'മാന്നാർ മത്തായി സ്പീക്കിംഗ്' എന്ന സിനിമ റിലീസ് ചെയ്തത് 1995ലാണ്. ഇന്നും ആ സിനിമയിലെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ ട്രോളർമാർ എടുത്ത് വീശാറുണ്ട്. സോളാർ വിരുദ്ധ സമരം അവസാനിപ്പിച്ചതിനെ പറ്റിയുള്ള തിരുവഞ്ചൂരിന്റെയും ചെറിയാൻ ഫിലിപ്പിന്റെയും ജോൺ ബ്രിട്ടാസിന്റെയും ന്യായീകരണങ്ങൾ കേട്ടപ്പോൾ ആ സിനിമയിൽ കടുവാക്കുളം ആന്റണിയും ഇന്നസെന്റും തമ്മിലുള്ള ഫോൺ സംഭാഷണം ഓർമ്മയിലെത്തി. കടുവാക്കുളം ചോദിക്കുന്നു: ''ഇത് ഞങ്ങൾ അങ്ങോട്ട് വിളിച്ച കോളല്ലേ?''
ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ: ''അതെങ്ങനെയാ? ഇത് ഞങ്ങൾ അങ്ങോട്ട് വിളിച്ച കോളല്ലേ?'' ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരുടെ തരികിട നമ്പറുകൾ സോളാർ സമരം ഒത്തു തീർക്കുന്നതിൽ കോൺഗ്രസും സി.പി.എമ്മും കാണിച്ചുവോ എന്ന ചോദ്യത്തിന് ജനം തന്നെ മറുപടി കണ്ടെത്തട്ടെ. മനോരമയുടെ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം കോൺഗ്രസിനുവേണ്ടി ദല്ലാൾ പണി നടത്തിയെന്ന് ചിലർ ആരോപിക്കുന്നുണ്ട്.
സമരം തീർക്കാൻ ജോൺ മുണ്ടക്കയം വഴി കോൺഗ്രസുകാരെ സമീപിച്ചുവെന്നു സമ്മതിച്ചു തരാൻ പറ്റിയ അവസ്ഥയിലല്ല, കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടറും സി.പി.എമ്മിന്റെ നിലവിലെ രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ്. ഉമ്മൻചാണ്ടിക്കെതിരെയുള്ള സമരം വി.എസിന്റെ പിടിവാശിയായിരുന്നുവെന്ന വാദത്തിനുമുണ്ട് ഒരു തരം അളിഞ്ഞ മണം. പടുവൃദ്ധനായ വി.എസിന് ഇപ്പോൾ അത്തരമൊരു ആരോപണം തള്ളാനോ കൊള്ളാനോ പറ്റിയ ആരോഗ്യമില്ലെന്നതും ഓർമ്മിക്കേണ്ടതുണ്ട്.
ബോംബുണ്ടാക്കുന്നവൻ രക്തസാക്ഷി?
മാർക്‌സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ ഘടകത്തിന്റെ രൂപഭാവങ്ങൾ ആ പാർട്ടിയുടെ ദേശീയ, സംസ്ഥാന തലങ്ങളിലുള്ള 'ആട്ടിൻകുട്ടി വേഷ'ത്തിന് ഒരിക്കലും ചേരില്ല. അവിടെ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുക, എതിർ സ്ഥാനാർത്ഥിയുടെ ബൂത്തുകളിൽ ഇരിക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കുക, അവരുടെ മേൽ നായ്ക്കുരണപ്പൊടി വിതറുക തുടങ്ങിയ 'മിനി കലാപരിപാടികൾ' ക്കൊപ്പം ബോംബേറ്, കത്തിക്കുത്ത് തുടങ്ങിയ മെഗാ റിയാലിറ്റി ഷോകളും കണ്ണൂരിലെ ചില സഖാക്കളെങ്കിലും ഇലക്ഷൻ കാലത്ത് നടപ്പാക്കാറുണ്ട്.
ഇന്ന് (ബുധൻ) പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ബോമ്പ് നിർമ്മാണ വേളയിൽ കൊല്ലപ്പെട്ട രണ്ട് സഖാക്കൾക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്യുമ്പോൾ ആ പാർട്ടി കണ്ണൂരിൽ സ്വീകരിച്ചിട്ടുള്ള അക്രമ പാതയുടെ ഒരു വിസ്താരമ ദൃശ്യം തന്നെ നമ്മുടെ മുമ്പിൽ തെളിയുന്നുണ്ട്. ഡെൽഹിയിൽ വച്ച് അന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തള്ളിപ്പറഞ്ഞ ഈ രണ്ട് സഖാക്കളുടെ മൃതശരീരങ്ങൾ അന്ന് ഏറ്റുവാങ്ങിയത് ഇന്ന് ഖാദി കമ്മീഷന്റെ തലപ്പത്തിരിക്കുന്ന പി. ജയരാജനായിരുന്നു.
അദ്ദേഹം അന്ന് പാർട്ടി വക ഭൂമിയിൽ ഈ 'രക്ത' സാക്ഷികളെ സംസ്‌കരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. അന്ന് കോടിയേരി തള്ളിപ്പറഞ്ഞവരെ ഇന്നത്തെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ, സഖാക്കളും രക്തസാക്ഷികളുമായി അംഗീകരിക്കുമ്പോൾ ആ പാർട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തം.
പാർട്ടി പറഞ്ഞു, പൊലീസ് നിർവീര്യമാക്കി
2016 മുതൽ 2022 വരെയുള്ള പിണറായി ഭരണകാലത്ത് 6 വർഷത്തിനിടയിൽ സംസ്ഥാനത്ത് 431 ബോംബേറ് കേസുകളുണ്ടായതായി പൊലീസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ കേസുകളിൽ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. പകുതി കേസുകളും പാർട്ടി നിർദ്ദേശാനുസരണം എഴുത്തിത്തള്ളുകയായിരുന്നു. 205 കേസുകൾ തെളിയിക്കാനായില്ലെന്നും പൊലീസ് അവകാശപ്പെടുന്നു. 162 കേസുകളിൽ പൊലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഈ കേസുകൾ വിചാരണ ഘട്ടത്തിലുമാണ്.
ഗുണ്ടാ ആക്രമണക്കേസുകളും ഇതേ കാലയളവിൽ അരങ്ങേറുകയുണ്ടായി. 142 കേസുകളിൽ കുറ്റപത്രം തയ്യാറായി. രണ്ടെണ്ണം എഴുതിത്തള്ളി. 5 കേസുകളിൽ മാത്രം പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്രത്തോളം ക്രിമിനലുകളെ പാർട്ടി ചേർത്തുപിടിച്ച നെറികെട്ട മറ്റൊരു കാലമുണ്ടായിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടിട്ടും അതെല്ലാം പുച്ഛിച്ചുതള്ളുകയാണ് പല പാർട്ടി നേതാക്കളും.
തലസ്ഥാനം ദുരിതക്കയം പോലെ
സ്മാർട്ട് സിറ്റി പദ്ധതിക്കുവേണ്ടി കുഴിച്ച കുഴികൾ കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരത്ത് നികത്താതെ കിടക്കുകയാണ.് മഴപെയ്താൽ റോഡ് കുളമാകുക മാത്രമല്ല, ഈ കുഴികൾ മരണക്കെണികളായി രൂപപ്പെടുന്ന അവസ്ഥയുമുണ്ട്. നടുറോഡിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ എന്തെല്ലാമോ കാട്ടിക്കൂട്ടിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജനങ്ങൾ നേരിടുന്ന മഴക്കാല ദുരിതങ്ങൾ കാണാതെ പോകുന്നത് ദുഃഖകരമാണ്. മുട്ടത്തറയിലെ ആയിരത്തോളം വീടുകളിൽ മുട്ടൊപ്പവും അരയ്‌ക്കൊപ്പവും വെള്ളം നിറഞ്ഞു കിടന്നിട്ടും തിരുവനന്തപുരം കോർപ്പറേഷൻ നിസ്സംഗരായി ജനങ്ങളുടെ ഈ ദുരിതം കണ്ടുരസിക്കുകയാണോ? മഴക്കാലത്തിനു മുമ്പ് കാനകൾ വൃത്തിയാക്കുക, കരിത്തോട് പോലെയുള്ള തോടുകളിലെ ജലപ്രവാഹം കൃത്യമാക്കുക, നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ വരുത്തിയ വീഴ്ചയുടെ ഈർച്ച വാളുകളിൽ പെട്ട് തലസ്ഥാനത്തെ ജനങ്ങൾ ഇന്നും കൊടും ദുരിതമനുഭവിക്കുകയാണ്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കേരളത്തിലെ മേയർമാരുടെ കൗൺസിൽ മേയ് 15ന് കൊച്ചിയിൽ സമ്മേളിച്ചതായി വാർത്തകളുണ്ടായിരുന്നു. വനിതാ മേയർമാരുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളും പുരുഷ മേയർമാരുള്ള കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിൽ വച്ച് മഴക്കാല പൂർവ ശൂചീകരണത്തിന് കോർപ്പറേഷനുകളുടെ കൈവശം പണമില്ലെന്ന കാര്യം പ്രത്യക്ഷമായി മേയർമാർ പറഞ്ഞില്ലെന്ന് ശരിയാണ്.
എന്നാൽ 2023-24 വർഷത്തെ പദ്ധതിവിഹിതത്തിലെ ഒരു ഭാഗം ഇപ്പോഴും സർക്കാർ ട്രഷറികളിൽ പിടിച്ചുവെച്ചിരിക്കുകയാണെന്ന സൂചന യോഗത്തിൽ പരാമർശിക്കപ്പെട്ടു. മഴക്കാലം മേയ് 31ന് സജീവമാകാനിരിക്കെ, ഇത്രയേറെ വൈകിയാണോ ഇക്കാര്യം മേയർമാർ ഭരണകൂടത്തെ അറിയിക്കേണ്ടത്? ഓരോ തവണ വെള്ളം കയറുമ്പോഴും തലസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലെയും വീടുകളിലുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നശിക്കുന്നുണ്ട്. ഓരോ തവണയും ഇവയെല്ലാം പുതിയതായി വാങ്ങാൻ പല വീട്ടുകാർക്കും കഴിയുന്നില്ല.
പെയ്ത്തുവെള്ളമൊഴിഞ്ഞുപോകുമ്പോൾ വീണു പോകുന്ന മതിലുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണികൾ നടത്താനും ജനം പാടുപെടുകയാണ്. ആരാണ് ഈ ദുരവസ്ഥയിൽ അവരെ സഹായിക്കുക? ചോദ്യം ചോദിച്ച് മിണ്ടാതിരിക്കുകയെന്ന അവസ്ഥയിലാണ് പല വീട്ടുകാരും.
യാത്ര കരയിലും ആകാശത്തും ക്ലേശകരം...
കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ താളം തെറ്റിയിട്ട് ദിവസങ്ങളായി. വന്ദേ ഭാരത് എക്‌സ്പ്രസ് തുടങ്ങിയ പുതിയ ട്രെയിൻ സർവീസുകൾ യാത്രക്കാർക്ക് ഒരളവുവരെ അനുഗ്രഹമായെന്ന കാര്യം മറക്കുന്നില്ല. എന്നാൽ കേരളത്തിലേക്ക് വരുന്ന ദീർഘദൂര തീവണ്ടികൾ നാലും അഞ്ചും മണിക്കൂറുകൾ വിജനമായ സ്ഥലങ്ങളിൽ നിർത്തിയിടുന്നത് പതിവാണിപ്പോൾ. ചിലപ്പോൾ തീവണ്ടികളിലെ വൈദ്യുതി വിതരണം പോലും തടസ്സപ്പെടുന്നു. റെയിൽവേ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് ഒരു വിശദീകരണം പോലും നൽകാറുമില്ല.
വിമാന യാത്രക്കാരും ഇപ്പോൾ ടാറ്റായുടെ എയർ ഇന്ത്യ തീർത്ത വിഷമ വൃത്തങ്ങളിൽ പെട്ട് ഉഴലുന്നു. വിമാന സർവീസുകൾ കുറ്റമറ്റ രീതിയിൽ ഇപ്പോഴും നടക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. മരിച്ച ഭർത്താവിന്റെ മൃതശരീരം ഒരുനോക്ക് കാണാൻ കഴിയാതിരുന്ന ഭാര്യയെക്കുറിച്ചു കൃത്യ സമയത്ത് വിദേശ കമ്പനികളിൽ ജോലിക്ക് ഹാജരാകാൻ കഴിയാതെ പോയവരെക്കുറിച്ചുമെല്ലാം മാധ്യമ വാർത്തകളുണ്ടായിരുന്നു. ടാറ്റയെ പോലെ 'കസ്റ്റമർ ഫ്രണ്ട്‌ലി' യായിട്ടുള്ള ഒരു കമ്പനി എന്തുകൊണ്ട് യാത്രക്കാരെ ഇങ്ങനെ വലച്ചുവെന്ന ആത്മപരിശോധന കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ, അത്തരം നടപടികളോ പ്രസ്താവനകളോ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതേയില്ല.
ഗുരുവായൂരമ്പല നടയിൽ...
പൃഥ്വിരാജും ബേസിൽ ജോസഫും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഗുരുവായൂരമ്പല നടയിൽ എന്ന വിപിൻദാസ് ചിത്രം കളക്ഷനിൽ 50 കോടി കടന്നു. നാലുകോടി മുടക്കിയാണ് ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് ഏലൂരിൽ ഫാക്ട് വക സ്ഥലത്ത് കെട്ടിയുയർത്തിയത്. ഇതിനു മുമ്പ് ഇതേ ചിത്രത്തിന്റെ സെറ്റ് പെരുമ്പാവൂർ പട്ടണത്തിലേക്ക് കടക്കുന്നതിനുമുമ്പുള്ള പാലത്തിന്റെ താഴെ വയൽ നികത്തിയ സ്ഥലത്ത് നിർമ്മിക്കാനുള്ള പ്രാഥമിക പരിപാടികൾ ആർട്ട് ഡയറക്ടർ ആരംഭിച്ചുവെങ്കിലും ചില പ്രാദേശിക കാരണങ്ങളാൽ ആ സ്ഥലത്തെ സെറ്റ് നിർമ്മാണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഒരു കല്യാണത്തിന്റെ കൊട്ടും കുരവയും കൺഫ്യൂഷനുകളുമെല്ലാം ചേർന്ന് ആ ചിത്രത്തെ രസകരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരാം. ഒപ്പം മലയാള സിനിമകൾ ഈ വർഷത്തെ അഞ്ച് മാസം കടക്കുന്നതിനു മുമ്പ് 1000 കോടി കളക്ട് ചെയ്തുവെന്ന ആഹ്ലാദ വാർത്തയും മോളിവുഡിന് കസവുകര ചാർത്തുന്നുണ്ട്!
ആന്റണി ചടയമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1