കീരിക്കാടൻമാരുടെ അഴിഞ്ഞാട്ടം; ഭയം അകന്ന് ബ്ലേഡ് മാഫിയ, കാരിയർമാർ

AUGUST 21, 2024, 11:15 PM

'കൺകെട്ട്' സിനിമയിൽ മാമുക്കോയയിലൂടെ അമരനായി മാറിയ കീലേരി അച്ചുവിനെപ്പോലുള്ള ഫ്യൂസ് പോയ ഗുണ്ടകളെയല്ല, 'കിരീട'ത്തിലെ കീരിക്കാടൻ ജോസിനെ വെല്ലുന്ന ഭീകരന്മാരെയാണ് കേരള പോലീസിനു കുറേക്കാലമായി മിക്ക ജില്ലകളിലും കൈകാര്യം ചെയ്യേണ്ടിവരുന്നത്: അടുത്ത കാലത്തു സേവനത്തിൽ നിന്നു വിരമിച്ച ഒരു റിട്ടയേർഡ് ഐ.പി.എസ് ഓഫീസറുടെ നിരീക്ഷണമാണിത്. ബ്ലേഡ് മാഫിയക്കുൾപ്പെടെ വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്തും ലഹരി സ്വർണ കള്ളക്കടത്തുകളുടെ ഭാഗമായും പരസ്പരം പക തീർത്തും അവർ അഴിഞ്ഞാടുമ്പോൾ മിക്കയിടത്തും പോലീസ് പല കാരണങ്ങളാൽ നിസംഗത തുടരുന്നു. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കാവൽ, ആഗ് പദ്ധതികൾ പാളി.

പട്ടാപ്പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വെട്ടിയും കുത്തിയും തലയ്ക്കടിച്ചും പരസ്പരം കൊന്നു പക തീർക്കുന്ന ഗുണ്ടാസംഘങ്ങൾ തലസ്ഥാനത്ത് വിഹരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, അക്രമികളെ അടിച്ചൊതുക്കി നാട്ടിൽ സമാധാനം ഉറപ്പക്കേണ്ട പൊലീസാകട്ടെ ഒന്നും കാണുന്നില്ലെന്ന നിലപാടിലുമാണ്. പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ ഗുണ്ടയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയിയെ (41) നടുറോഡിൽ വെട്ടിക്കൊന്ന സംഭവം വ്യക്തമാക്കുന്നത് ഗുണ്ടാപ്പകയ്ക്ക് അടുത്തെങ്ങും അന്ത്യമുണ്ടാകില്ലെന്നാണ്.

പൊലീസിന്റെ നിഷ്‌ക്രിയത്വവും ഇതോടെ ചർച്ചയാവുകയാണ്. ഈ കൊലപാതകത്തിനുള്ള തിരിച്ചടി എപ്പോഴെന്നതാണ് ഉയരുന്ന മറുചോദ്യം. തലസ്ഥാന നഗരത്തിലെ സ്ഥിതിയാണിത്. ഗുണ്ടവേട്ടയ്ക്ക് ഓപ്പറേഷൻ 'ആഗ്' എന്ന പേരിൽ സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തി 10,000 ഗുണ്ടകളെ പിടികൂടിയെന്ന് പൊലീസ് വീമ്പ് പറയുന്നതിനിടെയാണ് തലസ്ഥാനത്ത് മൂന്ന് മാസത്തിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങൾ. ലഹരി  ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇനാദിനെയും 2004ൽ ഗുണ്ടനേതാവായ ജെറ്റ് സന്തോഷിനെ വെട്ടിക്കൊന്നതു മുതലാണ് തലസ്ഥാന നഗരത്തിലെ ഗുണ്ടകളുടെ പരസ്പരമുള്ള കൊന്നുതീർക്കലുകൾ തുടങ്ങിയത്.

vachakam
vachakam
vachakam

കഴിഞ്ഞ മേയിൽ ബാറിലെ തർക്കത്തെ തുടർന്ന് പട്ടാപ്പകൽ കരമനയിൽ നടുറോഡിൽ അഖിൽ എന്ന ചെറുപ്പക്കാരനെ ഒരു സംഘം ഗുണ്ടകൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. 'കാപ്പാ' കേസിൽ അറസ്റ്റിലായ ശേഷം ജയിൽ മോചിതരാവുന്നതോടെ ഗുണ്ടകളുടെ 'ആറാട്ടാ'ണ്.
അതേസമയം കൊടും കൊലപാതകങ്ങൾ ചെയ്തവർ പലരും കാപ്പയിൽ പെടാതെ ഇന്നും വിലസുന്നുണ്ട്. സ്റ്റേഷൻ പരിധിയിലെ ക്രിമിനലുകളെ നിരീക്ഷിക്കുന്നതിലും കാപ്പ പ്രകാരം ക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലുമുണ്ടാകുന്ന വീഴ്ച ഗുണ്ടകൾക്ക് അനുഗ്രഹമാകുന്നു.
സംസ്ഥാനത്തെ ഗുണ്ടാപ്പകയും കൊലപാതകങ്ങളും അമർച്ച ചെയ്യാൻ പൊലീസ് ഇനിയും മുന്നേറേണ്ടതുണ്ട്.

സേനയിലെ അംഗബലം കുറഞ്ഞതാണ് പ്രധാന പ്രശ്‌നം. സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല. രാവും പകലുമില്ലാതെ ജോലി ചെയ്തു തളർന്ന പൊലീസുകാർക്ക് തങ്ങളെക്കാൾ ശക്തരായ ഗുണ്ടകളെ അമർച്ച ചെയ്യാനാകുന്നില്ല. ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ തയാറാക്കിയ പുതിയ ആക്ഷൻ പ്ലാൻ അനുസരിച്ച് ഗുണ്ട, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും ഗുണ്ടാ സാദ്ധ്യതാ ലിസ്റ്റിലുള്ളവരെയും പ്രത്യേകം നിരീക്ഷിക്കാൻ ഒരോ സ്റ്റേഷനിലും ഒരോ സി.പി.ഒമാരെ നിയോഗിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. എല്ലാ ദിവസവും ഇവരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിരുന്നു.

പക്ഷേ, ഒന്നും സംഭവിച്ചില്ല. ഗുണ്ടാ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തിയെങ്കിലും ഭൂരിഭാഗം പേരും സേനയിൽ തുടരുന്നു. വിദേശത്തു നിന്ന് കടത്തുന്ന സ്വർണം ഏറ്റുവാങ്ങാനായി തമിഴ്‌നാട്ടിൽ നിന്നുള്ള കാരിയർമാർ സ്ഥിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്താറുണ്ടെന്ന റിപ്പോർട്ടും ഈയിടെ പുറത്തുവന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ദരിദ്ര യുവാക്കളെ വല വീശിപ്പിടിച്ച് തുച്ഛമായ തുക നൽകിയാണ് കാരിയർമാരാക്കി സ്വർണം കടത്തുന്നത്. പാസ്‌പോർട്ടുള്ളവർ ഒരു തവണ വിദേശത്ത് പോയി കള്ളക്കടത്തുകാർ നൽകുന്ന സാധനങ്ങളുമായി തിരികെയെത്തുന്നതിന് വിമാന ടിക്കറ്റും 30,000 മുതൽ 50,000 രൂപ വരെയും നൽകും. പിടിക്കപ്പെട്ടാൽ വാഗ്ദാനം നൽകിയ തുക കിട്ടില്ല. സ്വർണക്കടത്ത് സംഘങ്ങൾ ഇവർക്ക് നൽകുന്ന ബാഗിൽ എന്താണ്, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുപോലുംഇവർക്ക് അറിയാനാകില്ല.

vachakam
vachakam
vachakam

വിമാനത്തിൽ സ്വർണം കൊണ്ടുവരുന്ന കാരിയറുടെ ഫേട്ടോയും പാസ്‌പോർട്ടിന്റെ കോപ്പിയും തലസ്ഥാനത്ത് സ്വർണം വാങ്ങാനായി കാത്തുനിൽക്കുന്ന സംഘങ്ങൾക്ക് അയച്ചുകൊടുക്കും. ഇത് നോക്കിയാണ് കാരിയറെ തിരിച്ചറിയുന്നത്. ഇത്തരത്തിൽ വാങ്ങുന്ന സ്വർണം തട്ടിപ്പറിക്കാനായി മൂന്നോ നാലോ ഗുണ്ടാസംഘങ്ങളും നഗരത്തിലുണ്ട്. കഴിഞ്ഞയാഴ്ച സ്വർണക്കടത്ത് കാരിയറായ ഉമറിനെ വിമാനത്താവളത്തിനടുത്തുനിന്നു തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘം മുമ്പും ഇയാളെ കിഡ്‌നാപ്പ് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി പോലീസിനു സൂചന ലഭിച്ചു. പലതവണ പദ്ധതിയിട്ടെങ്കിലും നടപ്പായിരുന്നില്ല.

കാരിയർമാരെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വിവാദമാകുമ്പോഴായിരിക്കും പൊലീസ് ഇടപെടുന്നത്. അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുമെന്ന് കണ്ടാൽ കേസ് കൊടുക്കാൻ നിൽക്കുന്നവർ തന്നെ പതിയെ പിൻവലിയും. തലസ്ഥാനത്ത് ഏറ്റവുമൊടുവിൽ നടന്ന തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണം പൊട്ടിക്കലാണെന്ന് പൊലീസിന് മനസിലായെങ്കിലും ഉമർ പരാതിയിൽ ഉറച്ചുനിന്നില്ല. അഞ്ചംഗ ഗുണ്ടാസംഘം കേസിൽ അറസ്റ്റിലായിട്ടും പൊലീസിന്റെ അന്വേഷണം പാളി.

മൂർച്ചയേറി ബ്ലേഡ്

vachakam
vachakam
vachakam

സംസ്ഥാനത്ത് ബ്ലേഡ് മാഫിയ വീണ്ടും സജീവമായെന്നതിന്റെ സൂചന കൂടിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പാലക്കാട് കുഴൽമന്ദത്ത് മനോജിന്റെ ദാരുണ മരണത്തിനിടയാക്കിയ സംഭവങ്ങൾ. അതിക്രൂരമായ മർദനത്തിനൊടുവിൽ ആന്തരാവയവങ്ങൾക്ക് ക്ഷതമേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മനോജ് ഞായറാഴ്ച മരിച്ചത്. സഹോദരിയുടെ വിവാഹാവശ്യാർഥവും മരണപ്പെട്ട പിതാവിന്റെ കടബാധ്യത തീർക്കാനുമായി പണം കടം വാങ്ങിയതാണ് പീഡനത്തിനു കാരണമായത്. സാമ്പത്തിക പ്രയാസം മൂലം വായ്പ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നു. തുടർന്ന് ബ്ലേഡ് മാഫിയയാണ് മനോജിനെ ക്രൂരമായി മർദിച്ചതെന്ന്് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

2014ൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കവേ വലിയ സന്നാഹങ്ങളോടെ നടപ്പാക്കിയ ഓപ്പറേഷൻ കുബേര നിലച്ചതോടെയാണ് ബ്ലേഡ് മാഫിയയുടെ വിളയാട്ടം വീണ്ടും ശക്തമായിരിക്കുന്നത്. പലിശക്കൊള്ളക്കാർ സംസ്ഥാനത്ത് പിടിമുറുക്കുകയും അവരുടെ ഭീഷണി മൂലം തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ കുബേര എന്ന പേരിൽ റെയ്ഡ് ആരംഭിച്ചത്. ഇന്റലിജൻസ് മേധാവി ഹേമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന വ്യാപക റെയ്ഡിൽ നൂറുകണക്കിന് കൊള്ളപ്പലിശക്കാർ പിടിയിലായിരുന്നു.1958ലെ പണം കൊടുക്കൽ നിയമവും 2021ലെ അമിത പലിശ ഈടാക്കൽ നിരോധന നിയമവും പ്രകാരമാണ് ഇവർക്കെതിരെ കേസ് ചാർജ് ചെയ്തത്. ഏറെ താമസിയാതെ അത് നിലച്ചു. ചെറുകിട പലിശ ഇടപാടുകാർ മാത്രം പിടിയിലാകുകയും വൻകിടക്കാർ റെയ്ഡിൽ കുടുങ്ങാതെ രക്ഷപ്പെടുകയും ചെയ്തതോടെ ഓപ്പറേഷൻ കുബേരയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് അത് ദുർബലമാകാൻ ഒരു കാരണം. പോലീസ് സംഘം റെയ്ഡിനിറങ്ങുമ്പോൾ തന്നെ വൻകിടക്കാർക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവത്രേ.

വീട്ടമ്മമാരും ചെറുകിട കച്ചവടക്കാരും തുടങ്ങി സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാരാണ് ബ്ലേഡ് മാഫിയയുടെ മുഖ്യ ഇരകൾ.ദിവസപ്പിരിവ്, ആഴ്ചപ്പിരിവ്, മാസപ്പിരിവ് എന്നീ വിവിധ രീതികളിലാണ് ബ്ലേഡ് ഇടപാടുകൾ. ഭീമമായ പലിശ ഇവർ ഈടാക്കുന്നു. ഇതിന്റെ കൊടിയ ചൂഷണ വശങ്ങൾ തിരിച്ചറിയാതെയാണ് ഗ്രാമവാസികൾ വായ്പയ്ക്ക് അത്തരക്കാരെ സമീപിച്ച് ഊരാക്കുടുക്കിലാകുന്നത്. ഒരു തവണ കെണിയിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് തലയൂരുക എളുപ്പമല്ല. എത്ര തുക അടച്ചാലും പലിശയും പലിശയ്ക്കുമേൽ പലിശയുമായി തിരിച്ചടവ് സംഖ്യ ഉയർന്നു കൊണ്ടേയിരിക്കും. കിടപ്പാടവും കെട്ടുതാലിയുമെല്ലാം നഷ്ടപ്പെട്ടവരും ജീവനൊടുക്കിയവരുമുണ്ട് സംസ്ഥാനത്തുടനീളമുള്ള ഇരകളിൽ. ചെറുകിട സമ്പന്നർ മുതൽ വൻകിടക്കാർ, സർക്കാർ ജോലിക്കാർ, അതിർത്തി കടന്നെത്തുന്ന തമിഴന്മാർ, ഉത്തരേന്ത്യക്കാർ വരെ ബ്ലേഡ് മാഫിയ ശൃംഖലയിലുണ്ട്.

രാഷ്ട്രീയ, പോലീസ് ബന്ധമാണ് ബ്ലേഡ് മാഫിയക്കു സംരക്ഷണമൊരുക്കുന്നത്. ഓപ്പറേഷൻകുബേര നിർവീര്യമായി നിലച്ചതിന്റെ മുഖ്യ കാരണവും ഇതു തന്നെ. തുടർന്ന് പലിശ മാഫിയ വീണ്ടും തലപൊക്കാൻ തുടങ്ങി. നോട്ട് നിരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും കോവിഡും ഇവർക്കു വീണ്ടും വിളയാടാൻ കൂടുതൽ സഹായമേകി. കോവിഡ് വ്യാപനത്തെ തുടർന്ന് സാധാരണക്കാർക്ക് തൊഴിലില്ലാതാകുകയും ജീവിത മാർഗങ്ങൾ അടയുകയും ചെയ്തതോടെ അവർ കൊള്ളപ്പലിശക്കാരെ സമീപിക്കാൻ നിർബന്ധിതരായി. ഈ അന്തരീക്ഷം പലിശ മാഫിയ ആർത്തിയോടെ ചൂഷണം ചെയ്തു.വായ്പ നൽകുമ്പോൾ മുദ്രപത്രങ്ങളിലും ചെക്കുകളിലും ഒപ്പിട്ടു വാങ്ങുന്ന സംഘം ഇതുകാണിച്ചാണ് ഇരകളെ ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കായംകുളത്ത് ഒരു കൊള്ളപ്പലിശക്കാരന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 12 ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും മൂന്ന് പാസ്സ്‌പോർട്ടുകളും മൂന്ന് എയർഗണ്ണും പിടിച്ചെടുത്തിരുന്നു. ആറ് ലക്ഷം കടം വാങ്ങിയ ശാസ്തമംഗലം മരുതംകുഴിയിലെ ഒരു സ്ത്രീയിൽ നിന്ന് 31.5 ലക്ഷം രൂപയും കാറും പലിശ സംഘം തിരികെ വാങ്ങിയ വിവരം പുറത്തുവന്നിരുന്നു.

ഇതുകൊണ്ടും മതിയാകാതെ ഇരയെ വീണ്ടും പിഴിയാൻ ശ്രമിച്ചതോടെ അവർ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് പലിശ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്ന ബാങ്കുകളുണ്ടെങ്കിലും അത്തരം സ്ഥാപനങ്ങളിൽ നിന്ന് പണമെടുക്കുന്നതിനുള്ള നടപടി ചട്ടങ്ങളുടെ സങ്കീർണത മറികടക്കാൻ സാധാരണക്കാർക്ക് കഴിയാറില്ല. ഇക്കാരണത്താലാണവർ ബ്ലേഡ് മാഫിയകളെ സമീപിക്കുന്നത്. സർക്കാർ 2019 ൽ 'മുറ്റത്തെ മുല്ല' പദ്ധതി ആരംഭിച്ചത് ഇതെല്ലാം കണക്കിലെടുത്തായിരുന്നു. വായ്പ ആവശ്യമുള്ളവർക്ക് അവരുടെ വീട്ടിൽ പണം എത്തിച്ചു കൊടുക്കുന്നുവെന്നതാണ് സഹകരണ സംഘങ്ങളും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സവിശേഷതയായി വിളംബരം ചെയ്യപ്പെട്ടത്. 10,000 രൂപ മുതൽ 25,000 രൂപ വരെ വായ്പ നൽകുമെന്നും പറഞ്ഞിരുന്നു,

ആഴ്ച തോറുമുള്ള ലഘുവായ തിരിച്ചടവ് ക്രമത്തിലൂടെ് തുക തിരിച്ചു പിടിക്കുമെന്നും. വലിയ പ്രതീക്ഷയോടെയും അവകാശവാദത്തോടെയും ആരംഭിച്ച ഈ പദ്ധതി പക്ഷേ വൈകാതെ നിർജീവമായി. ഈ പദ്ധതിയിലും തട്ടിപ്പും വെട്ടിപ്പും അരങ്ങേറാൻ തുടങ്ങിയതായി ആക്ഷേപമുയർന്നിരുന്നു.പേരെന്തു തന്നെ വിളിച്ചാലും ഓപ്പറേഷൻ കുബേര പോലൊരു സംവിധാനം സമഗ്രവും കൂടുതൽ ഫലപ്രദവുമാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് കൊള്ളപ്പലിശക്കാരുടെ പട്ടിക തയ്യാറാക്കുന്നുണ്ടെന്നും പ്രവർത്തനം നിരീക്ഷിക്കാൻ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും സൂചന വന്നിരുന്നു. പക്ഷേ കാര്യമായ നീക്കങ്ങൾ പിന്നീടുണ്ടായില്ല.

ബ്ലേഡ് കമ്പനിക്കാർ ഇരകൾക്കു നേരെ നടത്തുന്ന ക്രൂരതകളെ ചൊല്ലി പ്രതിഷേധമുയരുമ്പോൾ മാത്രം ഉദ്യോഗസ്ഥർ രംഗത്തു വരുന്ന അവസ്ഥ മാറി അവരെ സദാ നിരീക്ഷിക്കാനും നടപടികൾ കൈക്കൊള്ളാനുമുള്ള സംവിധാനമാണാവശ്യമെന്ന കാര്യം സർക്കാർ ഗൗനിക്കുന്നില്ല. സംസ്ഥാനത്ത് ബ്ലേഡ് മാഫിയക്കെതിരായ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പോലീസുദ്യോഗസ്ഥരും ബ്ലേഡ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് റെയ്ഡ് പരാജയപ്പെടാനും വൻകിട പലിശ മാഫിയകൾ രക്ഷപ്പെടാനും വഴിയൊരുക്കുന്നത്. അത്തരം ഉദ്യോഗസ്ഥരെ മാറ്റിനിർത്തി വേണം ഓപ്പറേഷൻ കുബേര പദ്ധതി പുനരാരംഭിക്കേണ്ടത്.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam