2004ൽ കേരളത്തിൽ 20ൽ 19 സീറ്റിലും യു.ഡി.എഫ് പരാജയപ്പെട്ട കഥ..!

FEBRUARY 20, 2025, 12:19 AM

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ തോൽവി ആന്റണിയെ വല്ലാതെ തളർത്തിക്കളഞ്ഞു. ഇത്രവലിയൊരു പരാജയം ഉമ്മൻചാണ്ടിയും പ്രതീക്ഷിച്ചില്ല. താമസിയാതെ പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഉമ്മൻചാണ്ടിയോടുപോലും ആലോചിക്കാതെയാണ് ആന്റണി രാജിവെച്ചത്. അത്ഭുതത്തേക്കാളേറെ അമ്പരപ്പാണ് ഉമ്മൻചാണ്ടിക്കുണ്ടായി.

ബി.ജെ.പി സർക്കാർ പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേയാക്കിയപ്പോൾ വീണ്ടും ഐക്യത്തിന്റെ കാഹളം മുഴങ്ങി. കെ. മുരളീധരനെ മന്ത്രിയാക്കി. പത്മജയെ മുകുന്ദപുരത്ത് സ്ഥാനാർഥിയാക്കി. കരുണാകരനും ആന്റണിയും വീണ്ടും കെട്ടിപ്പിടിച്ചു. തങ്ങൾ ഒറ്റക്കെട്ടാണെന്ന് അണികളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ 2004 മേയ് 13ന് ഫലം വന്നപ്പോൾ 20ൽ 19 സീറ്റിലും യു.ഡി.എഫ് പരാജയപ്പെട്ടു. നിയമസഭയിലേക്ക് മത്സരിച്ച മുരളീധരൻ വടക്കാഞ്ചേരിയിൽ തോറ്റു. പൊന്നാനിയിൽ ഇ. അഹമ്മദ് മാത്രമാണ് ജയിച്ചത്.

തൃശൂരിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച കരുണാകരൻ ആയിരം വോട്ടുകൾക്ക് സി.പി.ഐയിലെ വി.വി. രാഘവനോട് തോറ്റു. കരുണാകര പക്ഷത്തുനിന്നും കൂറുമാറിയ എല്ലാവരെയും ഐ ഗ്രൂപ്പുകാരും തിരഞ്ഞുപിടിച്ചു തോൽപ്പിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന കരുണാകരന്റെ തോൽവി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറി. പിന്നീടൊരിക്കലും ദേശീയ തലത്തിലും കേരളത്തിലും അദ്ദേഹത്തിന് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam


എന്നാൽ എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് രാജ്യാന്തരതലത്തിൽ അധികാരത്തിലേറി. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ആന്റണിയും ഉമ്മൻചാണ്ടിയും കരുണാകരനും ഒരുപോലെ ആഗ്രഹിച്ച കാര്യം. എന്നാൽ വിദേശ വനിത എന്ന ന്യായം പറഞ്ഞ് ബി.ജെ.പി രംഗത്തുവന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയായാൽ തലമുണ്ടനും ചെയ്യുമെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് സുഷ്മാ സ്വരാജ് ഭീഷണിപ്പെടുത്തി. എല്ലാ തരത്തിലുള്ള പ്രതിപക്ഷ പ്രതിബന്ധങ്ങളെ അതിജീവിച്ച് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. കോൺഗ്രസുകാർ ഒന്നടങ്കം ആഗ്രഹിച്ചതും അതുതന്നെ.

സോണിയയുടെ അതിശക്തമായ നേതൃത്വപാടവത്തോടുകൂടിയാണ് കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചുവന്നത്. എന്നാൽ സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിക്കുകയാണ് ഉണ്ടായത്. അധികാര രാഷ്ട്രീയ രംഗത്ത് അസാധാരണമായ അനുഭവമായി ഇത് ലോകം വിശേഷിപ്പിച്ചു. 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അതിദയനീയമായ പരാജയത്തെ തുടർന്നാണ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ മനസില്ലാ മനസ്സോടെ ആണെങ്കിലും സോണിയ ഗാന്ധി തയ്യാറായത്. തന്റെ പ്രിയങ്കരനായ ഭർത്താവിന്റെയും ഭർത്താവിന്റെ മാതാവിന്റെയും അതിദാരുണമായ അന്ത്യം നേരിൽകണ്ട് വിറങ്ങലിച്ചു നിന്ന് സോണിയ, ഇന്ത്യയിലെ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന കുടുംബത്തിൽ നിന്ന് കരുത്ത് ആർജിച്ച് ആ പദവിയിൽ ഇരുന്ന് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു.

vachakam
vachakam
vachakam

സത്യത്തിൽ പാർട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുത്തതിനുശേഷമാണ് ഉമ്മൻചാണ്ടി സോണിയ ഗാന്ധിയുമായി കൂടുതൽ അടുത്തത്. അതിനുമുമ്പ് എല്ലാം ദൂരെ നിന്ന് കണ്ടിട്ടുണ്ടെന്ന് മാത്രം..! എത്ര സങ്കീർണമായ രാഷ്ട്രീയ വിഷയമായാലും അത് ശ്രദ്ധയോടെ കേൾക്കാനും ഗ്രഹിക്കാനും അതീവ കഴിവുള്ള സ്ത്രീ. പലപ്പോഴും അവരുടെ ഈ കഴിവ് കണ്ട് ഉമ്മൻചാണ്ടി അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ തന്ത്രവും അറിയാത്ത ഒരു കുടുംബത്തിൽ നിന്ന് വന്ന സോണിയ ഗാന്ധി ഭർത്താവിന്റെ വീട്ടിലെ അന്തരീക്ഷത്തിൽനിന്ന് കാര്യങ്ങൾ കാണുകയും പഠിക്കുകയും അത്, ഗ്രഹിക്കുകയും ചെയ്തു. തികച്ചും സരളമായിരുന്നു അവരുടെ സമീപനം. അവസരത്തിനൊത്ത് ഉയരാനുള്ള കഴിവ്, ആരു പറയുന്നത് കേൾക്കാനും അതിലെ ശരി തെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം.

നെഹ്‌റു ഇന്ദിരാ കുടുംബത്തെ പറ്റി ബി.ജെ.പിയും മറ്റു ചില പ്രതിപക്ഷ കക്ഷികളും കുറ്റം പറഞ്ഞേക്കാം, ആ കുടുംബം കോൺഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഭാഗമാണ്. ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യക്കുവേണ്ടി വരിച്ച രക്തസാക്ഷിത്വം ജനങ്ങൾ ഒരുകാലത്തും മറക്കില്ല, അവർ ചിന്തിയ ജീവ രക്തത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം ആർക്ക് വിസ്മരിക്കാൻ ആകും.  നരസിംഹറാവു ആണ് മൻമോഹൻസിംഗിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും ഇന്ത്യയുടെ ധനമന്ത്രി ആക്കിയതും. എന്നാൽ അദ്ദേഹത്തിന്റെ കഴിവുകളിൽ പൂർണ്ണമായി വിശ്വാസം അർപ്പിച്ച് സോണിയ ഗാന്ധി മൻമോഹൻസിംഗിനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ എത്തിച്ചു.

സോണിയ ഗാന്ധി മൻമോഹൻ സിംഗ് ഒത്ത് രാഷ്ട്രപതിയെ കാണാൻ പോയത് ഇപ്പോഴും ഓർക്കുകയാണ് ഉമ്മൻചാണ്ടി. സിംഗിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് സോണിയ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ധനതത്വ ശാസ്ത്രജ്ഞന്മാരിൽ ഒരാളായ മൻമോഹൻ സിങ്ങ് വിദേശരാജ്യങ്ങളിൽ, കഴിവുള്ള പല നേതാക്കളും മൻമോഹൻസിംഗിന്റെ ആരാധകരായി മാറിയത് ചരിത്രം.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പിലെ തോൽവി ആന്റണിക്ക് കടുത്ത ആഘാതമാണെൽപ്പിച്ചത്. ഇത്രവലിയൊരു പരാജയം ഉമ്മൻചാണ്ടിയും പ്രതീക്ഷിച്ചില്ല. താമസിയാതെ പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഉമ്മൻചാണ്ടിയോടുപോലും ആലോചിക്കാതെയാണ് ആന്റണി രാജിവെച്ചത്. അത്ഭുതത്തേക്കാളേറെ അമ്പരപ്പാണ് ഉമ്മൻ ചാണ്ടിക്കുണ്ടായി. കേരളത്തിൽ കോൺഗ്രസ് പാർട്ടി ഇനി സ്വീകരിക്കേണ്ട അനന്തര നടപടികളെ കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റിയെ നിയോഗിക്കാൻ തന്നെ ഹൈക്കമാൻഡ് തീരുമാനിച്ചു. അതിന്റെ ഫലമായി മാർഗ്ഗരേറ്റ് ആൽവ, ആർ.എൽ. ഭാട്യാ എന്നിവരെ ഹൈക്കമാൻഡ് കേരളത്തിലെ കാര്യങ്ങൾ പഠിക്കാനായി വിട്ടു. അവർ നീണ്ട 3 ദിവസം സംസ്ഥാന നേതാക്കളും അഭ്യുദയകാംക്ഷികളായ കോൺഗ്രസ് പ്രവർത്തകരെയും കണ്ട് സംസാരിച്ചു. 

മുഴുവൻ എം.എൽ.എമാരുടെയും പിന്തുണ എ.കെ ആന്റണിക്ക് ഉണ്ടായിരുന്നു. കേരളത്തിൽനിന്ന് ഒരാൾ പോലും ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതിന് കാരണം തോൽവിയുടെ കാര്യത്തിൽ മറ്റുള്ളവർക്കുള്ളതിൽ കൂടുതൽ ഉത്തരവാദിത്വം ഒന്നും ആർക്കുമുണ്ടായിരുന്നില്ല. കോൺഗ്രസുകാർ പരസ്പരം കാലു വാരിയതിന് ആന്റണിക്ക് എന്തുചെയ്യാൻ കഴിയും..! പതിവിലേറെ വിട്ടുവീഴ്ചകൾക്ക് ആന്റണി എപ്പോഴും തയ്യാറുമായിരുന്നു. സ്വസ്ഥമായി ഭരിക്കാൻ ആന്റണിയെ വിട്ടില്ല എന്നതാണ് സത്യം! കേരളത്തെ  നിരീക്ഷിക്കുന്ന ആർക്കും കോൺഗ്രസ് രാഷ്ട്രീയത്തിലെ അക്കാലത്തെ പോക്കിനെ കുറിച്ച് മനസ്സിലാക്കാൻ വലിയപ്രയാസമൊന്നും ഉണ്ടാകില്ല. 

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ. കരുണാകരൻ എ.കെ. ആന്റണി എന്ന ദ്വന്ദങ്ങൾ നിയന്ത്രിച്ചിരുന്ന 30 വർഷം നീണ്ട കാലഘട്ടം 2004 ഓടുകൂടി അവസാനിക്കുകയായിരുന്നു.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam