ആളും ആരവവും ചേർന്ന് തിരക്കേറിയ ഇലക്ഷൻ വിപണി ഒന്നുകൂടി സജീവമായിരിക്കുന്നു. ഏതെടുത്താലും പത്തുരൂപ എന്ന് പറഞ്ഞതുപോലെ, മുന്നണികളും നേതാക്കളും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന പരസ്യങ്ങൾ വാരിവിതറുന്നു. പ്രചരണ കാലത്തിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെ, തമിഴ്‌നാട് മോഡൽ ഓഫർ പെരുമഴയാണ് കേരളത്തിലും.
മുൻകൂർ കൂട്ടിയിട്ട വിലയിൽ കിഴിവ് നൽകി സീസൺ ഉഷാറാക്കുന്നതുപോലെ എളുപ്പമല്ല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. പിന്നീട് അവ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യത ആര് ഏറ്റെടുക്കും എന്നത് രാഷ്ട്രീയ സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും കാര്യമാണ്. നരേന്ദ്ര മോദി 2014ൽ നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പലതും പിന്നീട് ജലരേഖയായത് ചരിത്രമാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയാണ് അദ്ദേഹം പറഞ്ഞത് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം എത്തുമെന്ന്! ഇന്ത്യയിലെ മുതലാളിമാർ വിദേശ ബാങ്കുകളിൽ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് എത്തിക്കുമെന്നായിരുന്നു സ്വപ്‌ന വാഗ്ദാനം.
ഭരണത്തിലേറി കാലാവധി പൂർത്തിയാകാറായിട്ടും അതെപ്പറ്റി പിന്നീട് ഒന്നും പറഞ്ഞു കേട്ടില്ല. എങ്കിലും ആ പണം എവിടെ എന്ന ചോദ്യം ഇടയ്ക്കിടെ ഉയർന്നുകൊണ്ടിരുന്നു. അപ്പോഴാണ് ചിലർക്ക് വിവരാവകാശം വഴി വിവരം തേടാൻ തോന്നിയത്. എന്നിട്ടും മറുപടി ലഭിക്കാതെ വന്നപ്പോൾ വിവരാവകാശ കമ്മീഷൻ തന്നെ ഈ ചോദ്യം ഉന്നയിച്ചു. എന്നാൽ മോദിയുടെ വാഗ്ദാനം വിവരാവകാശത്തിന്റെ ' വിവരം' എന്ന ഗണത്തിൽ ഉൾപ്പെടുന്നില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. നോട്ട് നിരോധനത്തിന് പിന്നാലെ വടക്കേ ഇന്ത്യയിലെ ഒരു വിവരാവകാശ പ്രവർത്തകനായിരുന്നു ചോദ്യം ഉന്നയിച്ചത്.
പ്രധാനപ്പെട്ട ചോദ്യം ഇന്ത്യയുടെ അന്തരീക്ഷത്തിൽ അങ്ങനെ തങ്ങിനിന്നു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലെന്നും ഇത് പ്രതിപക്ഷപാർട്ടികളുടെ കെട്ടുകഥ മാത്രമാണെന്നും പ്രകടനപത്രികയിൽ അത്തരം ഒരു കാര്യം ഉണ്ടായിരുന്നില്ലെന്നും ബി.ജെ.പി നേതൃത്വം പിന്നീട് അനൗപചാരികമായി വിശദീകരിക്കുന്നത് നാം കണ്ടു.
ആരുടെ ഗ്യാരണ്ടി ?
'കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. ഇത് മോദിയുടെ ഗ്യാരണ്ടി ' കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തൃശൂരും പാലക്കാട്ടും എത്തിയപ്പോൾ ഇത്തവണ മോദി നൽകിയ വാക്കാണിത്. ഭരണം കിട്ടുന്നതിനു മുൻപ് നൽകുന്ന മോഹന വാഗ്ദാനങ്ങൾ പോലെയല്ല ഭരണത്തിലിരിക്കെ ജനങ്ങൾക്ക് നൽകുന്ന വാക്കുകൾ. അതുകൊണ്ട് കേരളത്തിലെ കർഷക സമൂഹം മോദിയെ അവിശ്വസിക്കുന്നില്ല. പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്ത ബി.ജെ.പിക്ക് കേരളത്തിന് നൽകാവുന്ന ഈ വാക്ക് അങ്ങനെ തന്നെ നിലനിൽക്കും എന്ന് വിശ്വസിക്കാം.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾ, വിദ്യാർത്ഥികൾ, ചെറുകിട ബിസിനസുകാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ഒരു കൂട്ടം ക്ഷേമ നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഞ്ച് ഗ്യാരണ്ടി പദ്ധതികൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര നൽകും. സ്ത്രീകളുടെ ദൈനംദിന യാത്രയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനാണ് ഈ നടപടിയത്രെ.
കെ.എസ്.ആർ.ടി.സിയിൽ അങ്ങനെ സൗജന്യം നൽകിയാൽ മൂന്നുമാസത്തിനകം കോർപ്പറേഷൻ അടച്ചു പൂട്ടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ കയ്യോടെ പറഞ്ഞു. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ.
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നൽകുമെന്ന് അടുത്ത വാഗ്ദാനം. ഇത് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും പഠനം നടത്തുന്ന യുവതികളെ പിന്തുണയ്ക്കുന്നതിനും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കോൺഗ്രസ് നേതാവ് പ്രഖ്യാപിച്ചു. ചെറുകിട ബിസിനസുകൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. അതിനിടെ ആവേശം മൂത്ത് ചിറയിൻകീഴിൽ രമ്യ ഹരിദാസ് സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് മാതൃക ബസ് യാത്ര നടത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പെരുമാറ്റചട്ട ലംഘന പരാതിയായി എത്തി.
യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമാവുകയും ചെയ്തു. ഭരണത്തുടർച്ച ലഭിച്ചാൽ നിലവിലെ വികസന പദ്ധതികൾക്കും തുടർച്ച ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ ഓഫർ. അക്കാരണത്താൽ പ്രത്യക്ഷത്തിൽ കാണാവുന്ന വാഗ്ദാന പെരുമഴ ഇടത്തുനിന്ന് പെയ്യുന്നില്ല. ബി.ജെ.പിയോട് കൈകോർത്ത ട്വന്റി20 കിഴക്കമ്പലം മോഡലിൽ സംസ്ഥാനത്താകെ ഭക്ഷ്യസുരക്ഷാ മാർക്കറ്റാണ് വാഗ്ദാനം ചെയ്യുന്നത്.
ആറന്മുള മണ്ഡലത്തിൽ സൗരോർജ്ജ വൈദ്യുത പ്ലാന്റാണ് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ ഓഫർ. തണ്ണീർത്തടങ്ങൾക്ക് മുകളിൽ സോളാർപാനലുകളിൽ സ്ഥാപിച്ച് വൈദ്യുതോല്പാദനമാണ് ലക്ഷ്യം. നടപ്പാക്കപ്പെടുമെങ്കിൽ കേരളം ആകെ വ്യാപിപ്പിക്കാവുന്ന മഹത്തായ ഒരു പദ്ധതിയാണ് കുമ്മനം മുന്നോട്ടു വച്ചിരിക്കുന്നത്.
തമിഴിൽ സൂപ്പർ ഹിറ്റ്
സൂപ്പർതാരം വിജയ് ടി.വി.കെ. ആരാധകരായ യുവാക്കളെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രിക, 29 കഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. ഡിപ്ലോമധാരികൾക്ക് 2000 രൂപ നൽകും. തങ്ങൾക്ക് അധികാരം ലഭിച്ചാൽ, പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി. തലം വരെയുള്ള പഠനത്തിന് 20 ലക്ഷം രൂപവരെ ഈടില്ലാത്ത പലിശരഹിതവായ്പ ലഭ്യമാക്കുമെന്ന് ടി.വി.കെ. പ്രകടന പത്രികയിൽ പറയുന്നു.
സ്വകാര്യ, പൊതുമേഖലകളിൽ ഇന്റേൺഷിപ്പ് ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഈടൊന്നുമില്ലാതെ 25 ലക്ഷം രൂപ വരെ പലിശരഹിതവായ്പ. തൊഴിലവസരങ്ങളുടെ 75 ശതമാനം തമിഴ്‌നാട്ടുകാർക്ക് മാറ്റിവെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതിനിരക്കിലും ഇളവ്.
യുവാക്കളെ ലക്ഷ്യമായിട്ടുള്ള ഈ തമിഴ് പ്രകടനപത്രികയുടെ മറ്റൊരു പതിപ്പാണ് കേരളത്തിൽ കോൺഗ്രസ് പരീക്ഷിക്കുന്നതെന്ന് അനുമാനിക്കാം. ഇരുപതിനും നാൽപതിനും മദ്ധ്യേ പ്രായമുള്ള വോട്ടർമാരെ ലക്ഷ്യമിടുന്ന വാഗ്ദാനങ്ങളാണ് അധികവും. പി.ആർ ഏജൻസികൾ നൽകുന്ന ചടുലമായ പരസ്യ വാചകങ്ങളിൽ നിറയുന്നത് മുഴുവൻ യുവാക്കളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആണ്. ആ നിലയ്ക്ക് പുതു വോട്ടർമാർ ഓരോ പ്രകടനപത്രികയിലേക്കും പ്രത്യാശയോടെയാണ് നോക്കുന്നത്.
എന്നാലും ഈ ഓഫറുകൾക്കെല്ലാമപ്പുറം പൊതു സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ആര് അധികാരത്തിൽ വന്നാലും കണ്ണ് എത്തുമോ എന്നതാണ് സുപ്രധാനമായ, മറുപടി കിട്ടേണ്ട ചോദ്യം. അതിനു കൂടിയുള്ള തെരഞ്ഞെടുപ്പാവണം 2026ന്റേത് എന്ന് പ്രത്യാശിക്കാം.
പ്രിജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

വെനിസ്വേലയുടെ ഡെൽസി റോഡ്രിഗസിനെതിരായ ഉപരോധം ട്രംപ് ഭരണകൂടം നീക്കി
ഇസ്രയേലിന് യുദ്ധ സഹായം നൽകിയാൽ അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു ഓകാസിയോ-കോർടസ്
തെറ്റായ ടവറുമായി ബന്ധപ്പെട്ടു: ന്യൂയോർക്കിൽ ലാൻഡിംഗ് ശ്രമത്തിനിടെ ഡെൽറ്റ വിമാനത്തിന് ഉണ്ടായത് ആശങ്കാജനകമായ പിഴവ്
നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്; അനുനയ ചർച്ചകൾക്കായി