചയമോ നിർമ്മിക്കപ്പെടുമ്പോൾ അതിന്റെ തറനിരപ്പ് ഒരാൾപ്പൊക്കത്തിലോ അതിലും ഉയരത്തിലോ ആകാം. കാരണം വെള്ളപ്പൊക്ക സാധ്യത പുതിയ കെട്ടിടനിർമ്മാതാക്കൾ മുൻകൂട്ടി കാണുന്നു. വർഷങ്ങളായി നഗരത്തിൽ ജീവിക്കുന്നവരുടെ വീടിന്റെ തറനിരപ്പ് പെട്ടെന്ന് ഉയർത്തുകയെന്നത് പ്രായോഗികമല്ല. ഇവിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടു ചേർന്ന് വർഷങ്ങളായി നഗരത്തിൽ താമസിച്ചുവരുന്നവരെ  ദുരിതത്തിലാക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ നടപ്പാക്കാൻ മുമ്പേ പറഞ്ഞ കൂട്ടായ്മകൾ കൈകോർക്കണം.

കേരള തീരത്തിന്റെ 2 കിലോമീറ്റർ അകത്തേയ്ക്ക് കടലെടുക്കുമെന്നാണ് ഭൂരിഭാഗം പഠനങ്ങളും മുന്നറിയിപ്പ് നൽകുന്നത്. ആഗോള തലത്തിൽ തന്നെ കടൽ തീരമുള്ള രാജ്യങ്ങൾക്കെല്ലാം ഈ മുന്നറിയിപ്പ് ബാധകമാണ്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും തിരയടിച്ചെത്താം. കരയെന്നോ, കടലെന്നോ, മലയെന്നോ വ്യത്യാസമില്ലാതെ ഈ ദുരന്തങ്ങൾക്കെതിരെയുള്ള മനുഷ്യസാധ്യമായ പ്രതിരോധപ്രവർത്തനങ്ങൾ നാം ഒരുക്കുന്നത് വരും തലമുറകൾക്ക് മുകളിൽ രക്ഷാകവചമായി മാറും.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam