ഇനി ഇന്ത്യക്കാരുടെ അമേരിക്കന്‍ യാത്രകള്‍ അത്ര എളുപ്പമാകില്ല!

SEPTEMBER 10, 2025, 1:41 PM

വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് യുഎസ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യുഎസ് കുടിയേറ്റേതര വിസകള്‍ക്ക് (നോണ്‍ ഇമിഗ്രന്റ് വിസ -എന്‍ഐവി) അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ വിസ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കില്ല. എന്‍ഐവി വിസകളായ ബി1(ബിസിനസ്), ബി2(ടൂറിസ്റ്റ്) വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവര്‍ക്ക് പൗരത്വമുള്ള മാതൃരാജ്യത്ത് അല്ലെങ്കില്‍ നിയമപരമായി താമസിക്കുന്നിടത്ത് തന്നെ അഭിമുഖ അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് കെട്ടിക്കിടക്കുന്ന വിസ അപേക്ഷകര്‍ കൂടുതലായതിനാല്‍ ഇന്ത്യയില്‍ ബി1, ബി2 വിസ അഭിമുഖ അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് സമയം ഏതാണ്ട് മൂന്ന് വര്‍ഷം വരെ നീണ്ടുപോയിരുന്നു. ഈ സമയത്ത് യുഎസിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്ത് വിസ അപ്പോയിന്റ്മെന്റിന് അപേക്ഷിക്കാനുള്ള അവസരം നല്‍കി. വേഗത്തില്‍ ബിസിനസ്, ടൂറിസ്റ്റ് വിസ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിന് പലരും ആശ്രയിച്ചിരുന്ന രീതിയാണിത്. എന്നാല്‍, പുതിയ നിയന്ത്രണം വന്നതോടെ മറ്റൊരു രാജ്യത്ത് അപ്പോയിന്റ്മെന്റ് നേടാനുള്ള ഈ ഓപ്ഷന്‍ ഇല്ലാതായിരിക്കുകയാണ്. കോവിഡ് പോലൊരു സാഹചര്യം വീണ്ടും വന്നാല്‍ ഈ ഇളവ് ഉപയോഗപ്പെടുത്താനാകില്ല.

ഇന്ത്യയിലെ യുഎസ് കോണ്‍സുലേറ്റുകളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് അന്ന് അത്തരമൊരു ഓപ്ഷന്‍ അനുവദിച്ചത്. പുതിയ പരിഷ്‌കരണത്തോടെ ഈ ഇളവ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പിന്‍വലിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. ടൂറിസം, ബിസിനസ് രംഗത്തുള്ളവരും വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക തൊഴിലാളികള്‍, യുഎസ് പൗരന്മാരുമായി വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തികള്‍ എന്നിവരുമാണ് കുടിയേറ്റേതര വിസ ഉപയോഗിച്ച് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതൊരു താല്‍ക്കാലിക വിസയാണ്.

പുതിയ നയം വെല്ലുവിളിയാകുന്നത് വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും. നേരത്തെ ദുബായ്, ബാങ്കോക്ക് പോലുള്ള സമീപ രാജ്യങ്ങളില്‍ വിസ അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്തുകൊണ്ട് നിരവധി അപേക്ഷകര്‍ക്ക് നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ആ ഓപ്ഷന്‍ ഇല്ലാതായതോടെ ബിസിനസ് മീറ്റിംഗുകള്‍ക്കും കുടുംബ പരിപാടികള്‍ക്കും അല്ലെങ്കില്‍ അവധിക്കാലം ആഘോഷിക്കാനുമായി യുഎസിലേക്ക് എളുപ്പത്തില്‍ പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബുദ്ധിമുട്ട് നേരിടും. ഇത്തരത്തില്‍ നിലവില്‍ മറ്റ് രാജ്യത്ത് അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്തവര്‍ ഇത് വീണ്ടും പുതുക്കേണ്ടതായും വരും.

യുഎസിലേക്കുള്ള യാത്രകള്‍ക്ക് വളരെ നേരത്തെ തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകത പുതുക്കിയ നിയമങ്ങള്‍ എടുത്തുകാണിക്കുന്നു. അപേക്ഷകര്‍ക്ക് മാതൃരാജ്യത്ത് കൂടുതല്‍ പ്രോസസിംഗ് സമയം നേരിടേണ്ടി വരും. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തുകയോ കൂടുതല്‍ ഇളവുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുകയോ ചെയ്യേണ്ടിവരും. ബിസിനസ് യാത്രക്കാര്‍ക്ക് അവസാന നിമിഷം യാത്രകള്‍ ക്രമീകരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത ഇത് ഉയര്‍ത്തുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam