ഷോക്ക് കൊടുത്തും ചേര്‍ത്ത് നിര്‍ത്തിയും ട്രംപ് പണി തുടങ്ങി

NOVEMBER 26, 2024, 3:05 PM

നിയുകത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി 20 ന് ചുമതലയേല്‍ക്കും. അന്ന് തന്നെ നിര്‍ണായക ഉത്തരവുകള്‍ ഇറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതില്‍ ചൈനയ്ക്കും കാനഡയ്ക്കും നല്ല പണി വരുന്ന ഉത്തരവുകളും ഉണ്ടാകും എന്ന സൂചന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന 2020 കാലത്ത് ചൈനയുമായി നിരന്തരം വാണിജ്യ തര്‍ക്കങ്ങളായിരുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെയാണ് ഇതിന് താല്‍കാലിക ആശ്വാസം ഉണ്ടായത്. എന്നാല്‍ ട്രംപ് വീണ്ടും പ്രസിഡന്റാകുന്നതോടെ തര്‍ക്കങ്ങള്‍ തലപൊക്കുകയാണെന്ന് വേണം കരുതാന്‍. ചൈനയില്‍ നിന്നും കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കന്‍ വിപണിയിലെ നിറസാന്നിധ്യമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍. ഇത് തടയണമെന്ന വാദമാണ് എക്കാലവും ട്രംപ് മുന്നോട്ടുവച്ചിരുന്നത്. പ്രസിഡന്റായി ചുമതലയേറ്റടുത്താല്‍ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആദ്യ ദിനം തന്നെ നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം ചൈന എങ്ങനെ ഇതിനെ നേരിടുമെന്നതാണ് നിര്‍ണായകം.

അമേരിക്കയുടെ എക്കാലത്തും വാണിജ്യ എതിരാളിയാണ് ചൈന. അതേസമയം, കാനഡയുമായി അമേരിക്കന്‍ ഭരണകൂടം നല്ല ബന്ധം നിലനിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ട്രംപ് വരുന്നതോടെ ഈ പതിവും തെറ്റും. ചൈനയുടെയും കാനഡയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. മെക്സിക്കോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫും ചുമത്താനാണ് തീരുമാനം.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തിയാല്‍ സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്നവര്‍ വില വര്‍ധിപ്പിക്കും. ഇതിന്റെ അവസാന ഇര വസ്തു വാങ്ങുന്ന വ്യക്തിയാകും. ഉപഭോക്താവിന് ഉയര്‍ന്ന വില നല്‍കേണ്ടിവരും. ഇതോടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്തിരിയും. പകരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഇറക്കുമതി ചെയ്യുന്നവരും ഉപഭോക്താക്കളും നിര്‍ബന്ധിതരാകും. ഇതാണ് ട്രംപിന്റെ തന്ത്രം.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായത് അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കണം എന്ന നിലപാടാണ് ട്രംപിനുള്ളത്. ജോലി സാധ്യതകള്‍ കൂടാനും നിര്‍മാണ രംഗം സജീവമാകാനും ഇത് കാരണമാകുമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. അതേസമയം, ചൈനയും കാനഡയും ഏത് രീതിയില്‍ ഇതിനോട് പ്രതികരിക്കുമെന്നതും നിര്‍ണായകമാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്ന നടപടിയിലേക്ക് ചൈനയും കടന്നേക്കും. പുതിയ വ്യാപാര യുദ്ധത്തിന് ഇത് വഴിയൊരുക്കും.

ട്രംപ് താരിഫ് ഭീഷണി മുഴക്കിയ രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല എന്നത് നിലവില്‍ ആശ്വാസമാണ്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളും ട്രംപിന്റെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ഇടപെട്ടേക്കുമെന്ന് ജിസിസി നേതാക്കള്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, 2016ല്‍ അധികാരത്തിലെയ വേളയില്‍ ട്രംപ് ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം സൗദി അറേബ്യയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരുടെ പതിവ് രീതിക്ക് വിപരീതമായിരുന്നു ഇത്. ജിസിസി രാജ്യങ്ങളുമായി വ്യാപാര ബന്ധം കൂടുതല്‍ ദൃഢമാക്കാനും ട്രംപ് മുന്‍കൈ എടുത്തിരുന്നു. സമാനമായ നടപടി ഇത്തവണയും സൗദി പ്രതീക്ഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam