വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി. ചാരവൃത്തി കേസില്‍ യുഎസ് ജാമ്യം അനുവദിച്ചതോടെയാണ് യുകെയിലെ ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് അസാന്‍ജ് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു.
അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്ന കുറ്റം. തന്റെ സ്വാതന്ത്ര്യത്തിന് പകരമായി യു.എസ് കോടതിയില്‍ കുറ്റമേല്‍ക്കാമെന്ന് അസാന്‍ജ് സമ്മതിച്ചതോടെയാണ് ജാമ്യം ലഭിച്ചത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസ് സര്‍ക്കാരിന്റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു അസാന്‍ജിനെതിരായ ആരോപണം.
ഇത് തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായി എന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ വിക്കിലീക്സിലൂടെ അസാന്‍ജ് പുറത്തുവിട്ടിരുന്നു. എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികള്‍ വഴി യു എസ് ചാര പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതായിരുന്നു വിക്കിലീക്സിലൂടെ പുറത്തുവന്നത്.
സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയില്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്ന വെളിപ്പെടുത്തലുകള്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ യുഎസ് അസാന്‍ജിനെ ശത്രുവായി പ്രഖ്യാപിച്ച് പിടികൂടാനുള്ള ശ്രമങ്ങളാരംഭിച്ചത്. അതിനിടെ യുഎസിന് പുറമേ മറ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമര്‍ശങ്ങള്‍ വിക്കിലീക്സിലൂടെ പുറത്തുവന്നു.
ഇതോടെ അമേരിക്കയെ പിന്തുണച്ചും രാജ്യങ്ങളെത്തി. ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ വിക്കിലീക്സ് നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. ഫെയ്‌സ്ബുക്ക്, ഓണ്‍ലൈന്‍ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതോടെ അസാന്‍ജും പ്രതിരോധത്തിലായി.
ഇതിനിടെ സ്വീഡനില്‍ അസാന്‍ജിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ഇതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ സ്വീഡനും ശ്രമം തുടങ്ങി. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദഫലമായുണ്ടായ കേസാണിത് എന്നാണ് വിക്കിലീക്സിനോട് അനുഭാവമുള്ളവര്‍ ആരോപിച്ചത്. ലോക രാജ്യങ്ങള്‍ തന്നെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അസാന്‍ജ് പല രാജ്യങ്ങളിലും അഭയം തേടി.
2012 മുതല്‍ ഇക്വഡോര്‍ ആയിരുന്നു അസാന്‍ജിന് അഭയം നല്‍കിയിരുന്നത്. 2019 ഏപ്രിലില്‍ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് 17 കേസുകളാണ് അദ്ദേഹം യു.എസില്‍ നേരിടുന്നത്. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലില്‍ നിന്ന് 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.
ഓസ്ട്രേലിയന്‍ പ്രസാധകനും ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയന്‍ പോള്‍ അസാന്‍ജ് 2006 ലാണ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെ വിക്കീലീക്സ് ലോകശ്രദ്ധ നേടി. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തു വന്നതോടെ അസാന്‍ജിന് പിന്തുണയേറുകയും ചെയ്തു.
ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളായിരുന്നു വിക്കിലീക്ക്സിലൂടെ അസാന്‍ജ് പുറത്തുവിട്ടത്. ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിലും ഇതിന്റെ അലയൊലികളുണ്ടായിരുന്നു. സുഹൃത്ത് രാഷ്ട്രങ്ങളിലടക്കം അമേരിക്ക ചാരപ്പണി നടത്തിയിരുന്നുവെന്നാണ് വിക്കീലീക്സ് പുറത്തു വിട്ട രേഖകളില്‍ ഉണ്ടായിരുന്നത്.
അസാന്‍ജിനെതിരെയുള്ള നടപടികളുടെ നാള്‍ വഴികള്‍
2006: അസാന്‍ജ് ഓസ്‌ട്രേലിയയില്‍ വിക്കീലീക്സ് സ്ഥാപിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്ത് വിടാന്‍ ആരംഭിച്ചു.
2010: ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ അധിനിവേശങ്ങളുമായി ബന്ധപ്പെട്ട ഏകദേശം അര ലക്ഷത്തോളം രേഖകള്‍ വിക്കീലിക്സ് പോസ്റ്റുകളുടെ പരമ്പരയിലൂടെ പുറത്ത് വിട്ടു.
ഓഗസ്റ്റ് 2010: രണ്ട് സ്ത്രീകള്‍ ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീഡന്‍ അസാന്‍ജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇതോടെ വാറണ്ട് പിന്‍വലിക്കപ്പെട്ടു. ആരോപണങ്ങള്‍ അസാന്‍ജും നിഷേധിച്ചു.
സെപ്റ്റംബര്‍ 2010: സ്വീഡനിലെ പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ബലാത്സംഗ ആരോപണത്തില്‍ അന്വേഷണം പുനരാരംഭിച്ചു. അസാന്‍ജ് സ്വീഡന്‍ വിട്ട് ബ്രിട്ടനിലേക്ക് പോയി.
നവംബര്‍ 2010: സ്വീഡിഷ് പൊലീസ് അസാന്‍ജിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഡിസംബര്‍ 2010: അസാന്‍ജ് ലണ്ടന്‍ പൊലീസില്‍ കീഴടങ്ങി. കൈമാറല്‍ വിചാരണയ്ക്കായി തടവിലാക്കപ്പെട്ടു. ഹൈക്കോടതി അസാന്‍ജിന് ജാമ്യം നല്‍കി.
ഫെബ്രുവരി 2011: അസാന്‍ജിനെ സ്വീഡന് കൈമാറണമെന്ന് ബ്രിട്ടനിലെ ഒരു ജില്ലാ കോടതി വിധിച്ചു.
ജൂണ്‍ 2012: കൈമാറല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അസാന്‍ജ് അഭയം തേടി സെന്‍ട്രല്‍ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രവേശിച്ചു. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാന്‍ രാപ്പകല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ഓഗസ്റ്റ് 2012: ഇക്വഡോര്‍ അസാന്‍ജിന് രാഷ്ട്രീയ അഭയം നല്‍കി.
ജൂലൈ 2014: രണ്ട് സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് സ്വീഡനില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് സ്റ്റോക്ക് ഹോമിലെ ജഡ്ജി ശരിവച്ചു.
മാര്‍ച്ച് 2015: ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ അസാന്‍ജിനെ ചോദ്യം ചെയ്യാന്‍ അവസരം വേണമെന്ന് സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 2015: ചട്ടങ്ങളുടെ പരിമിതി കാരണം അസാന്‍ജിനെതിരായ ചില ആരോപണങ്ങളില്‍ സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ഉപേക്ഷിച്ചു, ബലാത്സംഗ ആരോപണത്തില്‍ അന്വേഷണം തുടരുന്നു.
ഒക്ടോബര്‍ 2015: ഇക്വഡോര്‍ എംബസിക്ക് പുറത്ത് മെട്രോപൊളിറ്റന്‍ പൊലീസ് അവരുടെ 24 മണിക്കൂര്‍ കാവല്‍ അവസാനിപ്പിച്ചു. മൂന്ന് വര്‍ഷത്തോളം ലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ട കാവലാണ് അവസാനിപ്പിച്ചത്. അതേസമയം ഇവിടെ നിന്നിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 2016: തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് യുഎന്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് കണ്ടെത്തിയെന്നും, ഉടന്‍ തന്നെ മോചിപ്പിക്കാനും നഷ്ട പരിഹാരം നല്‍കാനും ശുപാര്‍ശ ചെയ്യുന്നുവെന്നും അസാന്‍ജ് അവകാശപ്പെട്ടു. ബ്രിട്ടന്‍ ഇതിനെ പരിഹസിച്ച് രംഗത്തുവന്നു.
സെപ്റ്റംബര്‍ 2018: അസാന്‍ജ് നയതന്ത്ര കാര്യാലയം വിടുന്നതിന് ഇക്വഡോറും ബ്രിട്ടനും നിയമപരമായ പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന് ഇക്വഡോര്‍ പ്രസിഡന്റ് പറഞ്ഞു.
ഒക്ടോബര്‍ 2018: തനിക്ക് ഇക്വഡോര്‍ അഭയം നല്‍കിയപ്പോള്‍ അംഗീകരിച്ച അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അസാന്‍ജ് കോടതിയില്‍.
നവംബര്‍ 2018: അസാന്‍ജിനെതിരായ ക്രിമിനല്‍ കേസിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന യുഎസ് കോടതി ഫയലിങ്ങ് ഒരു ഗവേഷകന്‍ കണ്ടെത്തി. വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഏപ്രില്‍ 2019: ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോ അഴിമതി ആരോപണങ്ങള്‍ക്ക് വിക്കിലീക്സിനെ കുറ്റപ്പെടുത്തി. ഇക്വഡോര്‍ സര്‍ക്കാര്‍ അസാന്‍ജിന്റെ അഭയാര്‍ത്ഥി പദവി റദ്ദാക്കി. 2012-ല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് അസാന്‍ജിനെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് പുറത്താക്കുകയും യുഎസിനുവേണ്ടി ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2019 മെയ്: അസാന്‍ജിന് 50 ആഴ്ച തടവ്.
മെയ് 2019: വിക്കിലീക്സില്‍ രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചതിന് യുഎസ് സര്‍ക്കാര്‍ അസാന്‍ജിനെതിരെ 18 കുറ്റങ്ങള്‍ ചുമത്തി. പെന്റഗണ്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യാനും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള രഹസ്യ നയതന്ത്ര കേബിളുകളും സൈനിക ഫയലുകളും പുറത്തുവിടാനും യുഎസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിംഗുമായി ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
നവംബര്‍ 2019: സ്വീഡിഷ് പ്രോസിക്യൂട്ടര്‍ ബലാത്സംഗ അന്വേഷണം ഉപേക്ഷിച്ചു.
മെയ് 2020: കോവിഡ്-19 മഹാമാരിയുടെ കാലത്ത് അസാന്‍ജിന്റെ കൈമാറ്റ വാദം കേള്‍ക്കല്‍ വൈകുന്നു.
ജൂണ്‍ 2020: അസാന്‍ജിനെതിരെ യുഎസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും പുറത്തുവിടാനുമുള്ള അസാന്‍ജിന്റെ ശ്രമങ്ങള്‍ ഇതില്‍ ഊന്നിപ്പറയുന്നു.
ജനുവരി 2021: ഒരു ബ്രിട്ടീഷ് ജഡ്ജി അസാന്‍ജിനെ യുഎസിലേക്ക് കൈമാറാന്‍ കഴിയില്ലെന്ന് വിധിച്ചു. കഠിനമായ യുഎസ് ജയില്‍ വ്യവസ്ഥകള്‍ മൂലം അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ജൂലൈ 2021: അസാന്‍ജെയെ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യുഎസ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി.
ഡിസംബര്‍ 2021: അസാന്‍ജിനോട് മനുഷ്യത്വപരമായി പെരുമാറുമെന്ന് ഉറപ്പ് നല്‍കാന്‍ അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കുന്നതിനെക്കുറിച്ചുള്ള യുഎസ് ഉറപ്പ് മതിയെന്ന് ഹൈക്കോടതി വിധിച്ചു.
മാര്‍ച്ച് 2022: അസാന്‍ജിനെ കൈമാറുന്നതിനെതിരെ അപ്പീല്‍ നല്‍കാന്‍ ബ്രിട്ടന്റെ സുപ്രീം കോടതി അനുമതി നിഷേധിച്ചു.
ജൂണ്‍ 2022: അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
മെയ് 2023: അസാന്‍ജിനെ വിട്ടയക്കണമെന്നും അദ്ദേഹത്തിന്റെ ജയില്‍വാസം കൊണ്ട് ഫലമില്ലെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
ജൂണ്‍ 2023: ഒരു ഹൈക്കോടതി ജഡ്ജി അസാന്‍ജിനെ കൈമാറുന്നതിനെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്ന് വിധിച്ചു.
ഫെബ്രുവരി 20, 2024: അസാന്‍ജിന്റെ അഭിഭാഷകര്‍ അദ്ദേഹത്തെ കൈമാറുന്നത് തടയാന്‍ ഹൈക്കോടതിയില്‍ അന്തിമ നിയമ പോരാട്ടം ആരംഭിച്ചു.
മാര്‍ച്ച് 26, 2024: അസാന്‍ജിന് വധശിക്ഷയടക്കമുള്ള ശിക്ഷകള്‍ ലഭിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് അപ്പീല്‍ അനുവദിക്കുന്നതിന് മൂന്നാഴ്ച കൂടി സമയം അനുവദിച്ചു.
മെയ് 20, 2024: അമേരിക്കന്‍ പൗരനല്ലാത്തതിനാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങള്‍ അസാന്‍ജിന് നല്‍കാനാകുമോ എന്ന് പരിശോധിച്ച ശേഷം പുതിയ അപ്പീല്‍ നല്‍കാമെന്ന് രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ വിധിച്ചു. വാദം കേള്‍ക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ജൂണ്‍ 24, 2024: ഏജന്‍സിയുമായുള്ള കരാര്‍ പ്രകാരം, ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി നേടിയെടുക്കാനും പ്രചരിപ്പിക്കാനും ഗൂഢാലോചന നടത്തിയതിന് ചാരവൃത്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റസമ്മതം നടത്താന്‍ അസാന്‍ജ് തയ്യാറാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1